പേരാവൂർ: പേരാവൂരിലെ അനാഥ - അഗതിമന്ദിരത്തിൽ കൊ വിഡ് പിടിമുറുക്കുന്നത് അശരണരായ അന്തേവാസികളുടെ ജീവന് ഭീഷണിയാകുന്നു. ഇതുവരെ ഇവിടെ കൊ വിഡ് ബാധിച്ച് നാലുപേർ മരിച്ചിട്ടുണ്ട്.

പേരാവൂർ തെറ്റുവഴിയിലെ കൃപാഭവനിലാണ് രോഗവ്യാപനം അതിരൂക്ഷമായത്. ഇവിടുത്തെ അന്തേവാസികളായ 234 നാലുപേരിൽ പകുതിയോളം പേർക്കും രോഗം ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാവർക്കും രണ്ട് ഡോസ് വാക്‌സിനേഷൻ നൽകിയിട്ടുണ്ടെങ്കിലും ഇതുകൊണ്ടെന്നും രോഗവ്യാപനത്തിന് പരിഹാരമല്ലാത്ത അവസ്ഥയാണെന്ന് നടത്തിപ്പുകാർ ചുണ്ടിക്കാട്ടുന്നു
മാനസിക വിഭ്രാന്തി അടക്കമുള്ള വിവിധ രോഗങ്ങളുള്ളവരാണ് ഇവിടുത്തെ അന്തേവാസികൾ.

അതുകൊണ്ടുതന്നെ രോഗബാധിതരാകുന്നവർക്ക് ബോധവൽക്കരണം നടത്തി ആവശ്യമായ പരിചരണം നൽകുന്നതിന് സാധ്യമല്ലാത്ത സ്ഥിതിയിലാണ് . കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ മരണം ഉണ്ടാകുന്നത് . 72 കാരനായ മുരിങ്ങോടി സ്വദേശി രാജനായിരുന്നു അത്. തുടർന്ന് ചൊവ്വാഴ്ച മൂന്നു പേരും മരിച്ചു. കണിച്ചാർ ചാണപ്പാറ സ്വദേശി പള്ളിക്കമാലിൽ മേരി (66) , മാനന്തേരി കാവിന്മൂല സ്വദേശി സജിത്ത് (33) , ഉത്തർപ്രദേശ് സ്വദേശി സന്ദേശ് (43) എന്നിവരാണ് മരിച്ചത്.

25നും 95 നും ഇടയിലുള്ളവരാണ് ഇവിടുത്തെ അന്തേവാസികൾ. ഇവരിൽ 59 പേർ സ്ത്രീകളുള്ളതിൽ ആറുപേർ രോഗബാധിതരാണ്. ഇവരടക്കം രോഗബാധിതരായ പലരുടെയും നില വളരെ പരിതാപകരമാണെന്നാ ണ് സ്ഥാപന ഡയറക്ടർ സന്തോഷ് പറയുന്നത്. ഇത്തരം ഒരു രോഗമായതുകൊണ്ടുതന്നെ ആർക്കും ഇവിടെ വരാനോ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു തരാനോ പറ്റാത്ത അവസ്ഥയാണ്. ആരോഗ്യവകുപ്പും നിസ്സഹായാവസ്ഥയിലാണ്.

വിവരമറിഞ്ഞ പലരും അരി പോലുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ചു തരുന്നുണ്ടെങ്കിലും അവർക്കാവശ്യമായ മരുന്നുകളുടെ ക്ഷാമം രൂക്ഷമാണെന്ന് സന്തോഷ് പറയുന്നു. അന്തേവാസികളിൽ നിരവധിപേർ മാനസിക രോഗികളാണ് . ഇവർക്ക് ഒരു മാസം മരുന്നിനു മാത്രം മുപ്പതിനായിരം രൂപയോളം വേണം. രണ്ടേകാൽ ലക്ഷത്തോളം രൂപ മരുന്ന് വാങ്ങിയ വകയിൽ ഒരു കമ്പനിക്ക് നൽകാനുണ്ടെന്നും സന്തോഷ് പറഞ്ഞു.

എന്തെങ്കിലും അതിവേഗം സർക്കാർ സംവിധാനങ്ങൾ ചെയ്തില്ലെങ്കിൽ ഇവിടെ വൻ ദുരന്തമുണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ