ന്യൂഡൽഹി: കെപിസിസി പുനഃസംഘടിപ്പിക്കാൻ ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പു നടത്തുമെന്നു കേരളത്തിന്റെ ചുമതലയുള്ള നേതാവ് മുകുൾ വാസ്‌നിക് അറിയിച്ചു.

തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ തലത്തിലും പുനഃസംഘടന നടത്തും. സംഘടനാതിരഞ്ഞെടുപ്പുവരെ വി എം. സുധീരൻ കെപിസിസി പ്രസിഡന്റായി തുടരും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കേരളത്തിലെ നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ രൂപപ്പെട്ട പ്രശ്‌നങ്ങൾക്കു പരിഹാരമെന്ന നിലയിലാണ് ചില തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. ഏതെല്ലാം മേഖലകളിലാണ് പുനഃസംഘടന നടത്തുകയെന്നതും അതിന്റെ തീയതിയും ഉടൻ തന്നെ തീരുമാനിക്കും. മൂന്നു മാസത്തിനകം തീരുമാനം നടപ്പാക്കാനാണ് ശ്രമം.

വി എം സുധീരനെ കെപിസിസി പ്രസിഡന്റു സ്ഥാനത്തു നിന്നു മാറ്റണമെന്ന ആവശ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉറച്ചു നിന്നുവെന്നാണു സൂചന. എന്നാൽ, തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വം മുതിർന്ന മൂന്നു നേതാക്കൾക്കും തുല്യമായുണ്ടെന്നു രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞതോടെ സംഘടനാ തെരഞ്ഞെടുപ്പ് എന്നതിലേക്കു കാര്യങ്ങൾ നീങ്ങുകയായിരുന്നു.