ന്യൂഡൽഹി: പഞ്ചാബിലെ കലാപം നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച മുൻ ഡിജിപി കെ.പി.എസ്. ഗിൽ(82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ പഞ്ചാബ് പൊലീസിന്റെ തലപ്പത്ത് സേവനം അനുഷ്ടിച്ച ഗിൽ സംസ്ഥാനത്തെ കലാപം നിയന്ത്രിക്കുന്നതിൽ പ്രധാന ചുമതല വഹിച്ചിരുന്നു. ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായിരുന്ന ഗില്ലിനെ 1989ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

പഞ്ചാബിലെ സായുധകലാപം അടിച്ചമർത്തിയതിലൂടെ ഹീറോ ഇമേജിലേക്ക് ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കൻവർ പാൽ സിങ് എന്ന കെപിഎസ് ഗിൽ. പഞ്ചാബിലെ ഖലിസ്ഥാൻ തീവ്രവാദികളെ തുടച്ചുമാറ്റിയതിന്റെ ബഹുമതി ഗില്ലിന്റെ പേരിലാണ്.

അതേസമയം പഞ്ചാബ് കലാപ സമയത്ത് സിംഗും അദ്ദേഹത്തിന്റെ പൊലീസും തീവ്രവാദവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയിരുന്നുവെന്ന ആരോപണം ശക്തമാണ്. 1995 ൽ സർവീസിൽനിന്നു പിരിഞ്ഞ ശേഷവും ഗിൽ കമർനിരതനായിരുന്നു.

തീവ്രവാദവിരുദ്ധപ്രവർത്തനങ്ങളുടെ ഉപദേശകനായും പ്രഭാഷണങ്ങളും എഴുത്തും ഒക്കെയായി സജീവമായിരുന്ന സിങ് ഇന്ത്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനവും വഹിച്ചു. 1989 ൽ ആയിരുന്നു രാജ്യത്തിന്റെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ സിംഗിന് അദ്ദേഹത്തിന്റെ സേവനകാലത്തെ പ്രവർത്തനങ്ങളുടെ പേരിൽ നൽകി ആദരിക്കുന്നത്.

അതേസമയം, ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരേ സുവർണ ക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറും ആസാമിലെ ഓപ്പറേഷൻ ബജ്രംഗും അനാവശ്യമായിരുന്നുവെന്ന് ഗിൽ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. രണ്ട് ഓപ്പറേഷനുകളിലും പട്ടാളത്തെ ഉപയോഗിച്ചത് സുരക്ഷാ ഏജൻസികളും സാധാരണ ജനങ്ങളും തമ്മിലുള്ള അവിശ്വാസത്തിന് കാരണമായെന്നാണ് അദ്ദേഹം പറഞ്ഞത്.