തിരുവനന്തപുരം: താനുമായുള്ള ലിപ്പ്‌ലോക്ക് രംഗങ്ങളുടെ പേരിൽ സൈബർ അധിക്ഷേപങ്ങൾക്ക് ഇരയാകുന്ന നടി ദുർഗ കൃഷ്ണയെ പിന്തുണച്ച് നടൻ കൃഷ്ണ ശങ്കർ. സിനിമകളിലെ ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുന്ന നായികമാർക്ക് മാത്രമാണ് വിമർശനങ്ങൾ നേരിടേണ്ടി വരുന്നതെന്ന് കൃഷ്ണശങ്കർ പറഞ്ഞു.

രണ്ട് പേരും അവരവരുടെ ജോലിയാണ് ചെയ്യുന്നതെന്നും എന്നാൽ സ്ത്രീകൾക്ക് മാത്രം വിമർശനം നേരിടേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും കൃഷ്ണ ശങ്കർ പറഞ്ഞു. ദുർഗ കൃഷ്ണയും കൃഷ്ണ ശങ്കറും ഒന്നിക്കുന്ന പുതിയ ചിത്രം 'കുടുക്കി'ലെ ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. ഇന്റിമേറ്റ് രംഗങ്ങളോടുകൂടിയ ഗാനം റിലീസ് ചെയ്തതിന് പിന്നാലെ ദുർഗയ്ക്ക് നേരെയുണ്ടായ വിമർശനങ്ങളെ തുടർന്നാണ് കൃഷ്ണ ശങ്കറിന്റെ പ്രതികരണം.

സംഭവത്തിൽ കൂട്ടുപ്രതിയായ താൻ വീട്ടുകാരുമൊത്ത് സുഖമായിരിക്കുമ്പോഴും ദുർഗയ്ക്കും കുടുംബത്തിനുമെതിരെ വൻ വിമർശനമാണ് ഉണ്ടാകുന്നതെന്ന് കൃഷ്ണ ശങ്കർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ദുർഗയുടെ ഭർത്താവിനെ നട്ടെല്ലില്ലാത്തവൻ എന്ന് വിളിക്കുമ്പോൾ എത്ര പേർക്ക് അദ്ദേഹത്തെപ്പോലെ സ്വന്തം ഭാര്യയോട് സ്നേഹവും ബഹുമാനവും ഉണ്ടെന്ന് താരം ചോദിക്കുന്നു. നേരത്തെ 'ഉടൽ' എന്ന ചിത്രത്തിനായി ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചതിന് ദുർഗയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ അടക്കം വലിയ വിമർശം നേരിടേണ്ടി വന്നിരുന്നു.

കൃഷ്ണ ശങ്കറിന്റെ കുറിപ്പ്:

ഇന്ന് കുറച്ചു നേരം മുമ്പ് ദുർഗ കൃഷ്ണയുടെ ഒരു കോൾ വന്നു .ഞങ്ങൾ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീൻ കാരണം ഇപ്പോഴും ഇന്ന് ഈ രാത്രിയിലും ദുർഗ്ഗയെയും അവരുടെ ഹസ്ബൻഡ് ആയ അർജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു. ഇതിൽ കൂട്ടുപ്രതിയായ ഞാൻ എന്റെ വീട്ടിൽ കുട്ടികളെയും കളിപ്പിച്ച് ഭാര്യയായി സുഖമായി ഉറങ്ങാൻ പോകുന്നു. രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്. പക്ഷെ വിമർശനം മുഴുവൻ സ്ത്രീയായ ദുർഗ കൃഷ്ണയ്ക്കാണ്.

ഇതിനു മുമ്പ് ഞാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട്, പക്ഷെ അതിൽ അഞ്ച് ലിപ് ലോക്കുമുണ്ട് എന്ന് പറഞ്ഞാൽ ലിപ്ലോക്കിന്റെ ആശങ്കകൾ മാറ്റിവച്ച് ഒരു സെക്കൻഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാൻ ചെയ്യാം. കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം. പക്ഷെ അത് തന്നെ ഇവർക്ക് വരുമ്പോൾ കഴിഞ്ഞ പടത്തിൽ ഇതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന മോശം അനുഭവം കൊണ്ട് ആ സിനിമ തന്നെ ഇവർ ഉപേക്ഷിക്കേണ്ടി വന്നാൽ അത് അവരുടെ ഏറ്റവും വല്യ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും. ഇതിനൊരു മാറ്റം നമ്മൾ തന്നെ കൊണ്ട് വരണം , നട്ടെല്ലില്ലാത്തവൻ എന്നവരുടെ ഭർത്താവിനെ പറയുമ്പോൾ എത്ര ആളുകൾ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്നേഹവും വിശ്വാസവും അവർ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവർ. അതുകൊണ്ട് ഇത്തരത്തിലുള്ള കമന്റുകൾ എഴുതുമ്പോൾ ഒരു നിമിഷം മുമ്പ് നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക.