തിരുവനന്തപുരം: കോൺഗ്രസ് അംഗത്വ വിതരണത്തിൽ സംസ്ഥാന നേതൃത്വം വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം. ഈ നിലപാട് അംഗത്വത്തിന്റെ എണ്ണത്തെ ബാധിച്ചെന്നും അംഗത്വ വിതരണം വൈകിയത് തിരിച്ചടിയായെന്നും വിലയിരുത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പും യോഗത്തിൽ ചർച്ചയായി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ കുറിച്ച് അവലോകനം നടത്തി. നേതൃതലത്തിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സ്ഥാനാർത്ഥി നിർണ്ണയം വൈകരുതെന്നും തീരുമാനിച്ചു.

50 ലക്ഷം അംഗത്വം എന്ന സംഖ്യയാണ് നേതൃത്വം ലക്ഷ്യമിട്ടിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം വരെ 10.4 ലക്ഷം അംഗത്വമാണ് ഡിജിറ്റലായി ചേർത്തിരിക്കുന്നത്. പേപ്പർ രൂപത്തിൽ നൽകിയ അംഗത്വത്തിന്റെ പൂർണ്ണമായ കണക്ക് ഇത് വരെ നേതൃത്വത്തിന് ലഭിച്ചിട്ടില്ല.

കേരളത്തിൽ ഇതാദ്യമായാണ് ഡിജിറ്റൽ അംഗത്വ വിതരണം നടത്തുന്നത്. പരിശീലനം ലഭിച്ച പ്രവർത്തകർ വീടുകളിൽ കയറിയിറങ്ങി ഡിജിറ്റൽ അംഗത്വം നൽകാനായിരുന്നു പദ്ധതി. ഇത് വേണ്ടത്ര വിജയിച്ചില്ല. അതിന് ശേഷമാണ് മാർച്ച് 24ന് പേപ്പർ രൂപത്തിലുള്ള അംഗത്വ വിതരണം നടത്താൻ ഹൈക്കമാൻഡ് അനുമതി നൽകിയത്. ഇതാണ് കേരളത്തിലെ അംഗത്വ വിതരണം വൈകാനുണ്ടായ കാരണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം.

അതിവിടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് പി.ജെ കുര്യനെതിരേ നടപടി വേണമെന്ന് ആവശ്യവും കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉയർന്നു. തൃശ്ശൂർ എംപി ടി.എൻ പ്രതാപനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. പി.ജെ കുര്യൻ, കെ.വി തോമസ് എന്നിവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറ്റ് ചർച്ചകളുണ്ടായില്ല.

രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുക്കുമെന്നാണ് പി.ജെ കുര്യൻ കഴിഞ്ഞ ദിവസം അറിയിച്ചതെങ്കിലും പങ്കെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുക്കുന്നില്ലെന്നാണ് അറിയിച്ചതെങ്കിലും രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുക്കാതെ മനപ്പൂർവം മാറിനിന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുര്യനെതിരെ നടപടിക്ക് ഹൈക്കമാൻഡിനോട് ശുപാർശ ചെയ്യണമെന്നാണ് ടി.എൻ പ്രതാപൻ യോഗത്തിൽ ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാൽ പി.ജെ കുര്യൻ, കെ.വി തോമസ് എന്നിവരുടെ കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നതാണ് കെപിസിസിയുടെ പക്ഷം.