തിരുവനന്തപുരം: വർക്കല ന്യൂ ജംഗിൾ ക്ലിഫ് റിസോർട്ട് മയക്കുമരുന്ന് കേസിൽ ഫെബ്രുവരി 11 മുതൽ റിമാന്റിൽ കഴിയുന്ന ഏഴാം പ്രതി 21 കാരിയായ യുവതിക്ക് ജാമ്യമില്ല. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. ഏഴാം പ്രതി വട്ടച്ചാൽ സ്വദേശിനി കൃഷ്ണപ്രിയ (21) യുടെ ജാമ്യഹർജിയാണ് വിചാരണ കോടതി തള്ളിയത്. ഇത്തരം കേസുകളിൽ സ്ത്രീയെന്ന പരിഗണനക്ക് യുവതി അർഹയല്ലെന്ന് ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി.

ഒന്നാം പ്രതി റിസോർട്ട് ഉടമക്കും കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. യുവതിയായ പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതാണ്. കേസ് ഡയറി പരിശോധിച്ചതിൽ പ്രതിയുടെ പങ്കും പങ്കാളിത്തവും പ്രഥമദൃഷ്ട്യാ വെളിവാക്കുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതിയെ സ്വതന്ത്രയാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോൾ പ്രതിയെ ജാമ്യത്തിൽ വിട്ടയക്കാനാവില്ലെന്നും ജാമ്യഹർജി തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 11 നാണ് സംഭവം നടന്നത്. 7.320 കിലോ കഞ്ചാവും 90 മി.ഗ്രാം എം ഡി എം എയും ഇലക്ട്രോണിക് ത്രാസും പൗച്ചും റിസോർട്ടിലെ മെയർ ഹോളിഡേസ് കോട്ടേജിൽ സൂക്ഷിച്ച് വിൽപ്പനക്കായി കൈവശം വച്ചുവെന്നാണ് കേസ്. 21 കാരിയായ യുവതി അടക്കം 10 പ്രതികൾ റിസോർട്ടിലെ കോട്ടേജിൽ തങ്ങിയാണ് യുവതിയെ മുൻനിർത്തി സംശയം തോന്നാത്ത വിധം ബീച്ച് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തി വന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാപ്പിൽ , ഇടവ , പരവൂർ , വർക്കല എന്നീ സ്ഥലങ്ങളിൽ യുവാക്കളെ കേന്ദ്രീകരിച്ച് ഇവർ കച്ചവടം നടത്തിവരികയായിരുന്നു. പ്രതികളിൽ നിന്നും 2 ബൈക്കുകളും ഒരു കാറും 12 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

വർക്കല പെരുകുളത്തിന് സമീപം ന്യൂ ജംഗിൾ ക്ലിഫ് റിസോർട്ടുടമ ഇടവ ഓടയം തൈക്കാപ്പള്ളിക്ക് സമീപം അൽ അമൻ വിട്ടിൽ സൽമാൻ (27) , മാവിൻ മൂട് ഷൈജു (37) , മുണ്ടയിൽ സ്വദേശി വിഷ്ണു (25) , ശ്രീനിവാസപുരം സ്വദേശികളായ നാച്ച (23) , സലീം (25) , കുറമണ്ഡലം സ്വദേശിനിഷാദ് (21) , വട്ടച്ചാൽ സ്വദേശിനി കൃഷ്ണപ്രിയ (21) , മണ്ണാറ സ്വദേശി ആഷിഖ് (23) , കുറഞ്ഞിലക്കാട് സ്വദേശി സൽമാൻ (27) , ഭൂതക്കുളം സ്വദേശി സന്ദേശ് (25) എന്നിവരാണ് കേസിലെ 1 മുതൽ 10 വരെയുള്ള പ്രതികൾ. 10 പേരും ഫെബ്രുവരി 11 ന് വൈകിട്ട് 4 മണിക്ക് അറസ്റ്റ് ചെയ്യപ്പെട്ടു.

റിസോർട്ട് വാടകയ്ക്കെടുത്ത് വൻ കഞ്ചാവ് വിൽപ്പനയാണ് കാലാകാലങ്ങളായി സംഘം നടത്തി പോന്നത്. ഒരാളുടെ പേരിലുള്ള റിസോർട്ടിൽ മറ്റു 9 പേരും നടത്തിപ്പുക്കാരാണ്. കഞ്ചാവ് കച്ചവടത്തിലെ പരിചയം കൃഷ്ണപ്രിയയേയും ഒൻപത് സുഹൃത്തുക്കളെയും കൊണ്ടെത്തിച്ചത് റിസോർട്ട് ബിസിനസിൽ ആയിരുന്നു. റിസോർട്ടിന്റെ മറവിൽ മയക്കുമരുന്ന് വില്പനയുടെ സാദ്ധ്യതകൾ മനസിലാക്കിയ സംഘം 2 വർഷത്തോളമായി കഞ്ചാവ് വിൽപ്പനയുമായി സജീവമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിനു മുൻപൊരിക്കലും പിടിക്കപ്പെടാത്തത് പ്രതികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയായിരുന്നു. അതുകൊണ്ട് തന്നെ യാതൊരു മുൻകരുതലുകളും എടുക്കാത്തതാണ് 7 കിലോയിലധികം കഞ്ചാവ് പിടികൂടാൻ കാരണം ആയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

ചെറിയ ചെറിയ കഞ്ചാവ് വാഹകർ ആയിരുന്നവർ പിന്നീട് ഒന്നിച്ചു കൂടി റിസോർട്ട് എന്ന ആശയത്തിലേക്ക് ഒന്നിക്കുകയായിരുന്നു. റിസോർട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെയും വിദേശികളെയും ലക്ഷ്യമിട്ടായിരുന്നു റിസോർട്ടിലെ കഞ്ചാവ് വിൽപന. പെർമിറ്റ് ഇല്ലാതെയാണ് സ്ഥാപനം നടത്തിയിരുന്നതും.