- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകരനും തില്ലങ്കേരിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം; വേളൂരിൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടന ബൈക്ക് റാലിയും പരിവാർകൂട്ടമായി; കെ.എസിനെ സംഘിയാക്കാൻ സോഷ്യൽ മീഡിയയിൽ വിയർപ്പൊഴുക്കി സൈബർ സഖാക്കൾ; പഴയ ചിത്രങ്ങളും അഭിമുഖങ്ങളും പ്രചരിപിക്കുന്നു; സുധാകരനെ സിപിഎം ഭയക്കുന്നുവോ?
കണ്ണൂർ: കോൺഗ്രസിലെ കെ.എസിനെ സംഘിയാക്കാൻ സൈബർ പോരാളികൾ തുനിഞ്ഞിറങ്ങി. സോഷ്യൽ മീഡിയയിൽ സുധാകരനും ആർ.എസ്.എസ് നേതാക്കളുമായുള്ള ചിത്രങ്ങളും പഴയ അഭിമുഖങ്ങളും നിറഞ്ഞു. കെ.സുധാകരൻ ആർ.എസ്.എസ് അനുകൂലിയായ നേതാവാണെന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയുടെ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് സൈബർ സഖാക്കൾ സോഷ്യൽ മീഡിയയിൽ ക്യാംപയിൽ ആരംഭിച്ചത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കെ.സുധാകരൻ ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ചൂടേറിയ ചർച്ചയ്ക്കിടയാക്കുന്നത്. ബിജെപി- ആർ.എസ്.എസ് വോട്ടുകൾ തനിക്ക് സ്ഥിരമായി ലഭിക്കാറു കണ്ടന്നും 2009 ലെ ലോക്സഭാ തെരഞ്ഞെടുപിലും ലഭിച്ചിരുന്നു എന്നാൽ 2014 ലെ തെരഞ്ഞെടുപ്പിൽ അതുണ്ടായില്ല. നരേന്ദ്ര മോദി അധികാരത്തിൽ വരുന്ന തെരഞ്ഞെടുപ്പായതിനാൽ നേതൃത്വം തികഞ്ഞ ജാഗ്രതയിലായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥികൾ ഒരുതരത്തിലും ജയിക്കരുതെന്ന് ഉറപ്പിച്ചതായി സുധാകരൻ പറയുന്നു.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് 1996 മുതൽ തുടർച്ചയായി മൂന്നുതവണ മത്സരിച്ചപ്പോഴും തുടർന്ന് 2009 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും സുധാകരന് ബിജെപി- ആർ.എസ്.എസ് വോട്ടു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്ന് സൈബർ പോരാളികൾ ചൂണ്ടികാട്ടുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എടയന്നൂർ ഷുഹൈബ് വധക്കേസ് പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സുധാകരൻ കലക്ടറേറ്റിന് മുൻപിൽ നടത്തിയ നിരാഹാര സമരത്തിനിടെ ആർ.എസ്.എസ് നേതാക്കൾ സന്ദർശിക്കുന്നതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ഇതിനിടെ കെ. സുധാകരനെതിരേയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരേ റിജിൽ മാക്കുറ്റി ശക്തമായി രംഗത്തുവന്നിട്ടുണ്ട്. സുധാകരൻ കാവിയണിഞ്ഞ ആർ.എസ്.എസ് പ്രവർത്തകരുമായി നിൽക്കുന്ന ഫോട്ടോ വ്യാജമാണെന്ന് റിജിൽ വ്യക്തമാക്കി. ചിത്രത്തിലുള്ളല്ലവരെല്ലാം കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കളാണെന്നും റിജിൽ പറഞ്ഞു.സുധാകരൻ കെപിസിസി പ്രസിഡന്റായുള്ള പ്രഖ്യാപനം വന്നതു മുതൽ നിരവധി സിപിഎം അനുകൂല ഫേസ്ബുക്ക് പ്രൊഫൈലുകളിൽ വ്യാജപ്രചാരണം നടത്തുകയാണെന്ന് റിജിൽ മാക്കുറ്റി ആരോപിച്ചു.
കെ. സുധാകരൻ ബിജെപി അനുഭാവികൾക്കൊപ്പം നിൽക്കുന്നുവെന്ന അടിക്കുറിപ്പോടെ വ്യാപകമായി പങ്കുവച്ച ഒരു ചിത്രത്തിന്റെ പിറകിലെ യാഥാർത്ഥ്യമാണ് റിജിൽ മാക്കുറ്റി പുറത്തുവിട്ടിരിക്കുന്നത്. ആ ചിത്രം കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ വേളൂരിൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യാൻ കെ. സുധാകരൻ പോയപ്പോൾ ബൈക്ക് റാലിയായി അദ്ദേഹത്തെ അനുഗമിച്ച ചീമേനി മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തർ ഓഫീസിന്റെ മുന്നിൽ വെച്ച് എടുത്ത സെൽഫിയാണെന്ന് റിജിൽ മാക്കുറ്റി പറഞ്ഞു.
മാത്രമല്ല ചിത്രത്തിലുള്ളല്ലവരെല്ലാം കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കളാണെന്നും റിജിൽ പറഞ്ഞു. ഒറ്റനോട്ടത്തിൽ തന്നെ അത് കോൺഗ്രസിന്റെ പതാകയാണെന്ന് മനസിലാകുമെന്നും കോൺഗ്രസിന്റെ പതാകയിലെ കുങ്കുമ നിറത്തെ കാവി നിറമാക്കി ചിത്രീകരിച്ചാണ് വ്യാജപ്രചാരണം നടത്തുന്നതെന്നും റിജിൽ മാക്കുറ്റി വ്യക്തമാക്കി. വരും ദിനങ്ങളിൽ കെ.സുധാകരനെ സംഘിയാക്കാനുള്ള സിപിഎം. സൈബർ ഗ്രൂപ്പുകളുടെ ശ്രമം ശക്തമായി തുറന്നുകാട്ടുമെന്നും റിജിൽ പറഞ്ഞു.
സുധാകരനെ സിപിഎം എത്രമാത്രം ഭയക്കുന്നതിന് തെളിവാണ് ഈ വ്യാജ പ്രചരണമെന്ന് കോൺഗ്രസ് പ്രതികരിക്കുന്നു. കെപിസിസി അധ്യക്ഷനായി സുധാകരൻ എത്തിയാൽ കോൺഗ്രസിൽ നവോന്മേഷം ഉറപ്പാണ്. ഈ സാഹചര്യത്തിൽ ന്യുനപക്ഷത്തെ അകറ്റാനാണ് ഈ തന്ത്രമെന്നാണ് അവരുടെ പക്ഷം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്