കണ്ണൂർ: കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ ഡൽഹിക്ക് വിളിപ്പിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് ശരിയല്ലെന്നും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സുധാകരൻ പ്രസ്താവനയിൽ അറിയിച്ചു. പുതിയ കെ പി സി സി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകമാൻഡ് കെ സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ വാർത്തകൾ പലരും പ്രചരിപ്പിക്കുന്നത് അനേകം ആളുകൾ എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. ആ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന് എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ ഞാൻ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത ഈ അവസരത്തിൽ ബിജെപി യെയും സി പി എമ്മിനെയും വർഗീയ ഫാസിസ്റ്റ് ശക്തികളെയും അധികാരത്തിൽ നിന്നും അകറ്റുക എന്നതിനാണ് നമ്മൾ മുൻതൂക്കം കൊടുക്കേണ്ടത്. അതിനുള്ള പോരാട്ടം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലും നാം തുടങ്ങി കഴിഞ്ഞിരിക്കുന്നു.

ഇത്ര നിർണായകമായ സാഹചര്യത്തിൽ കൂടി പാർട്ടി കടന്നു പോകുമ്പോൾ ഒരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം വിവാദങ്ങൾ ഉയർത്തി ഒരിക്കലും പാർട്ടിയെയോ പാർട്ടി നേതൃത്വത്തേയോ പ്രതിരോധത്തിൽ ആക്കരുത് എന്ന് ഞാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു. ഇത്തരം നിജസ്ഥിതി അറിയില്ലാത്തതും സ്ഥിരീകരിക്കാത്തതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണം എന്ന് കെ.സുധാകരൻ അറിയിച്ചു.

നേരത്തെ കെപിസിസി അധ്യക്ഷനാണ് രാഹുൽ ഗാന്ധി നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തിയ വേളിയൽ വലിയ പി ആർ പ്രവർത്തനം തന്നെ സുധാകരൻ അനുകൂലികൾ സൈബർ ലോകത്ത് നടത്തിയിരുന്നു. ഒരു ഘട്ടത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഫേസ്‌ബുക് പേജിൽ കെപിസിസി പ്രസിഡന്റിനു വേണ്ടിയുള്ള വോട്ടെടുപ്പ് പോലും നവടന്ന സാഹചര്യമുണ്ടായി. കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരിൽ ആരാകണം അടുത്ത കെപിസിസി പ്രസിഡന്റ് എന്നു ചോദിച്ചാണു വോട്ടെടുപ്പ്. കണ്ണൂർ കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസാണ് രാഹുൽ ഗാന്ധിയുടെ പേജിൽ വിസിറ്റേഴ്‌സ് പോസ്റ്റ് വഴി വോട്ടെടുപ്പു നടത്തിയത്. ഇത് വിവാദത്തിന് ഇടയാക്കുകയും ചെയ്തു.

കെ. മുരളീധരന്റെയും വി.ഡി. സതീശന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും പേരുകളാണ് കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഉയർന്നുകേട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജീകരിക്കാൻ പുതിയ അധ്യക്ഷൻ എത്രയും വേഗം വേണെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എഐസിസി തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷൻ എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രനും സാധ്യതകൾ ഏറെയാണ്.