തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിന് പിന്തുണ നൽകാൻ കോൺഗ്രസിന്റെ തീരുമാനം. കെ.ബാബുവിനെതിരായ വിജിലൻസ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി. ഇക്കാര്യത്തിൽ ബാബുവിന് അനുകൂല നിലപാട് കൈക്കൊള്ളാതിരുന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരനെ വിമർശിച്ചു കൊണ്ടാണ് രാഷ്ട്രീയകാര്യ സമിതിയുടെ ആദ്യ യോഗം നടന്നത്.

വിജിലൻസ് കേസ് നേരിടുന്നതിൽ ബാബുവിന് പാർട്ടിയുടെ പൂർണ പിന്തുണ ഉറപ്പാക്കാനും രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. ഏകകണ്ഠമായാണ് യോഗത്തിൽ ബാബുവിന് പിന്തുണ ഉറപ്പാക്കാൻ തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ ഇക്കാര്യം ഞായറാഴ്ച നടത്തുന്ന പത്രസമ്മേളനത്തിൽ ഔദ്യോഗികമായി അറിയിക്കും.

ഡിസിസി പുനഃസംഘടന ഉടൻ നടത്താനും രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനമായി. ഇതനുസരിച്ച് 14 ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെയും മാറ്റും. അതേസമയം, കെ.ബാബുവിന് നേരത്തേതന്നെ പിന്തുണ നൽകാത്തതിന് കെപിസിസി അധ്യക്ഷൻ വി എം.സുധീരനെതിരെ യോഗത്തിൽ വിമർശനമുയർന്നു. മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇതുമായി ബന്ധപ്പെട്ട് വി എം.സുധീനരനെതിരെ പരോക്ഷ വിമർശനമുന്നയിച്ചത്.

എ, ഐ ഗ്രൂപ്പുകൾ, സുധീരൻ അനുകൂലികൾ എന്നിവർക്കൊപ്പം ഹൈക്കമാൻഡ് പ്രതിനിധികളും പങ്കെടുത്ത ആദ്യ യോഗത്തിലാണ് കെ. ബാബുവിന് രാഷ്ട്രീയ പിന്തുണ നൽകാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത്. ബാബുവിനെതിരെ നേരത്തെ പരസ്യ നിലപാടെടുത്ത കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, നിലപാട് മയപ്പെടുത്തിയതും ശ്രദ്ധേയമായി. പാർട്ടിക്കുള്ളിലെ അനൈക്യം ഘടക കക്ഷികൾക്കിടയിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും, അത് ഹൈക്കമാൻഡ് വരെ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബാബുവിന് പിന്തുണ നൽകി രാഷ്ട്രീയ പ്രതിരോധം തീർക്കാൻ നേതാക്കൾ തയ്യാറായത്. പാർട്ടി പുനഃസംഘടനയുടെ കാര്യത്തിലും ഹൈക്കമാൻഡ് നിർദ്ദേശം അംഗീകരിക്കാൻ നേതാക്കൾ നിർബന്ധിതരായി.

ശനിയാഴ്ച ഹൈകമാൻഡ് പ്രതിനിധികളായ എ.ഐ.സി.സി ജന. സെക്രട്ടറി മുകുൾ വാസ്‌നിക്, സെക്രട്ടറി ദീപക് ബാബ്‌റിയ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന സമിതിയുടെ ആദ്യ യോഗം ഇന്നലെ ഉച്ചക്ക് 12ന് ആരംഭിച്ച് രാത്രി വൈകിയും തുടർന്നു. വിജിലൻസ് അന്വേഷണത്തെ പാർട്ടി എതിർക്കില്ല. ഇതുവരെ ബാബുവിനെതിരെ ഒരുതെളിവും ലഭിക്കാത്തതും നേതാക്കൾ ചൂണ്ടിക്കാട്ടി. ബാബുവിന്റെ കാര്യത്തിൽ പാർട്ടിയിൽ ഭിന്നസ്വരം ഉണ്ടാകാൻ പാടില്ലായിരുന്നെന്ന് ചിലർ വിമർശിച്ചു.

വിജിലൻസ് അദ്ദേഹത്തെ അനാവശ്യമായി വേട്ടയാടാൻ തുടങ്ങിയപ്പോൾതന്നെ പാർട്ടി സംരക്ഷണം നൽകണമായിരുന്നെന്ന് ബെന്നി ബഹനാൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. ജോസഫ്, പി.സി. ചാക്കോ എന്നിവർ വാദിച്ചു. ഗ്രൂപ്പിന് അതീതമായി ഈ വികാരമാണ് ചർച്ചയിൽ ഉയർന്നത്. മദ്യലോബിയുടെ ഇംഗിതപ്രകാരം നടക്കുന്ന അന്വേഷണത്തിന് പാർട്ടി വഴങ്ങരുത്. ഒരു സാധാരണ പ്രവർത്തകന് പോലും ഇത്തരം സാഹചര്യമുണ്ടായാൽ സംരക്ഷിക്കേണ്ട കെപിസിസി പ്രസിഡന്റ് ഈ വിഷയത്തിലെടുത്ത നിലപാട് ക്രിമിനൽ കുറ്റമാണെന്നും മുല്ലപ്പള്ളി വിമർശിച്ചു.

നിലവിലെ 14 ഡി.സി.സി പ്രസിഡന്റുമാരെ മാറ്റുമ്പോൾ പകരക്കാർക്ക് പ്രായപരിധി ഉണ്ടാവില്ലെന്നാണ് നിബന്ധന വച്ചിരിക്കുന്നത്. ഇവരുടെ യോഗ്യത ഉൾപ്പെടെ കാര്യങ്ങൾ എ.ഐ.സി.സി നിശ്ചയിക്കും. സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന ആവശ്യമാണ് എ ഗ്രൂപ് നേതാക്കൾ ഉന്നയിച്ചത്. എന്നാൽ, എ.ഐ.സി.സി തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ അതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അതല്ലെങ്കിൽ പാർട്ടി ഭരണഘടനയിൽ ഭേദഗതി വേണ്ടിവരുമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിൽ എ.ഐ.സി.സി നേതൃത്വവുമായി ചർച്ച നടത്തി തീരുമാനമെടുക്കും.

കേരളത്തിലെ സംഘടനാ സംവിധാനത്തിൽ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി അച്ചടക്കസമിതി രൂപവത്കരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ചർച്ച വിവരങ്ങൾ പുറത്തുവിടരുതെന്ന ധാരണ യോഗത്തിനു മുമ്പുതന്നെ നേതാക്കൾ കൈക്കൊണ്ടിരുന്നു.