- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ജീവനക്കാർ നൽകുന്ന പരാതിയുടെ വിശ്വാസ്യത പരിശോധിക്കണമെന്നു നിർദ്ദേശം വിവാദമായി; സർക്കാർ നയത്തിന് വിരുദ്ധമായ സർക്കുലർ റദ്ദാക്കിയത് മന്ത്രി റിയാസ് ഇടപെട്ട്; വിവാദ തീരുമാനത്തിന് പിന്നാലെ ടൂറിസം ഡയറക്ടർ കൃഷ്ണ തേജയെ മാറ്റി; പി ബി നൂഹിന് ചുമതല
തിരുവനന്തപുരം: ടൂറിസം വകുപ്പ് ഡയറക്ടർ കൃഷ്ണ തേജയെ തസ്തികയിൽനിന്ന് മാറ്റി. പുതിയ ടൂറിസം ഡയറക്ടറായി പി.ബി നൂഹിനെ നിയമിച്ചു. ഓഫീസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്തുമെന്ന വിവാദ സർക്കുലർ ഇറക്കിയതിന് പിന്നാലെയാണ് കൃഷ്ണ തേജയെ ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയത്.
ഈ മാസം 17-നാണ് ടൂറിസം ഡയറക്ടർ കൃഷ്ണ തേജ, വനിതാജീവനക്കാർ നൽകുന്ന പരാതിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഇത് വലിയ വിവാദമായതോടെ സർക്കുലർ റദ്ദാക്കിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കൃഷ്ണ തേജയിൽനിന്ന് വിശദീകരണം തേടിയിരുന്നു.
സ്ത്രീസുരക്ഷ മുന്നിൽ നിർത്തി പ്രവർത്തിക്കുന്ന സർക്കാറിൽ നിന്നും ഇങ്ങനെ ഒരു നടപടി ഉണ്ടായത് തെറ്റായ കാര്യമാണെന്നത് അടക്കമുള്ള വിർശനങ്ങളാണ് ഉണ്ടായത്. ഇതോടെ വിവാദമായ സർക്കുലർ റദ്ദാക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് കൃഷ്ണ തേജയെ മാറ്റിയത്.
ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും വനിതാ ജീവനക്കാർ, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരേ നൽകുന്ന പരാതികൾ അന്വേഷണഘട്ടത്തിൽ പിൻവലിക്കുകയോ ആരോപണങ്ങളിൽനിന്ന് പിന്മാറുകയോ ചെയ്യുന്നു. ഇത് അന്വേഷണോദ്യോഗസ്ഥരുടെ സമയം നഷ്ടമാക്കുന്നുവെന്ന് കൃഷ്ണ തേജയുടെ സർക്കുലറിൽ പറഞ്ഞിരുന്നു.
ചില ജീവനക്കാർ തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്. വകുപ്പിന്റെ സൽപേരിനു കളങ്കം ഉണ്ടാക്കുന്ന തരത്തിലും പരാതികൾ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ പരാതികൾ നൽകുന്ന ജീവനക്കാരുടെ വിശദാംശങ്ങൾ പ്രത്യേകം ശേഖരിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്നും സ്ഥാപനമേധാവികൾ ജാഗ്രത പുലർത്തണമെന്നും ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ