- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രത്തിൽ കാര്യങ്ങൾ നടത്താൻ ഇവിടെ ഒരു പ്യൂണിന്റെ ആവശ്യമില്ല; നിയമസഭയിലേക്ക് ബിജെപി സ്ഥാനാർത്ഥികളെ ജയിപ്പിച്ചുവിടൂ: കൃഷ്ണകുമാർ
തിരുവനന്തപുരം: കേന്ദ്രത്തിൽ കാര്യങ്ങൾ നടത്താൻ ഇവിടെ ഒരു പ്യൂണിന്റെ ആവശ്യമില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ. ഒരു ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും നമുക്ക് നേരിട്ട് നടത്താവുന്നതേയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് നിയമസഭയിലേക്ക് ബിജെപി സ്ഥാനാർത്ഥികളെ ജയിപ്പിച്ചുവിടുകയാണ് വേണ്ടെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
'തിരുവനന്തപുരത്ത് വികസനം നടത്തുന്നുണ്ടെന്ന് ഒരു സിറ്റിങ് എംഎൽഎയും സിറ്റിങ് അല്ലാത്ത എംഎൽഎയും വിശദീകരിക്കുന്നു. നമ്മുടെ മണ്ഡലത്തിൽ കാണാവുന്ന ഒരു വികസനം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള ബൈപ്പാസ് മാത്രമാണ്. പക്ഷേ അവിടുത്തെ എംപിയും എംഎൽഎയും യാതൊരു ഊളുപ്പുമില്ലാതെ അതിന് ചുറ്റും ഫ്ളക്സുകൾ വെയ്ക്കുകയാണ്.' - കൃഷ്ണകുമാർ പറഞ്ഞു.
അതിസുന്ദരമായിരുന്ന തിരുവനന്തപുരത്തെ അവഗണിക്കുക മാത്രമല്ല, മാലിന്യ കൂമ്പാരമാക്കി മാറ്റിയിരിക്കുന്നുവെന്നും കൃഷ്ണകുമാർ ആരോപിച്ചു. തീരദേശത്തെ മത്സ്യത്തൊഴിലാളികളെക്കുറിച്ച് വാതോരാതെ പറയുന്നവർ കഴിഞ്ഞ ആറ് പതിറ്റാണ്ടായി അവരെ വഞ്ചിച്ച് വോട്ട് ബാങ്കാക്കി മാറ്റിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വിശ്വാസികളുടെ ആചാരങ്ങളും വിശ്വാസങ്ങളും തകർത്ത അവിശ്വാസികളായ കമ്യൂണിസ്റ്റുകൾ ന്യൂനപക്ഷത്തിന്റെ വിശ്വാസങ്ങൾ നിഷ്പ്രയാസം തല്ലിത്തകർക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. ജനങ്ങൾ ഈ വഞ്ചന തിരിച്ചറിയണമെന്നും ഈ കാട്ടാള ഭരണത്തിനെതിരേ വിധി എഴുതാൻ കിട്ടുന്ന അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ