ആലപ്പുഴ : ജെ എസ് എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ ഗൗരിയമ്മ സി പി എമ്മിലേക്ക് തൽക്കാലം ഇല്ലെന്നു പ്രഖ്യാപിച്ചത് തന്ത്രങ്ങളുടെ ഭാഗമാണെന്ന് ജെ എസ് എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് പ്രദീപ് മറുനാടനോട് പറഞ്ഞു.

സ്വത്തുവകകളിൽ ഗൗരിയമ്മ ജെ എസ് എസിന്റെ നടത്തിപ്പുകാരിയാണെന്ന ്ര്രപമുഖ അഭിഭാഷകനും പിണറായിയുടെ അടുത്ത അനുയായിയും ലാവ്‌ലിൻ കേസിലെ രക്ഷകനുമായ എം കെ ദാമോദരന്റെ കണ്ടെത്തലാണ് സി പി എമ്മിനെ ഇത്തരത്തിൽ അടവുനയത്തിലേക്ക് തിരിയാൻ ഇടയാക്കിയത്. സിപിഎമ്മിലേക്കുള്ള പ്രവേശന തിയതി പ്രഖ്യാപിക്കുമ്പോൾ സ്വത്തുവകകളെല്ലാം തന്റെതു മാത്രമാണെന്നാണ് ഗൗരിയമ്മ സി പി എമ്മിനെ ധരിപ്പിച്ചിരുന്നത്. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നടത്തിപ്പുകാരിയുടെ റോൾ മാത്രമാണ് നിയമപരമായി കണ്ടെത്താൻ കഴിഞ്ഞത്. ഇതോടെയാണ് സി പി എം ചുവടുമാറ്റിയത്.

സ്വത്തുവകകൾ ഗൗരിയമ്മയുടേതാക്കി മാറ്റുകയെന്നത് ഇപ്പോൾ സി പി എമ്മിന്റെ കൂടി കാര്യമായി മാറി. തൊണ്ണൂറ്റി ഏഴിൽ എത്തിനിൽക്കുന്ന ഗൗരിയമ്മയ്ക്ക് ഇക്കാര്യങ്ങൾ ശരിപ്പെടുത്താൻ കഴിയില്ലെന്ന തിരിച്ചറിവാണ് സി പി എമ്മിനെ തന്ത്രങ്ങളിലേക്ക് തിരിച്ചത്. ഗൗരിയമ്മയെ സി പി എമ്മിലേക്ക് ലയിപ്പിക്കാതെ ജെ എസ് എസായി നിലനിർത്തി കാര്യംകാണാനാണ് നീക്കം. ഇടതുചായ്‌വുള്ള ജെ എസ് എസിലേക്ക് പഴയ നേതാക്കളെയും സംസ്ഥാന കൗൺസിൽ അംഗങ്ങളെയും അടുപ്പിക്കുകയെന്നതാണ് ആദ്യതന്ത്രം.

നിലവിൽ ജെ എസ് എസ് വിട്ടുപോയ ഗൗരിയമ്മയ്‌ക്കൊപ്പം നാലുപേർ മാത്രമാണുള്ളത്. ഇപ്പോൾ അഡ്വ. പി എസ് പ്രദീപ് പ്രസിഡന്റായുള്ള ജെ എസ് എസിനാണ് അംഗീകാരമുള്ളത്. ഇവർക്കൊപ്പം നൂറ്റിഇരുപത്തിയെട്ട് സംസ്ഥാന സമിതി അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതാണ് ഔദ്യോഗീക പാർട്ടി സെന്റർ. ഇവർ വിചാരിച്ചാൽ മാത്രമെ ഇനി ഗൗരിയമ്മയ്ക്ക് സ്വത്തിൽ കൈവെക്കാൻ കഴിയുകയുള്ളു. ഗൗരിയമ്മ ജെ എസ് എസ്സായി തുടർന്നാൽ ഇടത് ആഭിമുഖ്യമുള്ള ഔദ്യോഗിക ജെ എസ് എസിനെയും വരുതിയിൽ കൊണ്ടുവരാമെന്നാണ് സി പി എം കരുതുന്നത്.

ഇതിനായി കോടിയേരി ബാലകൃഷ്ണൻ ജെ എസ് എസ് സംസ്ഥാന പ്രസിഡന്റ് പി എസ് പ്രദീപിനെ ക്ഷണിച്ചതായാണ് അറിയുന്നത്. പ്രദീപും പ്രവർത്തകരും എത്തിക്കഴിഞ്ഞാൽ പുതിയ പ്രമേയത്തിലൂടെ ഗൗരിയമ്മയിലേക്ക് അധികാരം എത്തിക്കുകയെന്ന തന്ത്രമാണ് എം കെ ദാമോദരൻ നിർദ്ദേശിച്ചിട്ടുള്ളത്. ഗൗരിയമ്മയുടെ പക്കലുള്ള രേഖകളുടെ പരിശോധന നടത്തിയതും പ്രതിവിധി നിർദ്ദേശിച്ചതും ദാമോദരനായിരുന്നു. ദാമോദരന്റെ നിർദ്ദേശ പ്രകാരമാണ് പിണറായി ഗൗരിയമ്മയുമായി ഇന്നലെ ചർച്ച നടത്തിയത്.

കമ്യൂണിസ്റ്റ് പാർട്ടിയിൽ ജനാധിപത്യവത്കരണം സാധ്യമാക്കണമെന്ന പേരിലാണ് ഗൗരിയമ്മ സി പി എമ്മുമായി ഉടക്കി സ്വന്തം നിലയിൽ ജെ എസ് എസുണ്ടാക്കിയതും യുഡിഎഫുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചതും. പിന്നീട് ഇടതുമായും സി പി എമ്മുമായും വർഷങ്ങളോളം കടുത്ത എതിർപ്പിലായിരുന്നു. എന്നാൽ പിന്നീട്, ഒരുവർഷം മുമ്പു ഗൗരിയമ്മ വിളിച്ചു ചേർത്ത ജെ എസ് എസിന്റെ സംസ്ഥാനനയരൂപീകരണയോഗത്തിൽനിന്നു കെ രാജൻബാബുവും കെ കെ ഷാജു എം എൽ എയും ഇറങ്ങിപ്പോയ സാഹചര്യമുണ്ടായി. ഗൗരിയമ്മയുടെ ഇടത് ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

ഇതോടെ ഇരുവരും ജെ എസ് എസിൽനിന്നു പുറത്താവുകയും വിമത ജെ എസ് എസിനു രൂപം നല്കുകയും ചെയ്തു. ഇപ്പോളാകട്ടെ, പി എസ് പ്രദീപ് പ്രസിഡന്റായ ഔദ്യോഗിക ജെ എസ് എസിനോടു ചോദിക്കാതെ, ഗൗരിയമ്മ ഒപ്പമുള്ള നാലുപേരുമായി സി പി എം പാളയത്തിലേക്കു ചുവടുമാറുമെന്നായതോടെയാണ് ഗൗരിയമ്മയെ പുറത്താക്കിയത്്. പാർട്ടിവക സ്വത്തുക്കളുടെയും ഓഫീസുകളുടെയും അധികാരം ഔദ്യോഗികനേതൃത്വത്തിനാണുള്ളത്, ഗൗരിയമ്മ വെറും നോട്ടക്കാരി മാത്രം. അഭിഭാഷകയായിട്ടുപോലും ഇതോർക്കാതെയാണ് അവർ സി പി എമ്മിലേക്കുപോകാൻ നടത്തിയ ശ്രമം തിരിച്ചടിയായത്.