കൊച്ചി: വടക്കേ ഇന്ത്യയിൽ ദളിതർ നടത്തിയ സമരത്തെ ആക്രമിച്ച് കൊലപ്പെടുത്തുമ്പോൾ പ്രതിഷേധങ്ങൾ ഉയർത്തിയ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒന്നുംതന്നെ ഈ സമരത്തെ പിൻതുണച്ചില്ല എന്നത് വളരെ നിഗൂഢമായ ചിലകാര്യങ്ങൾ മൂലമാണ് എന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം വിനോദ്. എന്തുകൊണ്ടാണ് വടക്കേ ഇന്ത്യയിൽ ദളിതർക്കെതിരെ നടക്കുന്ന ആക്ഷേപങ്ങളെയും അതിക്രമങ്ങളേയും രൂക്ഷമായി വിമർശ്ശിക്കുന്നവർ കേരളത്തിൽ എത്തുമ്പോൾ നിലപാട് മാറ്റുന്നത്. കേരളത്തിൽ ഭീകരമായത് എന്തോ സംഭവിക്കുന്നു എന്ന രീതിയിലാണ് സർക്കാർ ഈ സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചത്. ഞങ്ങൾ അക്രമം നടത്താനായല്ല ഹർത്താൽ നടത്തിയത് അവകാശങ്ങൾ നേടിയെടുക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ഹർത്താൽ നടത്തിയതിന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമം നടത്തിയവരെ മാത്രമേ അറസ്റ്റ് ചെയ്ത ചരിത്രമുള്ളൂ. ഒരതിക്രമവും കാട്ടാഞ്ഞ ദളിതരെ എന്തുകൊണ്ടാണ് പിന്നെ അറസ്റ്റ് ചെയതതെന്ന് മനസ്സിലാവുന്നില്ല. സർക്കാർ എന്തിനാണ് ദളിതരെ പേടിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. കേരളത്തെ രൂപപ്പെട്ടുവരുന്ന ഒരു ദളിത് ഐക്യത്തെ നിരുത്സാഹപ്പെടുത്തുവാനും അവരെ കള്ളക്കേസിൽ കുടുക്കി ജയിലറകളിൽ അടച്ച് അവരുടെ മനോ വീര്യം തകർക്കാനുള്ള ഒരു നിഗൂഢ പദ്ധതിയാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്നൊരുക്കുന്നത് എന്നാണ് ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നത്. ഗീതാനന്ദന്റെ അറസ്റ്റ് അതാണ് സൂചിപ്പിക്കുന്നത്. പൊലീസ് നേരത്തെ കരുതിക്കൂട്ടിയ അജയണ്ടയുടെ ഭാഗമാണ് ദളിതർ അക്രമം നടത്തി എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

്ദളിത് ഹത്താലിനെ അടിച്ചൊതുക്കാൻ എറണാകുളത്ത് പൊലീസ് വ്യാപകമായി അറസ്റ്റ് നടത്തി. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിലും ദളിത് ഭാരത് ബന്ദിനെതിരെ നടന്ന ഭരണകൂട ഭീകരതയിലും പ്രതിഷേധിച്ച് കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ട ദളിത് ഹർത്താലിനെ പരാജയപ്പെടുത്താൻ പൊലീസ് അരയും തലയും മുറുക്കിയാണ് രംഗത്ത് വന്നത്. രാവിലെ പ്രകടനം നടത്തി എത്തിയ പി ജെ മാനുവൽ വി സി ജെന്നി, പ്രശാന്ത് എ ബി, ജോയ് പാവേൽ,എം ഗീതാനന്ദൻ, സി എസ് മുരളി, ബാബുരാജ്, സുജീന്ദ്രൻ, സിജി കണ്ണൻ, മാധ്യമ പ്രവർത്തകൻ അഭിലാഷ് പടച്ചേരി, രഞ്ജിത്ത് സിനിക്ക് , ടി.സി സുബ്രമണ്യൻ, രാജേഷ്,അജയൻ എന്നിവരെ കസ്റ്റഡിയിലെടുത്ത ശേഷം വീണ്ടും അറസ്റ്റ് തുടർന്നു. ഹർത്താൽ ദിനമായ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധിച്ച ബ്രഹ്മപുരം സ്വദേശി ബഷീർ, ഇടപ്പള്ളി സ്വദേശി സുനിൽകുമാർ എന്നിവരെയും അറസ്റ്റ് ചെയ്തു.

നോർത്ത് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുന്ന വി സി ജെന്നിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. വിവരം അറിഞ്ഞ് എത്തിയ പൊതു പ്രവർത്തകരായ പുരുഷൻ ഏലൂർ, മോഹനകൃഷ്ണൻ, പി ജെ ജോബ്, ദളിത് കവി കെ.കെ.എസ് ദാസ്, കെ.ഡി മാർട്ടിൻ എന്നിവർ ഈ ദൃശ്യം ഫേസ്‌ബുക്കിലൂടെ ലൈവ് ചെയ്യാൻ ശ്രമിച്ചു. ആ സമയം പൊലീസ് ഇവരെയും അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹർത്താൽ തകർക്കുന്നതിനായി പൊലീസ് വ്യാപക അറസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വടകരയിൽ ജനകീയ മുന്നണി പ്രവർത്തകരായ ശ്രേയസ് കണാരൻ, സ്റ്റാലിൻ വടകര, ആർ കെ ബാബു എന്നിവരെ അറസ്റ്റ് ചെയ്തു. ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ ദളിത് വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തി. ഹർത്താലിന്റെ പേരിൽ ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പടെയുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

ദളിത് ഹർത്താൽ പൊളിക്കാൻ പൊലീസ് നടത്തിയ ശ്രമമാണ് നേതാക്കളുടെ അറസ്റ്റെന്നും ഇവരെ അന്യായമായാണ് തടവിൽ പാർപ്പിച്ചതെന്നും ദളിത് വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു. ഹർത്താൽ സമാധാനപരമാണെന്നും സംഘർഷമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ചിലരുടെ ശ്രമമെന്നും വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.