കോഴിക്കോട് ; ശബരിമല സന്നിധാനത്ത് സംഘർഷങ്ങൾക്ക് നേതൃത്വം കൊടുത്തതിന് റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രനു വേണ്ടി കോൺഗ്രസ് നേതാവ് രംഗത്ത്. കെപിസിസി നിർവാഹക സമിതിയംഗം പി എം നിയാസാണ് കോഴിക്കോട് ആർഎസ്എസ് അനുകൂലികൾ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷകനായി പങ്കെടുത്തത്. ജസ്റ്റിസ് ഫോർ കെ സുരേന്ദ്രൻ എന്ന പരിപാടിയിലാണ് നിയാസ് പങ്കെടുത്തത്. എന്നന്നേക്കുമായി സുരേന്ദ്രനെ കാരാഗൃഹത്തിൽ അടയ്ക്കാമെന്ന് കരുതേണ്ടെന്നും പറഞ്ഞാണ് നിയാസ് പ്രസംഗം അവസാനിപ്പിക്കുന്നത്.

20വർഷമായി കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായ നിയാസ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ്. കോഴിക്കോട് കോർപ്പറേഷനിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവായ നിയാസ് യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും മുൻ ജില്ലാ പ്രസിഡന്റായിരുന്നു. ചെന്നിത്തല അറിയാതെ നിയാസ് ഇത്തരം യോഗങ്ങളിൽ പങ്കെടുക്കില്ലെന്നാണ് എതിർ വിഭാഗം ഉയർത്തുന്ന ആരോപണം. മുൻപ് ബിജെപി യോഗത്തിൽ പങ്കെടുത്തതിന് ജി രാമൻ നായരെ സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് ജി രാമൻ നായർ ബിജെപിയിൽ ചേർന്നിരുന്നു.

ഇല്ലാത്ത കേസുകളുടെ പേരിലാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്നും അടിയന്തരാവസ്ഥയിൽ പോലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നിയാസ് വാദിച്ചു. ശബരിമല വിഷയത്തിൽ കൊടിപിടിക്കാതെ ബിജെപിക്കൊപ്പം സമരത്തിന് പോകാമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. സ്ത്രീപ്രവേശന വിഷയത്തിൽ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമെന്നുമായിരുന്നു കേരളത്തിലെ നേതൃത്വത്തിന്റെ പ്രതികരണം.

അതേസമയം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ തടവിലിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോഴിക്കോട്ട് നടന്ന കൂട്ടായ്മയിൽ ഡോ. എം.ജിഎസ് നാരായണൻ പറഞ്ഞു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് സംഘടിപ്പിച്ച
മനുഷ്യാവകാശ കൂട്ടായ്മയിലായിരുന്നു ഡോ. എം.ജിഎസിന്റെ പ്രതികരണം.

ഭയപ്പാടിന്റെ അന്തരീക്ഷമാണ് എങ്ങുമുള്ളതെന്നും സുരേന്ദ്രൻ ഒരു പ്രതീകം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പരിഷ്‌കൃത സമൂഹത്തിൽ ജീവിക്കുന്നവർ കേരളത്തിൽ എന്തു സംഭവിക്കുന്നു എന്ന് അത്ഭുതപ്പെടുകയാണ്. വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും സമരം ചെയ്യേണ്ടിവരുന്നു. ബ്രിട്ടീഷുകാർ പോയതിന് ശേഷം സ്വാതന്ത്ര്യം ലഭിക്കുമെന്നായിരുന്നുപ്രതീക്ഷിച്ചിരുന്നത്.

ബ്രിട്ടീഷുകാർ നാടുനീങ്ങിയിട്ടും ലോകത്തെ ഏറ്റവും നല്ല ഭരണഘടന നിലവിൽ വന്നിട്ടും അതിൽ മൗലികാവകാശം എഴുതിച്ചേർത്തിട്ടും തോണി തിരുനക്കര തന്നെയാണ്.കാലം കഴിയുന്തോറും മനുഷ്യാവകാശലംഘനങ്ങളും വ്യക്തിപീഡനങ്ങളും കൂടുകയാണ്. കെ. സുരേന്ദ്രനെ വീണ്ടും വീണ്ടും പീഡിപ്പിക്കുന്നത് ഇതിന്റെ തെളിവാണ്. ഈ സമരത്തിൽ നിന്ന് പിന്മാറാൻ പാടില്ലെന്നും കൂടുതൽ കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.