ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതികളെ കൈയാമം വച്ച് പരസ്യമായി കൊണ്ടു പോയ പൊലീസ് ഉദ്യോഗസ്ഥർ പെട്ടു. നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിരീക്ഷിച്ചു. ഇത്തരം കേസുകൾ കോടതിയുടെ പരിഗണനയിൽ ആണെങ്കിൽ പോലും കമ്മിഷന് ഇടപെടാമെന്ന് ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. ഇതോടെ ഒരു നീതീകരണവുമില്ലാതെ പ്രതികളെ കൈയാമം വച്ച ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്കെതിരേ നടപടിയുണ്ടാകാൻ സാധ്യത ഏറി. പൊലീസുകാർക്ക് എതിരേ നഷ്ടപരിഹാരം ഈടാക്കണമെന്ന കേസ് മനുഷ്യാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് കമ്മിഷൻ അറിയിച്ചു.

വിഎസിന്റെ വലംകൈയായിരുന്ന ചേർത്തല കഞ്ഞിക്കുഴി സ്വദേശി പി. സാബുവാണ് പൊലീസിനെതിരെ കമ്മിഷനിൽ ഹർജി നൽകിയത്. ഇതിന് എതിരേ ആരോപണ വിധേയരായ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി കമ്മിഷന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, പൊലീസുകാരുടെ വാദങ്ങൾ കമ്മിഷൻ മുമ്പാകെ സമർപ്പിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത് എസ്‌പി പികെ ജയരാജ്, ഡിവൈ എസ്‌പി എംവി രാജേന്ദ്രൻ, എഎസ്‌ഐ ടി ശ്യാംജി, സിപിഒ അലി അക്‌ബർ എന്നിവരാണ് പ്രതികൾ.

കൈയാമം വയ്‌ക്കേണ്ട പ്രതികൾ ആരൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്ന് പൊലീസുദ്യോഗസ്ഥർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കേ കൈയാമം വച്ച കേസ് കമ്മിഷനിൽ നിലനിൽക്കുകയില്ലെന്നായിരുന്നു രണ്ടാമത്ത വാദം. കൈയാമം വച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് സാബുവിന്റെ അഭിഭാഷകനും വാദിച്ചു. മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നത് സ്മാരകം തകർത്ത കേസാണെന്ന് കമ്മിഷൻ ഉത്തരവിൽ നിരീക്ഷിച്ചു. അതിന് കൈയാമം വച്ചതിനെ തുടർന്നുണ്ടായ മനുഷ്യാവകാശ ലംഘനവുമായി യാതൊരു ബന്ധവുമില്ല.

അനാവശ്യ സന്ദർഭങ്ങളിൽ കൈയാമം വയ്ക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണെന്ന് കമ്മിഷൻ കണ്ടെത്തി. കൈയാമം വയ്‌ക്കേണ്ട സന്ദർഭങ്ങൾ സംബന്ധിച്ച് സുപ്രീംകോടതിയുടെ വ്യക്തമായ മാർഗനിർദ്ദേശമുണ്ട്. സ്മാരകം തകർത്ത കേസിൽ അറസ്റ്റിലായവരെ കൈയാമം വയ്‌ക്കേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നില്ലെന്നും കമ്മിഷൻ കണ്ടെത്തി. പ്രതികൾ സ്ഥിരം കുറ്റവാളികളല്ല, അവർ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന സാഹചര്യമില്ല.

മനുഷ്യാവകാശ ലംഘനം കണ്ടെത്തിയാൽ കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ പോലും മനുഷ്യാവകാശ കമ്മിഷന് ഇടപെടാമെന്ന് നിയമം അനുശാസിക്കുന്നതായി കമ്മിഷൻ നിരീക്ഷിച്ചു. ഇത് പാർലമെന്റ് നിയമനിർമ്മാണത്തിലൂടെ നൽകിയ അധികാരമാണ്. നിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച ചട്ടങ്ങൾ നിയമത്തിന് മുകളിലല്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.