- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഗ്രൂപ്പ് വാശിയും സ്ഥാനാർത്ഥി നിർണയത്തിലെ പിഴവും; വെൽഫെയർ പാർട്ടി ബന്ധം രാഷ്ട്രീയമായി തിരിച്ചടിയായി; ഇനി സഖ്യമില്ല; തേജോവധത്തിനുള്ള നീക്കം നോവിച്ചെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ബന്ധം രാഷ്ട്രീയമായി യുഡിഎഫിന് ദോഷം ചെയ്‌തെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായുള്ള നീക്ക് പോക്കു വഴി മുസ്ലിം ജനവിഭാഗത്തിൽ തന്നെ ഒരു വലിയ വിഭാഗം യുഡിഎഫിന് എതിരായി. ക്രിസ്ത്യൻ, ഭൂരിപക്ഷ വിഭാഗങ്ങളിൽ അന്യതാബോധം ഉണ്ടായി.
ഇത്തരം കക്ഷികളുമായി കോൺഗ്രസ് ധാരണ ഉണ്ടാക്കരുത് എന്നാണു രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ചത്. ഘടകകക്ഷികൾ നീക്കു പോക്ക് നടത്തുന്നതിൽ നമ്മുക്ക് ഇടപെടാനും കഴിയില്ല. വർഗീയ കക്ഷികളുമായുണ്ടാക്കിയ സഖ്യത്തെ തുടർന്ന് പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുകയും തിരിച്ച് സഹായിക്കുകയും ചെയ്ത പല വിഭാഗങ്ങളും അകന്നു. അവരോട് കരുതലോടെ സംസാരിക്കാനും പ്രശ്‌ന പരിഹാരത്തിനും കഴിയാതെ പോയി. ജമാ അത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ ബന്ധം അരുതെന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെപിസിസി അധ്യക്ഷൻ ഉയർത്തിപ്പിടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം ആവർത്തിക്കരുതെന്നാണ് അഭിപ്രായം. അത്തരം വർഗീയ കക്ഷികളുമായുള്ള ബന്ധം തിരിച്ചടിക്കുകയേയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതീക്ഷിക്കാത്ത തോൽവിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റത്. സാങ്കേതികമായ ചില ന്യായീകരണങ്ങളെല്ലാം നിരത്താൻ കഴിയും. മേനി നടിക്കാൻ കഴിയും.പക്ഷേ ഉണ്ടായത് തോൽവിയാണ്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അമിത പ്രതീക്ഷ വച്ചു പുലർത്തിയിരുന്നു. പ്രവർത്തകരിൽ കണ്ട ശുഭപ്രതീക്ഷ വച്ചാണ് റെക്കോർഡ് വിജയം പ്രവചിച്ചത്. ഫലം വന്നപ്പോൾ വലിയ മാനസികപ്രയാസം ഉണ്ടായി. എൽഡിഎഫ് സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളുടെ ഘോഷ യാത്ര ഫലത്തിൽ പ്രകടമായില്ല. രാഷ്ട്രീയമായി ഇത്രയും പ്രബുദ്ധമായ ഒരു ജനത ആ ഘടകങ്ങൾ കണക്കിലെടുക്കാഞ്ഞത് അത്ഭുതം ജനിപ്പിച്ചു. ഇതു ബിഹാറിലെ ഒരു കുഗ്രാമമല്ലല്ലോ. ഭക്ഷ്യ കിറ്റാണ് മാറ്റം വരുത്തിയത് എന്ന വാദം വിശ്വസിക്കുന്നില്ലെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ മുല്ലപ്പള്ളി വ്യക്തമാക്കി.
സ്ഥാനാർത്ഥി നിർണയത്തിൽ വന്ന പിഴവുകളാണ് തിരിച്ചടിയായത്. വാർഡ് കമ്മിറ്റികൾ വിളിച്ചു കൂട്ടി, മറ്റ് ഒരു താൽപ്പര്യവും കടന്നുവരാതെ, വിജയസാധ്യത മാത്രം കണക്കിലെടുത്ത് സ്ഥാനാർത്ഥിയെ നിശ്ചയിക്കണം എന്നാണ് കെപിസിസി സർക്കുലറിൽ നിർദ്ദേശിച്ചിരുന്നത്. ആ നിർദ്ദേശം പരിപൂർണമായി പാലിച്ച ഇടത്തെല്ലാം ജയിച്ചു, അല്ലെങ്കിൽ ജയത്തിനു തൊട്ടടുത്ത് എത്തി.
മോശം സ്ഥാനാർത്ഥികൾ എങ്ങനെ ഒരു മുന്നണിയുടെ കഥ കഴിക്കും എന്നതിന്റെ ഉദാഹരണമാണ് തിരുവനന്തപുരം കോർപറേഷനും തിരുവനന്തപുരം ജില്ല പൊതുവിലും കണ്ടത്. ഇവിടെ മെറിറ്റ് ഒരു പ്രശ്‌നമായിരുന്നില്ല. ചില നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ഫലം വന്നപ്പോൾ കോൺഗ്രസ് തോറ്റു, ചില നേതാക്കൾ ജയിച്ചു. ഗ്രൂപ്പ് താൽപ്പര്യം വച്ച് അങ്ങോട്ടും ഇങ്ങോട്ടും പരാജയപ്പെടുത്താനുള്ള ശ്രമം സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉണ്ടായി. യോഗ്യരല്ലാത്ത സ്ഥാനാർത്ഥികൾ വന്നപ്പോൾ കുമിൾ പോലെ റിബലുകൾ തലപൊക്കി. ബൂത്തിലും വാർഡിലും പോയി ആ പ്രശ്‌നം പരിഹരിക്കേണ്ടതു കെപിസിസി പ്രസിഡന്റല്ല. എല്ലാക്കാലത്തും ഇതെല്ലാം പരിഹരിക്കാൻ പോന്ന സംവിധാനങ്ങൾ പ്രാദേശികമായി ഉണ്ട്. അതു കാര്യക്ഷമമായില്ല. നേതൃത്വത്തിന്റെ ഭാഗത്തു നിന്നു ജാഗ്രതയും നിഷ്പക്ഷതയും ഉണ്ടായ എല്ലായിടത്തും വിജയം ഉണ്ടായി. സിപിഎം-ബിജെപി നീക്ക് പോക്കും തിരിച്ചടിയുണ്ടാക്കി. അതിന്റെ തെളിവുകൾ പുറത്തുവിടും. മുഖ്യമന്ത്രി നേരിട്ടാണ് ആ ധാരണയ്ക്കു മുൻകൈ എടുത്തത്.
സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് സമവാക്യങ്ങൾ നോക്കിയത് തിരിച്ചടിയായി. 90 ശതമാനം സ്ഥലങ്ങളിലും ആ വാശി വല്ലാതെ ഉണ്ടായി. അതു മാറ്റിവച്ച് നല്ല സ്ഥാനാർത്ഥിയെ നിശ്ചയിച്ചയിടത്ത് ജയിച്ചു. ഏറ്റവും മികച്ച സ്ഥാനാർത്ഥി എന്ന തീരുമാനം എഐസിസി എടുത്തു കഴിഞ്ഞു. ചെറുപ്പക്കാർക്കും സ്ത്രീകൾക്കും പ്രാധാന്യം കൊടുക്കും. പല കാരണങ്ങളാലും കോൺഗ്രസ് അവഗണിച്ച വിവിധ സാമുദായിക വിഭാഗങ്ങൾക്കു പരിഗണന നൽകും.
ജോസ് കെ. മാണി വിഭാഗം യുഡിഎഫ് വിട്ടുപോകുമ്പോൾ ജനത്തിനു കൂടി അതിന്റെ കാരണം ബോധ്യപ്പെടണം. അദ്ദേഹം സ്വയം ഒരു തീരുമാനിച്ച് പോകുന്നുവെങ്കിൽ പോകട്ടെ. പക്ഷേ വാതിലടച്ചു എന്ന പ്രതീതി ഉണ്ടാക്കാൻ പാടില്ല. ഇപ്പോൾ കൂടെയില്ലെങ്കിലും കെ.എം.മാണി ഒരു വലിയ ശക്തിയാണ്. അദ്ദേഹത്തെ പൂർണമായി നിരാകരിക്കാനോ മായ്ച്ചുകളയാനോ കഴിയില്ല. കരുതലോടെ ഒരു നിലപാട് എടുക്കേണ്ടിയിരുന്നു.
തെരഞ്ഞെടുപ്പിൽ തോറ്റാൽ രാഷ്ട്രീയ കാരണങ്ങളാണ് അന്വേഷിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു നേതാവിനെ പിടിച്ചു വച്ച് തേജോവധം ചെയ്യുന്നതും സമൂഹ മധ്യത്തിൽ കരിതേയ്ക്കുന്നതും നല്ല സമീപനമല്ല. അത് വല്ലാതെ വേദനിപ്പിച്ചു. എല്ലാവരിൽ നിന്നും അത് ഉണ്ടായില്ല. പരാജയത്തിന്റ ഉത്തരവാദിത്തം കെപിസിസി അധ്യക്ഷൻ ഏറ്റെടുക്കണമെന്ന തരത്തിൽ ചിലരിൽ നിന്നു വാദം ഉയർന്നതു വിഷമിപ്പിച്ചു. കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതി ചേരുന്ന സമയത്തു തന്നെ ചർച്ചകൾ പുറത്തു വരുന്നതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. പാർട്ടി ഫോറത്തിൽ പറയുന്നത് അവിടെ അവസാനിക്കണം.
കെപിസിസി പ്രസിഡന്റ് കസേര ലക്ഷ്യമിട്ട് ആരും ഒരു നീക്കവും നടത്തേണ്ട കാര്യമില്ല. ലീഡറുമായി തെറ്റിദ്ധാരണ ഉണ്ടായിരുന്നില്ലെങ്കിൽ എൺപതുകളിൽ തന്നെ ഇവിടെ വരേണ്ടതായിരുന്നു. അദ്ദേഹത്തെ പോയി ഒന്നു കണ്ടാൽ മാത്രം മതിയായിരുന്നു. ഇന്ദിരാജി പറഞ്ഞിട്ടും പോയില്ല, ഗ്രൂപ്പുകൾക്ക് അതീതമായി എല്ലാവരെയും സംരക്ഷിക്കുന്ന, അതേസമയം രണ്ടു ഗ്രൂപ്പുകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് എഐസിസി നിയോഗിച്ചത്. തോണി മറിയും എന്ന് അറിയാവുന്നതു കൊണ്ട് ഇവിടുത്തെ ഒരു സമവാക്യവും തെറ്റിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി തുറന്നു പറഞ്ഞു.
ന്യൂസ് ഡെസ്ക്