ആലപ്പുഴ : വേനൽ മഴയിൽ കൃഷി നാശം സംഭവിച്ച കുട്ടനാടൻ പാടശേഖരങ്ങൾ സന്ദർശിക്കാനെത്തിയ യു ഡി എഫ് സംഘത്തെ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും ഭാരവാഹികളും ബഹിഷ്‌കരിച്ചത് വിവാദമാകുന്നു. കെ.പി.സി സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളുമാണ് പാടശേഖരങ്ങൾ സന്ദർശിച്ചത്. ഈ സന്ദർശനത്തിന് ആതിഥേയത്വം വഹിക്കാൻ ചുമതല ഉണ്ടായിരുന്ന കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പക വാടി വിട്ടു നിന്നതിനെ കെപിസിസി വളരെ ഗൗരവമായിട്ടാണ് കാണുന്നത്. ലാലിന്റെ ഉടനെ തന്നെ പുറത്താക്കണമെന്ന നിലപാടിലാണ് സുധാകരനും സതീശനും. ഒരു കാരണവശാലും ഇദ്ദേഹത്തെ ഇനി വെച്ചുപൊറുപ്പിക്കേണ്ട എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനമെന്നറിയുന്നു.

പാർട്ടിയുടെ പോഷക സംഘടനകളും സെല്ലുകളും പലവട്ടം പുനഃസംഘടിപ്പിച്ചപ്പോഴും കെ പി സി സി സി നേതൃത്വത്തെ സ്വാധീനിച്ച് കർഷക കോൺഗ്രസ് നേതൃത്വത്തിൽ ലാൽ കല്പകവാടി അള്ളിപ്പിടിച്ചിരിക്കയിരുന്നു. കഴിഞ്ഞ 17 വർഷമായി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ തുടരുകയാണ്. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായ കാലത്താണ് ഇദ്ദേഹത്തെ നിയമിച്ചത്. ചെന്നിത്തലയുടെ അടുപ്പക്കാരൻ എന്ന സ്വാധീനം ഉപയോഗിച്ചാണ് പദവിയിൽ തുടർന്നിരുന്നത്.

കർഷക കോൺഗ്രസിന് പോഷക സംഘടനാ പദവി ഇല്ലെങ്കിലും പാർട്ടിയുടെ സുപ്രധാന ഘടകമായിട്ടാണ് കരുതപ്പെടുന്നത്. എന്നാൽ സംസ്ഥാനത്തെ കർഷകരുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ കർഷക കോൺഗ്രസ് സമ്പൂർണ പരാജയമാണെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. പല പോഷക സംഘടനകളുടേയും സെല്ലുകളുടേയും തലപ്പത്തുള്ളവർ മാറിയിട്ടും ലാൽ വർഗീസ് എങ്ങനെ ഇത്ര കാലം തുടർന്നു എന്നാണ് കോൺഗ്രസുകാർ ചോദിക്കുന്നത്.

ഡൽഹിയിൽ കർഷകർ ഒരു വർഷത്തോളം നീണ്ടു നിന്ന സമരം നടത്തിയ കാലത്ത് അവരോട് അനുഭാവം പ്രകടിപ്പിച്ച് ഒരു പരിപാടി നടത്താൻ പോലും കർഷക കോൺഗ്രസ് തയ്യാറായിരുന്നില്ല. കൽപ്പകവാടിയുടെ കുറെ ശിങ്കിടികളെ കുത്തിനിറച്ച് ഒരു പോക്കറ്റ് സംഘടനയാക്കി മാറ്റിയിരിക്കയാണെന്ന് ആക്ഷേപമുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഐ ഗ്രൂപ്പിന്റെ ക്വാട്ടയിൽ ഹോർട്ടി കോർപ്പിന്റെ ചെയർമാൻ സ്ഥാനവും കൽപ്പകവാടിക്ക് ലഭിച്ചിരുന്നു. അക്കാലത്തും കർഷക കോൺഗ്രസ് പ്രസിഡന്റ് സ്ഥാനവും കൈപ്പിടിയിൽ വെച്ചിരിക്കയായിരുന്നു. ഹോർട്ടി കോർപ്പിൽ ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന കാലത്ത് താൽക്കാലിക നിയമനത്തിലും പച്ചക്കറി വാങ്ങലിലും വൻ അഴിമതി നടത്തിയതിൽ വിജിലൻസ് അന്വേഷണമുണ്ടായിരുന്നു. സംഘടന പദവികളിൽ ഇഷ്ടക്കാരെ പണം വാങ്ങി നിയമിക്കുന്നു എന്ന ആരോപണവും ഉയർന്നിരുന്നു. രമേശ് ചെന്നിത്തലയുടെ പൂർണ പിന്തുണ ഉണ്ടായിരുന്നതുകൊണ്ട് ഈ വിവാദങ്ങളിൽ നിന്നെല്ലാം രക്ഷപ്പെട്ട് നിൽക്കയായിരുന്നു.

ഇടത് പക്ഷ സർക്കാരിന്റെ കർഷക നയങ്ങൾക്കെതിരെ കഴിഞ്ഞ അഞ്ച് വർഷക്കാലം ഒരു പരിപാടിയും നടത്താതിരുന്ന ഈ പ്രസിഡന്റിനെ പുറത്താക്കണമെന്ന് കർഷക കോൺഗ്രസിലെ ഒരു പറ്റം നേതാക്കൾ കെ പി സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലൻസ് കേസ് അന്വേഷണം മരവിപ്പിക്കുന്നതിനാണ് ലാൽ വർഗീസ് സംഘടനയെ സി പി എമ്മിന് അടിയറ വെച്ചതെന്നാണ് കെ പി സി സി യുടെ വിലയിരുത്തൽ.

നിരണത്ത് ആത്മഹത്യ ചെയ്ത കർഷകൻ രാജീവിന്റെ കുടുംബത്തെ സന്ദർശിച്ച കെ.പി സി സി നേതാക്കളോട് പ്രദേശത്തെ കർഷകർ കോൺഗ്രസിന്റെ കർഷക സംഘടന നേതാക്കളുടെ നിസംഗതയെക്കുറിച്ച് പരസ്യമായി പരാതിപ്പെട്ടിരുന്നു. കർഷകരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഒരിക്കലും നിലകൊള്ളാത്ത ഈ സംഘടനയും അതിലെ ഇത്തിൾക്കണ്ണികളായ നേതാക്കളേയും ഒഴിവാക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. അതേ സമയം ലാൽ വർഗീസ് ബഹിഷ്‌കരിച്ചതായി അറിയില്ല എന്നും സന്ദർശന സമയത്ത് അദ്ദേഹം പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചതായും കെ പി സി സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ മറുനാടൻ മലയാളിയോട് പറഞ്ഞു.