തിരുവനന്തപുരം: ഇടക്കാലം കൊണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് ആഘോഷിക്കാൻ ഒരു കാര്യവും ഉണ്ടായിരുന്നില്ല. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും തുടർച്ചയായി തിരിച്ചടികൾ മാത്രമാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്. ഇങ്ങനെ തുടർച്ചയായി തിരിച്ചടികൾക്കിടയിൽ കോൺഗ്രസ് പ്രവർത്തകർക്ക് ആഹ്ലാദത്തിൽ ആറാടാൻ ലഭിച്ച ഒരു അവസരമായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം. ആ വിജയം നേതാക്കളും അണികളും ശരിക്കും ആഘോഷിക്കുകയും ചെയ്തു.

ആളൊഴിഞ്ഞ തറവാട് മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ വന്നു പെട്ടെന്ന് ഉഷാറായതു പോലെയായിരുന്നു ഇന്നലെ കോൺഗ്രസിന്റെ ആസ്ഥാനമായ കെപിസിസി ഓഫിസ് മന്ദിരം. മുതിർന്ന നേതാക്കൾക്കൊപ്പം ഇരുന്ന് അണികൾ ഫലം കണ്ടു. തൃക്കാക്കരയിലെ ട്രെൻഡ് ആദ്യമണിക്കൂറുകളിൽത്തന്നെ അനുകൂലമായതോടെ കെപിസിസി ആസ്ഥാനം ചലനാത്മകമായി. നേതാക്കൾ ഒന്നൊന്നായി എത്തിത്തുടങ്ങി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തിയതോടെ പ്രവർത്തകർ ഉഷാറായി. ഓഫിസ് അങ്കണത്തിലെ ടിവിക്കു മുന്നിൽ ഉമ്മൻ ചാണ്ടിക്കൊപ്പം രമേശ് ചെന്നിത്തലയും എം.എം.ഹസനും കൊടിക്കുന്നിൽ സുരേഷും ചെറിയാൻ ഫിലിപ്പും വി.ടി.ബൽറാമും ശരത്ചന്ദ്രപ്രസാദുമെല്ലാം ഇടംപിടിച്ചു. പ്രവർത്തകർ നേതാക്കളുടെ പിന്നിലും നിലത്തുമൊക്കെയായി ഇരിപ്പുറപ്പിച്ചു. ചാനലുകൾ മാറിമാറി കണ്ടുകൊണ്ടിരുന്നു. ലീഡിൽ ആർപ്പുവിളി മുഴങ്ങി.

ഇടയ്ക്ക് ഉമ്മൻ ചാണ്ടി അടുത്തിരുന്ന ചെറിയാൻ ഫിലിപ്പിന്റെ കാതിൽ എന്തോ പറഞ്ഞു. ബെന്നി ബഹനാന്റെ ലീഡ് ഉമ മറി കടക്കുമോ എന്നായിരുന്നു ചോദ്യം. ചെറിയാൻ ഫോണിൽ പരതി ബെന്നിയുടെ ഭൂരിപക്ഷം അറിയിച്ചു. ഉമ അതിനപ്പുറം പോകുമെന്ന് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ. ഒപ്പം, പോക്കറ്റിൽനിന്നു പേനയെടുത്ത് കടലാസു തുണ്ടിൽ എന്തോ കുറിക്കുകയും ചെയ്തു.

രമേശിന്റെയും ഹസന്റെയും ചർച്ചയും കണക്കുകളിലായിരുന്നു. അതിനിടെ കൊച്ചിയിൽനിന്നു വി.ഡി.സതീശന്റെ വിളി. ലീഡ് 15,000 കടന്നപ്പോൾ ഓഫിസിനു മുന്നിൽ ഉച്ചത്തിൽ ആദ്യ വെടിപൊട്ടി. ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ ഈഡന്റെ ഡാൻസ് പിറകേ വരുന്നുണ്ടെന്ന വാർത്താ അവതാരകന്റെ അറിയിപ്പു വന്നതോടെ എല്ലാവരും ടിവിയിലേക്കു കണ്ണും കാതും കൂർപ്പിച്ചു. 'അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്... ഇങ്ങട് പോരണ്ടാ പോരണ്ടാന്ന്..' എന്നു പാടി അന്ന താളത്തിൽ ചുവടു വച്ചപ്പോൾ ഹാളിൽ കൂട്ടച്ചിരി. 'കൺഗ്രാജുലേഷൻസ് ഉമാ തോമസ്' എന്നെഴുതിയ രണ്ടു കേക്കുകൾ എത്തി. ആദ്യ കഷണം രമേശിന്റെ വക ഉമ്മൻ ചാണ്ടിക്ക്.

അതേസമയം കൊച്ചിയിൽ യുവ കോൺഗ്രസ് നേതാക്കൾ ശരിക്കും വിജയത്തിൽ ആറാടുകയായിരുന്നു. യു.ഡി. എഫ്. സ്ഥാനാർത്ഥി ഉമാതോമസിനൊപ്പം വിജയറാലി തന്നെയാണ് അവിടെ കൈവരിച്ചത്. അൻവർ സാദത്ത്, ജെബി മേത്തർ, ചാണ്ടി ഉമ്മൻ, ടി. സിദ്ദിഖ്, ഷാഫിപറമ്പിൽ, കെ.എം. അഭിജിത്ത്, രാഹുൽമാങ്കൂട്ടത്തിൽ, ആര്യാടൻ ഷൗക്കത്ത്, റിജിൽ തുടങ്ങിയവരാണ് വിജയറായെ നയിച്ചത്.

ിലവിലെ നിയമസഭയിൽ കോൺഗ്രസിന്റെ ഏക വനിതാ അംഗവുമായി ഉമാ തോമസ്. വോട്ടെണ്ണലിൽ ആദ്യറൗണ്ടിലെ ഫലം വന്നപ്പോൾത്തന്നെ ഉമയുടെ തകർപ്പൻ ജയം കുറിക്കപ്പെട്ടു. ഓരോ റൗണ്ട് പിന്നിട്ടപ്പോഴും ലീഡ് ഉയർന്നുകൊണ്ടേയിരുന്നു. പന്ത്രണ്ട് റൗണ്ടിൽ ഒരുഘട്ടത്തിൽപ്പോലും നിവർന്നുനിൽക്കാൻ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് സാധിച്ചില്ല.

വികസനം ചർച്ചചെയ്യുമെന്ന് പറഞ്ഞ് മുന്നണികൾ തുടങ്ങിയ പ്രചാരണം ജാതി, മത, ചർച്ചകളിലും അധിക്ഷേപങ്ങളിലുമാണ് മുന്നേറിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ പതറിയ യു.ഡി.എഫിന് ആത്മവിശ്വാസമേകുന്നതാണ് സിറ്റിങ് സീറ്റിലെ വമ്പൻ വിജയം. നൂറുസീറ്റെന്ന ലക്ഷ്യം നേടാൻ എൽ.ഡി.എഫിനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,897 വോട്ടുപിടിച്ചിരുന്ന ട്വന്റി ട്വന്റി ഇക്കുറി സ്ഥാനാർത്ഥിയെ നിർത്താതെ മാറിനിന്നെങ്കിലും അവരുടെ വോട്ടുകൾ ഇടതുസർക്കാരിനെതിരേ വീണുവെന്നാണ് നിഗമനം.

മുതിർന്നനേതാവ് എ.എൻ. രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയിട്ടും കഴിഞ്ഞതിരഞ്ഞെടുപ്പിൽ ലഭിച്ച 15,483 വോട്ടുപോലും ബിജെപി.ക്ക് നേടാനായില്ല. നേതാക്കന്മാരെയെല്ലാം അണിനിരത്തി ശക്തമായ പ്രചാരണമാണ് കാഴ്ചവെച്ചത്. വിദ്വേഷപ്രസംഗത്തിന് അറസ്റ്റിലായതുമുതൽ കൂടെനിന്ന് പി.സി. ജോർജിനെ പ്രചാരണത്തിന് എത്തിച്ചതിനും ഫലമുണ്ടായില്ല. കെട്ടിവെച്ച തുകയും നഷ്ടമായി. 2011-ൽ യു.ഡി.എഫിന് 22,406 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയിരുന്നതെങ്കിൽ 2016-ൽ അത് 11,996 ആയി. 2021-ൽ 14,329 ആയി വീണ്ടും ഉയർന്നു. അവിടെനിന്നാണ് കാൽലക്ഷത്തിനു മുകളിലേക്ക് ഉമ പറന്നത്.