കൊച്ചി: ഭാര്യയും മകനും ഏറ്റെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഒരാഴ്ചയിലേറെയായി കോട്ടയം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ അനാഥമായി കിടന്ന, പ്രമുഖ നാടകപ്രവർത്തകൻ കൃഷ്ണമുരളിയുടെ മൃതദേഹം ഒടുവിൽ നാട്ടുകാരും അകന്ന ബന്ധുക്കളും മകളുടെ ഭർത്താവും ചേർന്ന് ഇന്നു രാവിലെ ഏറ്റെടുത്തു. നാട്ടിലേക്ക് കൊണ്ടുവരാതെ മൃതദേഹം കോട്ടയത്തു തന്നെയുള്ള പൊതുശ്മശാനത്തിൽ സംസ്‌കരിക്കാനാണ് തീരുമാനം.

ഇരുപത്തൊന്നു വർഷമായി കുടുംബത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ആളാണ് കൃഷണമുരളി എന്നു പറഞ്ഞു ജഡം ഏറ്റെടുക്കാൻ ഭാര്യയും മകനും എത്താത്തതിനാൽ ഒരാഴ്ചയിലധികമായി മെഡിക്കൽകോളേജിൽ അനാഥമായിക്കിടക്കുകയായിരുന്നു. വാഹനാപകടത്തെത്തുടർന്നു രണ്ടു വർഷം മുമ്പ് ഒരു കാലു നഷ്ടപ്പെട്ട കൃഷ്ണമുരളിയുടെ കിഡ്‌നിയുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടു കഴിഞ്ഞ 15-ാം തിയതിയാണു കൃഷ്ണമുരളി മരണത്തിനു കീഴടങ്ങിയത്. കൃഷണ മുരളിയുടെ മരണം കോട്ടയം മെഡിക്കൽകോളേജ് അധികൃതർ വിട്ടുകാരെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ തയാറല്ലെന്ന് ഇവർ അറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് കൃഷണമുരളിയുടെ സ്വന്തം നാടായ ആലുവ സൗത്ത് വാഴക്കുളം പഞ്ചായത്തു പ്രതിനിധികൾ നേരിട്ട് വിട്ടിലെത്തി മൃതദേഹം ഏറ്റെടുത്തു സംസ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും തങ്ങളുടെ നിലപാടിൽ കൃഷ്ണ മുരളിയുടെ മകൻ മനു ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും പറയുന്നു. പിന്നിട് നാട്ടുകാരും കരയോഗവും പഞ്ചായത്ത് പ്രതിനിധികളും ഇന്നു രാവിലെ കോട്ടയം മെഡിക്കൽകോളേജിൽ എത്തി മൃതദേഹം ഏറ്റെടുത്തു. ഇന്നുതന്നെ മൃതദേഹം കോട്ടയത്തു തന്നെ സംസ്‌കരിക്കാനാണ് തീരുമാനമെന്ന് പഞ്ചായത്ത് മെമ്പർ നസീർ കക്കാട്ടിൽ മറുനാടൻ മലയാളിയോട് പറഞ്ഞു

നാടക പ്രവർത്തകനായിരുന്ന കൃഷണമുരളി കടുത്ത നാടകഭ്രമം തലക്കുപിടിച്ചപ്പോഴാണ് ജിവിതം നാടകത്തിനു വേണ്ടി ഉഴിഞ്ഞുവക്കാൻ ഇ.എസ് ഐ ഡിസ്‌പെൻസറിയിൽ ഉണ്ടായിരുന്ന സർക്കാർ ജോലി ഉപേക്ഷിച്ച് വിടു വിട്ടിറങ്ങുന്നത്. രണ്ടാമത്തെ മകൻ മനു ജനിച്ചിട്ട് മൂന്നു മാസം പോലും ആവുന്നതിനു മുൻപാണ് ഇരുപത്തൊന്നു വർഷം മുൻപ് വീടും നാടും ഉപേക്ഷിച്ച് നാടകലോകത്തേക്ക് ഇയാൾ തിരിയുന്നത്. പിന്നിട് നാടകകൃത്ത്, സംവിധായകൻ, നടൻ, എന്നി നിലകളിൽ ആയിരത്തിലേറെ വേദികളിൽ കൃഷ്ണമുരളി നിറഞ്ഞു നിന്നു. അരങ്ങിൽനിന്ന് അരങ്ങുകളിലേക്കുള്ള പരക്കം പാച്ചിലിനിടയിൽ കൃഷ്ണമുരളി കുടുംബത്തെ മറന്നു. തന്റെ വയോധികമാതാവിനെയും ഭാര്യയെയും പറക്കമുറ്റാത്ത രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് അയാൾ ചങ്ങനാശ്ശേരിയിലേക്ക് താമസം മാറ്റി

ആലുവ രചന, അങ്കമാലി പൗർണമി, കോതമംഗലം ആരതി, വർക്കല ഭുമിക, ഓച്ചിറ നിള, കൊച്ചി സർഗക്ഷേമം എന്നി നാടകട്രൂപ്പുകളിൽ നുറു കണക്കിന് നാടകങ്ങളിൽ നിറസാന്നിധ്യമായി കൃഷ്ണമുരളി. തൃശൂർ കാർത്തികയുടെ 'അളത്തൽ' എന്ന നാടകത്തിൽ ഒരു വേദിയിൽ അഞ്ചു വേഷങ്ങളിൽ നിറഞ്ഞാടിയ കൃഷ്ണമുരളിയെ കേരളത്തിലെ പല നാടക പ്രവർത്തകർക്കും ഇന്നും മറക്കാൻ സാധിക്കില്ല.

2014 സെപ്റ്റംബർ മാസത്തിൽ ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പിന്നോട്ടെടുത്ത ബസിന്റെ അടിയിൽപെട്ട് അപകടത്തിൽ കൃഷ്ണ മുരളിയുടെ മുട്ടിനു താഴെ വലുതുകാൽ നീക്കി. അതോടെ നാടകാഭിനയം നിലച്ചു. ഇതിനോടൊപ്പം കിഡ്‌നി തകരാറുമൂലം ഡയാലിസിസ് ചെയ്യേണ്ടിവന്നു. കയ്യിലുണ്ടായിരുന്ന പണമെല്ലാം അതോടെ തീർന്നു. ചില സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു പിന്നിടുള്ള ചികിത്സകൾ. ഈ മാസമാദ്യം ആരോഗ്യസ്ഥിതി മോശമായപ്പോൾ വീണ്ടും ആലുവ ജില്ലാ ആശുപതിയിലേക്കും അവിടെനിന്ന് രണ്ടാഴ്‌ച്ച മുൻപ് എറണാകുളം ജനറൽ ആശുപത്രിയിലേക്കും അവിടെനിന്നു കോട്ടയം മെഡിക്കൽ കോളേജിലേക്കും കൃഷ്ണ മുരളിയെ ചികിത്സയ്ക്കായി മാറ്റി. എന്നാൽ കഴിഞ്ഞ 15-ാം തിയതി കൃഷണമുരളി മരണപ്പെട്ടു. വിവരം മെഡിക്കൽകോളേജ് അധികൃതർ ബന്ധുകളെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ കുടുംബമോ ബന്ധുക്കളോ തയാറായില്ല.

ഇരുപതുവർഷത്തിലെറെയായി ഈ കുടുബത്തിലെ ഒരു കാര്യത്തിനും കൃഷണമുരളി തിരിഞ്ഞു നോക്കിട്ടില്ലത്രേ. മകളുടെ കല്യാണത്തിന് വിളിച്ചിട്ടും അറിയിച്ചിട്ടും വരണമെന്നു പറഞ്ഞിട്ടും വന്നില്ലെന്നു നാട്ടുകാർ പറയുന്നു. അടുത്തുള്ള കുടിവെള്ള കമ്പനിയിലും മറ്റും ജോലി ചെയ്താണ് കൃഷണമുരളിയുടെ ഭാര്യ കുട്ടികളെ പഠിപ്പിച്ചതും മകളെ വിവാഹം കഴിപ്പിച്ചയച്ചതുമെന്ന് ഇവർ പറയുന്നു. മൂന്നു മാസം മുൻപ് കൃഷണമുരളി ഭാര്യയും മകനും അമ്മയും താമസിക്കുന്ന വാടക വിട്ടിൽ വന്നിരുന്നതായി അയൽപക്കക്കാർ പറയുന്നു. ഒരു മണിക്കൂർ പോലും ഇവിടെ നിന്നില്ലെന്നും ഇവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

മൃതദേഹം ഏറ്റെടുക്കണമെന്നു മെഡിക്കൽകോളേജ് അധികൃതർ അറിയിച്ചെങ്കിലും ഇവർ ഏറ്റെടുക്കാൻ തയാറായില്ല. കൃഷ്ണമുരളിയുടെ അമ്മക്കു പോലും മൃതദേഹം കാണണ്ട എന്നാണ് ഇതിനെകുറിച്ച് അന്വേഷിച്ചെത്തിയ പഞ്ചായത്തു പ്രതിനിധികളായ തങ്ങളോടു പറഞ്ഞതെന്ന് വാഴക്കുളം പഞ്ചായത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ മണി മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ട് ഏക്കറോളം സ്ഥലമുണ്ടായിരുന്ന കൃഷണമുരളി ഇതു പലപ്പോഴായി മുൻപ് വിറ്റിരുന്നതായും നാട്ടുകാർ പറയുന്നു ഇപ്പോൾ നിലവിൽ 10 സെന്റ് സ്ഥലം മാത്രമായി അവിടെ ഒരു വീട് വയ്ക്കാൻ ഒരുങ്ങുകയാണ് മകൻ മനുവും കൃഷ്ണമുരളിയുടെ ഭാര്യയും. വീടുപണികൾ നടക്കുമ്പോൾ കൃഷ്ണമുരളി മരണപ്പെട്ട സാഹചര്യത്തിൽ അയാളുടെ സ്വന്തം ഭുമിയിൽ കൃഷ്ണമുരളിയുടെ മൃതദേഹം സംസ്‌കാരിച്ചുകുടേയെന്നു ചില നാട്ടുകാർ ചോദിക്കുന്നുണ്ട്. പക്ഷെ അതിന് അവർ തയാറായിരുന്നില്ല. മകൻ മനു തന്റെ തിരുമാനത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നെന്നും വേറൊന്നും ഇതിനെ കുറിച്ച് സംസാരിക്കാനില്ലെന്നും മറുനാടനോട് പ്രതികരിച്ചു

അവസാനം നാട്ടുകാരും പഞ്ചായത്തു മെമ്പർമാരും ചില ബന്ധുക്കളും ചേർന്നു നടത്തിയ ചർച്ചകളെ തുടർന്നാണ് കൃഷണമുരളിയുടെ മൃതദേഹം ഏറ്റെടുത്തു നാട്ടിലെത്തിക്കാതെ എവിടെയെങ്കിലും സംസ്‌കരിക്കാൻ തീരുമാനിച്ചത്.