ന്യൂഡൽഹി: സാധാരണ ഗതിയിൽ കെപിസിസി പുനഃസംഘടിപ്പിക്കുമ്പോൾ ഭാരവാഹികളായി ഇടംപിടിക്കാൻ വേണ്ടി ഡൽഹിയിൽ കാത്തു കെട്ടി കിടക്കുക നിരവധി നേതാക്കളാണ്. എന്നാൽ, കെ സുധാകരൻ കൊണ്ടുവന്ന സെമി കേഡർ പദ്ധതിയോടെ കോൺഗ്രസിൽ മാറ്റങ്ങൾ വന്നു തുടങ്ങി. ഇപ്പോൾ ഡൽഹി കേരളാ ഹൗസിൽ പതിവു തിരക്കും തള്ളിക്കയറ്റവുമില്ല. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അടക്കമുള്ളവർ ചർച്ചകൾ നടത്തുന്നു. അസ്വാരസ്യങ്ങൾ ഒഴിവാക്കാൻ വേണ്ടി മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി ചർച്ച നടത്തുന്നു. ഇത്രയും കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ ഡൽഹിയിൽ നടക്കുന്നത്.

ഭാരവാഹി പട്ടിക സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചകൾ സംസ്ഥാന നേതൃത്വം പൂർത്തിയാക്കി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനു പട്ടിക ഇന്നു കൈമാറിയേക്കും. ഇന്ന് തന്നെ പ്രക്യാപനവു ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഡിസിസി പട്ടികയിലെ അതൃപ്തി പൊട്ടിത്തെറിയിൽ എത്തിയ സാഹചര്യത്തിൽ ആ സാഹചര്യം ഇനിയും ആവർത്തിക്കാതിരിക്കാൻ സുധാകരനും സതീശനും മുൻകൈയെടുക്കുന്നുണ്ട്.

ഡൽഹിയിൽ ചർച്ചയ്ക്കായി എത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്നലെ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഫോണിൽ വിളിച്ചു. ജംബോ പട്ടിക അല്ലാത്തതിനാൽ, ഭാരവാഹിത്വം പ്രതീക്ഷിക്കുന്നവരിൽ ചിലർ പുറത്തായേക്കും. പട്ടിക ഹൈക്കമാൻഡ് പ്രഖ്യാപിക്കുമ്പോൾ പാർട്ടിക്കുള്ളിൽ പ്രതിഷേധമുയരാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും അത് അതിരുവിടാതിരിക്കാനുള്ള ജാഗ്രത സംസ്ഥാന നേതൃത്വം പാലിക്കുന്നു.

വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭാരവാഹിത്വത്തിനുള്ള പൊതുമാനദണ്ഡങ്ങളിൽ ചില ഇളവുകൾ വരുത്തും. ജില്ലാ (ഡിസിസി) പ്രസിഡന്റുമാരുടെ പട്ടികയിൽ ഒരു വനിതയെ പോലും ഉൾപ്പെടുത്താൻ സാധിക്കാത്തതിന്റെ പേരിലാണിത്. വൈസ് പ്രസിഡന്റ് പദവിയിലേക്ക് പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തി. ചർച്ച പൂർത്തിയാക്കി സതീശൻ ഇന്നലെ കേരളത്തിലേക്കു മടങ്ങി. പട്ടിക കൈമാറുന്നതിനു സുധാകരൻ ഡൽഹിയിൽ തുടരുകയാണ്.

പതിവ് അസ്വാര്യസങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെയാണ് കെപിസിസി പുനഃസംഘടന ചർച്ചകൾ നേതൃത്വം പൂർത്തിയാക്കിയത്. ഡിസിസി പട്ടികയിലെ വിമർശനങ്ങൾ കണക്കിലെടുടത്ത് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചർച്ചകളെന്നാണ് വ്യക്തമാകുന്നത്. ശിവദാസൻ നായർ, വി എസ് ശിവകുമാർ കുമാർ, വി പി സജീന്ദ്രൻ, വിടി ബൽറാം, ശബരീനാഥൻ, എന്നിവർ ഭാരവാഹികളായേക്കും.

പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന എവി ഗോപിനാഥിനെയും പട്ടികയിൽ ഉൾപ്പെടത്താനിടയുണ്ട്. ജമാൽ മണക്കാടന്റെ പേര് ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ പത്മജ വേണുഗോപാൽ ബിന്ദു കൃഷ്ണ എന്നിവർ ഭാരവാഹികളായേക്കും. ബിന്ദുവിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്. സുമ ബാലകൃഷ്ണൻ, ജ്യോതി വിജയകുമാർ അടക്കമുള്ളവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്.

ജംബോ പട്ടിക ഒഴിവാക്കി 51 ഭാരവാഹികൾ അടങ്ങുന്നതാകും പട്ടികയെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നത്. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കെ സുധാകരനും വിഡി സതീശനും നാല് തവണ ചർച്ച നടത്തിയിട്ടുണ്ട്. പതിവിന് വിരുദ്ധമായി ഭംഗിയായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് സുധാകരനും സതീശനും.