- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയോട് 'നോ കോപ്രമൈസ്' പറയുന്ന കെ സുധാകരന് കരുത്തായി ഒപ്പം രൂക്ഷ വിമർശകനായ പി ടി തോമസ്; സഭയ്ക്കുള്ളിൽ സർക്കാറിനെ തിരുത്താൻ സതീശൻ; എ ഗ്രൂപ്പ് കേഡറിൽ നിന്നും ടി സിദ്ധിഖും; ദളിത് പ്രാതിനിധ്യത്തിൽ കൊടിക്കുന്നിൽ; കോൺഗ്രസിനെ രക്ഷിക്കാനവുള്ള ഹൈക്കമാൻഡ് ടീം ഇങ്ങനെ
തിരുവനന്തപുരം: പിണറായി വിജയന് തുടർഭരണം ലഭിച്ചതോടെ കോൺഗ്രസിന്റെ അനുഭാവികളിൽ ഉണ്ടായ നിരാശയിൽ നിന്നുമാണ് പുതിയ നേതാവായി കെ സുധാകരന്റെ ഉയർത്തെഴുനേൽപ്പ്. ഹൈക്കമാൻഡ് കണ്ണൂർ നേതാവായ സുധാകരന് കൈ കൊടുക്കുമ്പോൾ ഒപ്പം ടീമാകാൻ പിണറായി വിരുദ്ധരായ ഒരു കൂട്ടവും നേതൃനിരയിലുണ്ട്. ഇതിൽ പ്രധാന പി ടി തോമസാണ്. കെപിസിസി അധ്യക്ഷ പദവിയിലേക്കും പി ടി തോമസിനെ പരിഗണിച്ചെങ്കിലും അദ്ദേഹത്തെ വർക്കിങ് പ്രസിഡന്റ് ആക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്. പിണറായി വിജയന്റെ കടുത്ത വിമർശനകാണ് പി ടി തോമസ്. തികഞ്ഞ മതേതരവാദിയും.
ഇതിനൊപ്പം കെപിസിസി വർക്കിങ് പ്രസിഡന്റായി എ ഗ്രൂപ്പ് കേഡറായ ടി സിദ്ദിഖിനെയും നിയോഗിച്ചിട്ടുണ്ട്. പ്രസിഡന്റ് പദവിയിലേക്ക് നോക്കിയിരുന്ന കൊടിക്കുന്നിൽ സുരേഷിന് വർക്കിങ് പ്രസിഡന്റ് സ്ഥാനത്തു തന്നെ തുടരുകയും ചെയ്യാം. അതേസമയം കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ.വി.തോമസിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട് ഹൈക്കമാൻഡ്. ഗ്രൂപ്പുകളുടെ എതിർപ്പുകൾ മറികടന്നാണ് സുധാകരനെ പ്രസിഡന്റായി നിയമിക്കാനുള്ള ഹൈക്കമാൻഡ് തീരുമാനമുണ്ടായത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ ശക്തനായൊരു നേതാവ് വേണമെന്നും അതിന് ഏറ്റവും അനുയോജ്യൻ കെ.സുധാകരനാണെന്നുമുള്ള അണികളുടെ പൊതുവികാരം ഹൈക്കമാൻഡ് ചെവിക്കൊള്ളുകയായിരുന്നു. ഉത്തരവാദിത്തത്തോടെ പുതിയ സ്ഥാനം ഏറ്റെടുക്കുന്നെന്നും പാർട്ടിയെ തിരികെ കൊണ്ടുവരാനുള്ള ദൗത്യം സത്യസന്ധമായി നിർവഹിക്കുമെന്നും സുധാകരൻ പറഞ്ഞു. മുതിർന്ന നേതാക്കൾക്കിടയിൽ സമവായമുണ്ടാക്കി പ്രഖ്യാപനം നടത്താനായിരുന്നു ഹൈക്കമാൻഡ് താൽപര്യം. ഇതിനായി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായും ജനപ്രതിനിധികളുമായും വിപുലമായ ആശയവിനിയമം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നടത്തിയിരുന്നു.
പക്ഷേ, ചർച്ചകളോട് ഗ്രൂപ്പ് നേതാക്കൾ സഹകരിച്ചില്ല. ഇതോടെ ഗ്രൂപ്പ് താൽപര്യങ്ങൾ വകവയ്ക്കാതെ മുന്നോട്ട് പോകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നിർദ്ദേശം നൽകുകയായിരുന്നു. സംഘടനാ തലത്തിൽ അണികളെ ഊർജസ്വലരാക്കാനും പ്രതിപക്ഷമെന്ന നിലയിലുള്ള പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് മൂർച്ച കൂട്ടാനും സുധാകരന്റെ പ്രവർത്തന ശൈലിക്ക് കഴിയുമെന്നും ഹൈക്കമാൻഡ് പ്രതീക്ഷിക്കുന്നു.
വി.ഡി. സതീശനിലൂടെ തുടങ്ങിവച്ച തലമുറമാറ്റ പരീക്ഷണത്തിനാണ് കെ.സുധാകരനിലൂടെ ഹൈക്കമാൻഡ് ആവർത്തിക്കുന്നു. ഉമ്മൻ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി നിരയിൽനിന്ന് കോൺഗ്രസിന്റെ കടിഞ്ഞാൺ പ്രായത്തിൽ അന്തരമില്ലെങ്കിലും പാർട്ടിയിൽ അവരുടെ ജൂനിയറായ സുധാകരനിലേക്ക് എത്തുകയാണ് ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ തന്നെ സുധാകരന്റെ വരവിന് വഴി തെളിഞ്ഞതാണ്. മുല്ലപ്പള്ളി മത്സരിക്കാൻ വിസമ്മതിച്ചതോടെ അത് താത്കാലികമായി മുടങ്ങി. യഥാർഥത്തിൽ ആഗ്രഹിച്ച പദവി പ്രതീക്ഷിച്ച മുഹൂർത്തത്തിൽ നിഷേധിക്കപ്പെടുകയായിരുന്നു. അക്കാര്യം സുധാകരൻ പരസ്യമായി പറയുകയും ചെയ്തു. തന്നെ വെട്ടിയതാരാണെന്ന് കൃത്യമായി ചൂണ്ടിക്കാട്ടിയാണ് ഇനി ആ മോഹം ഇല്ല എന്ന് സുധാകരൻ പറഞ്ഞത്.
അന്ന് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത് ഇന്ന് പാർട്ടി തന്നെ വിളിച്ച് ഏൽപിക്കുകയാണ്. ചെറിയ വെല്ലുവിളിയല്ല സുധാകരന് മുന്നിലുള്ളത്. ഗ്രൂപ്പുകൾക്ക് മീതെ പറന്നിറങ്ങിയ സുധീരന് പാതിവഴി നിർത്തി പോകേണ്ടി വന്നു. ഹൈക്കമാൻഡ് നോമിനിയായി മുല്ലപ്പള്ളി എത്തിയിട്ടും അതിൽ മാറ്റമൊന്നുമുണ്ടായില്ല. ആ മുൾക്കിരീടമാണ് ഇനി സുധാകരന് ചുമക്കേണ്ടത്. ഐ ഗ്രൂപ്പിനേയും എ ഗ്രൂപ്പിനേയും പിണക്കിയാണ് വി.ഡിക്ക് പിന്നാലെ സുധാകരനും വരുന്നത്.
എന്നും ഉറച്ച ഐ ഗ്രൂപ്പുകാരനായിരുന്നെങ്കിലും അവിടെയും ഏറക്കുറേ ഒറ്റയാനായിരുന്നു കെ. സുധാകരൻ. ആ ഗ്രൂപ്പിലാണെങ്കിലും വി.ഡി. സതീശനും തനി ഒറ്റയാനായിരുന്നു. 20 വർഷമായി കണ്ണൂർ കോൺഗ്രസ് സുധാകരന്റെ കൈയിലാണ്. ഇരിക്കൂർ എന്ന തുരുത്ത് ഒഴിച്ചാൽ എ ഗ്രൂപ്പിനെ പ്രതിരോധിച്ച് നയിച്ചത് സുധാകരനാണ്. ഉമ്മൻ ചാണ്ടി സതീശൻ പാച്ചേനിക്ക് കണ്ണൂർ സീറ്റ് ചോദിച്ചപ്പോൾ ഐ ഗ്രൂപ്പിൽ ചേരണം എന്ന നിബന്ധനയാണ് സുധാകരൻ വച്ചത്.
അന്നുമുതൽ പാച്ചേനി സുധാകരന്റെ വിശ്വസ്തനായി. കരുണാകരനിൽനിന്ന് ചെന്നിത്തലയിലേക്ക് ഐ ഗ്രൂപ്പ് എത്തിയിട്ടും കണ്ണൂരിൽ മാത്രമാണ് ഗ്രൂപ്പിന്റെ ആ അപ്രമാദിത്വം തുടർന്നത്. കണ്ണൂർ കോൺഗ്രസിന്റെ അവസാന വാക്കാണെങ്കിലും അതിന് പുറത്തേക്കുള്ള സ്വീകാര്യതയായിരുന്നു സുധാകരന് വലിയ വെല്ലുവിളി. കോൺഗ്രസ് ശൈലിക്ക് ചേരുന്നതല്ല സുധാകരന്റെ പ്രവർത്തനരീതിയെന്ന വിമർശനവും അദ്ദേഹത്തെ എതിർക്കുന്നവർ ഉയർത്തി. എന്നാൽ, ഭരണത്തുടർച്ച ഇടതുപക്ഷം ഉറപ്പാക്കിയപ്പോൾ പ്രവർത്തകർക്ക് ആത്മവിശ്വാസം പകരാൻ കഴിയുന്ന നേതാവ് വേണം എന്ന അന്വേഷണമാണ് സുധാകരന് അനുകൂലമായത്. സുധാകരന് വേണ്ടി സോഷ്യൽ മീഡിയയിലും പൊതു ഇടങ്ങളിൽ നിലവിളികൾ ഉയർന്നു.
ഏറക്കുറേ കേഡർ സ്വഭാവത്തോടെ നാല് പതിറ്റാണ്ടായി നിൽക്കുന്ന എ ഗ്രൂപ്പ്. വിശാല ഐയായി ചെന്നിത്തല കൊണ്ടുനടന്ന ഐ ഗ്രൂപ്പ്. ഈ രണ്ട് ഗ്രൂപ്പിന്റെ തലതൊട്ടപ്പന്മാരുടെയും പിന്തുണയില്ലാതെയാണ് സുധാകരൻ-സതീശൻ ടീം അവരോധിക്കപ്പെട്ടത്. അതിന് നിമിത്തമായതും ഗ്രൂപ്പ് നേതൃത്വത്തെ മറികടന്ന് അഭിപ്രായം പറഞ്ഞ യുവനേതാക്കളാണ്.
വി.ഡിക്കായി യുവാക്കൾക്ക് പിന്നിൽ നിന്ന് കരുക്കൾ നീക്കിയത് സുധാകരനായിരുന്നെങ്കിൽ ആ സഹായം തിരിച്ചുമുണ്ടായി. പരമ്പരാഗത ഐ-എ ഗ്രൂപ്പുകളുടെ തകർച്ചയ്ക്ക് ഇനി അധികം കാലമുണ്ടാവില്ല. പകരം സുധാകരന്റെയും സതീശന്റെയും നേതൃത്വത്തിൽ ഒരോ ഗ്രൂപ്പുകൾ. അല്ലെങ്കിൽ സുധാകരൻ-സതീശൻ ടീമിന് കീഴിൽ ഒരു സംഘവും എതിർക്കുന്നവർ കൈകോർത്ത് മറ്റും ഗ്രൂപ്പും ഉദയം കൊണ്ടേക്കാം.
ഉമ്മൻ ചാണ്ടിക്ക് ശേഷം എ ഗ്രൂപ്പിന് ഏല്ലാവരും അംഗീകരിക്കുന്ന ഒരു നേതാവില്ല. അതാണ് ആ ഗ്രൂപ്പിന്റെ ബലഹീനത. ഐ ഗ്രൂപ്പാണെങ്കിൽ ഒരു കോൺഫഡറേഷനാണ്. ഈയൊരു ശൂന്യത ഫലത്തിൽ സുധാകരൻ-സതീശൻ ടീമിന് കാര്യങ്ങൾ എളുപ്പമാക്കും. ഗ്രൂപ്പ് സമവാക്യങ്ങൾ അടിമുടിമാറുമെന്ന് ഉറപ്പ്. ഇനി കേരളത്തിലെ ഹൈക്കമാൻഡ് ഇവർ രണ്ടുമായി മാറും. ഡൽഹിയിൽ അത് കെ.സി. വേണുഗോപാലും. സുധാകരന് വേണുഗോപാലുമായുള്ള അകലം കുറയ്ക്കേണ്ടതുണ്ട്.
കാർക്കശ്യവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ആവേശം കൊള്ളിക്കാൻ കത്തിക്കയറുന്ന വാക്കുകളും അതുണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് കെ. സുധാകരന്റെ മേൽവിലാസം. സംഘടനാ സംവിധാനം ദുർബലമായ പാർട്ടിയെ നിലനിൽപ് പോലും ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തിൽ നയിക്കാനുള്ള നിയോഗം ഒരേസമയം അവസരവും വെല്ലുവിളിയുമാണ്. പ്രവർത്തകർക്ക് ആവേശം പകരാൻ സുധാകരന്റെ കാർക്കശ്യം ഉപകരിക്കും.
മറുനാടന് മലയാളി ബ്യൂറോ