കോഴിക്കോട്: സൗഹൃദത്തിൽ നിന്നും പിന്മാറിയതിന് സുഹൃത്ത് നന്ദകുമാറിന്റെ പകയിൽ ജീവൻ നഷ്ടമായ കൃഷ്ണപ്രിയയ്ക്ക് ചിതയൊരുങ്ങിയത് റെയിൽവേ സ്റ്റേഷന് തൊട്ടരികത്തെ വീട്ടുമുറ്റത്ത്. ആകെയുള്ള നാലര സെന്റിൽ പൊന്നോമനയായ മകൾക്ക് അന്ത്യവിശ്രമമൊരുക്കാൻ വേറെ സ്ഥലമുണ്ടായിരുന്നില്ല. ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയായിരുന്ന ആ പെൺകൊടിക്ക് നാട്ടുകാർ കണ്ണീരോടെയാണ് വിട ചൊല്ലിയത്.

വെള്ളിയാഴ്ച കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിലെത്തിച്ചത്. പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് വെച്ചിരുന്നു. കൃഷ്ണപ്രിയയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തിൽ മുഖം മാത്രമാണ് അൽപം തിരിച്ചറിയാനായത്. അത് ഒരു നോക്ക് മാത്രം കണ്ട് നിൽക്കാനേ നാട്ടുകാർക്കുമായുള്ളൂ.

അച്ഛൻ കാട്ടുവയൽ മനോജന്റെ ഹൃദ്രോഗം ഗുരുതരമായതോടെയാണ് കൃഷ്ണപ്രിയ പഞ്ചായത്തിലെ താത്ക്കാലിക ജോലിക്ക് പോയിത്തുടങ്ങിയത്. എം.സി.എ. ബിരുദധാരിയായിരുന്നു. പക്ഷേ, കിട്ടിയ ജോലിക്ക് പോവുകയെന്നത് മാത്രമായിരുന്നു രക്ഷ. എന്നാൽ ജോലി കിട്ടിയതിന്റെ അഞ്ചാംദിനം സുഹൃത്തിന്റെ പ്രണയപ്പകയിൽ നടുറോഡിൽ എരിഞ്ഞടങ്ങാനായിരുന്നു അവളുടെ വിധി.


പാവപ്പെട്ട കുടുംബത്തെ ചേർത്ത് നിർത്തിയതും കൃഷ്ണപ്രിയയുടെ പഠനം പോലും നോക്കിയതും നാട്ടുകാരും പാർട്ടിയുമായിരുന്നു. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നാട്ടുകാരായ പലരും അഭിമുഖത്തിന് വന്നിരുന്നുവെങ്കിലും കൃഷ്ണപ്രിയയ്ക്ക് ജോലി ലഭിക്കാൻ വേണ്ടി പലരും മാറിക്കൊടുത്തു. അത്ര മിടുക്കിയായി പഠിച്ചിരുന്ന കൃഷ്ണപ്രിയയെ ചേർത്ത് നിർത്തുക തന്നെയായിരുന്നു നാട്ടുകാരുടേയും ലക്ഷ്യം. പക്ഷേ, എല്ലാം വെറുതെ ആയത് ഓർക്കുമ്പോൾ നാട്ടുകാർക്കും സങ്കടം സഹിക്കാനാവുന്നില്ല.

നാലര സെന്റ് സ്ഥലത്തെ ചെറിയ വീടിന്റെ നിലംപണിക്കായി കൂട്ടിയിട്ട ടൈലുകൾ ഇപ്പോഴുമുണ്ട് വീടിന്റെ ഉമ്മറത്ത്. മകൾക്ക് താത്ക്കാലികമായെങ്കിലും ഒരു ജോലി ലഭിച്ചതോടെ ഒരുപാട് സ്വപ്നങ്ങളും ആ വീട്ടുകാർ നെയ്ത് കൂട്ടിയിരുന്നു. പക്ഷേ, എല്ലാം വെറുതെയായി. ഒരിറ്റ് കണ്ണീർ പോലും പൊഴിക്കാനാവാതെ നിർവികാരനായിനിൽക്കുന്ന കാട്ടുവയൽ മനോജിനെയും കുടുംബത്തേയും എങ്ങനെ സമാധാനിപ്പിക്കണമെന്ന് നാട്ടുകാർക്കും അറിയില്ല.

നന്ദകുമാറുമായി കൃഷ്ണപ്രിയയ്ക്ക് സൗഹൃദമുണ്ടായിരുന്നു. അത് വീട്ടുകാർക്കും അറിയാമായിരുന്നു. കൂടുതൽ അടുത്തതോടെ അവന്റെ സൈക്കോ മനസ്സ് തിരിച്ചറിഞ്ഞ കൃഷ്ണപ്രിയ പിന്മാറാൻ ശ്രമിച്ചു. നല്ല വസ്ത്രം ധരിച്ചാൽ, ആളുകളോട് സംസാരിച്ചാൽ, നല്ല രീതിയിൽ മുടി കെട്ടിയാൽ പോലും അവൻ പ്രശ്നമാക്കിയതായി കൃഷ്ണപ്രിയയെ അറിയുന്നവർ പറയുന്നു.

സംശയരോഗത്താൽ കൃഷ്ണപ്രിയയുടെ ഫോൺ നന്ദകുമാർ തട്ടിപ്പറിച്ച് കൊണ്ടുപോയ സംഭവവമുണ്ടായി. പക്ഷേ, ആരോടും ഒന്നും പറയാതെ, പരാതി പോലും നൽകാതെ വീട്ടുകാർ പോലും രഹസ്യമാക്കിവെച്ചത് ദുർവിധിക്കും കാരണമായി.

കൺമുന്നിൽ കണ്ട ദുരന്തത്തിന്റെ ഞെട്ടലിലാണ് തിക്കോടി പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെല്ലാം. സഹപ്രവർത്തകയെ ഓഫിസിനു മുന്നിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടതിന്റെ ആഘാതം ഇപ്പോഴും അവരെ വിട്ടുമാറിയിട്ടില്ല. വാർത്തകളിലൂടെ മാത്രം കേട്ടിട്ടുള്ള ഒരു ദുരന്തം നേരിട്ടു കണ്ട വേദന പറഞ്ഞറിയിക്കാനാവാത്തതാണെന്ന് ഇവർ പറയുന്നു. കൺമുന്നിൽ കണ്ട ദുരന്തം ഓഫിസ് അക്കൗണ്ടന്റ് ഷമീന വിവരിച്ചു.

'രാവിലെ 9.50ഓടെ ഓഫിസിലെത്തിയ ഞങ്ങളാരും വന്ന സമയത്ത് നന്ദു ഓഫിസിനു പുറത്തുണ്ടായിരുന്നില്ല. പിന്നീട് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണു ഞങ്ങളെല്ലാം ഓഫിസിനു പുറത്തേക്കോടിയത്. ഒരു ശരീരം കത്തിതാഴെ വീഴുന്നതും ഒരാൾ തീപ്പന്തം പിടിച്ചു ചുറ്റിലും ഓടുന്നതുമാണു കണ്ടത്, കത്തിക്കരിഞ്ഞു താഴെ വീണതു സഹപ്രവർത്തക കൃഷ്ണപ്രിയ ആണെന്നും അറിഞ്ഞില്ല. തിരിച്ചറിയാൻ പറ്റുംവിധമായിരുന്നില്ല ആ രൂപം. നന്ദുവിനെയും തങ്ങളാരും മുൻപു കണ്ടിട്ടില്ല.' ആ സംഭവം വിവരിക്കുമ്പോഴും ഓഫിസ് അക്കൗണ്ടന്റ് ഷമീനയുടെ കണ്ണുകളിലെ ഭയം മാറുന്നില്ല.

പഞ്ചായത്ത് ഓഫിസിലേക്കു സേവനാവശ്യത്തിനായി വന്ന ഒരാളും ഓഫിസ് ജീവനക്കാരും നിലവിളി കേട്ടെത്തിയ നാട്ടുകാരും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയത്. സമീപത്തുനിന്നു വാഴയില വെട്ടിക്കൊണ്ടുവന്ന് അതിൽ കിടത്തിയാണ് നന്ദുവിനെയും കൃഷ്ണപ്രിയയെയും കൊണ്ടുപോയത്. പഞ്ചായത്ത് ഗ്രൗണ്ടിൽ തന്നെയുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുത്ത് തീയണച്ചു. അപ്പോഴേക്കും സ്ഥലത്ത് പൊലീസും എത്തിയെന്നും ഷമീന പറഞ്ഞു.

നാല് ദിവസങ്ങൾക്ക് മുൻപാണ് കൃഷ്ണപ്രിയ തിക്കോടി ഓഫിസിൽ ജോലിക്കു ചേർന്നത്. കൂടുതലൊന്നും സംസാരിക്കാനും പരിചയപ്പെടാനും സമയമായില്ലെങ്കിലും ശാന്തയായ ഒരു കുട്ടിയായാണ് ഞങ്ങൾക്കു തോന്നിയതെന്ന് തിക്കോടി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പത്മനാഭൻ പറയുന്നു. എങ്കിലും ഈ ദിവസത്തിനിടെ സംസാരിച്ചത് അവളുടെ സ്വപ്നങ്ങളെക്കുറിച്ചായിരുന്നു. പ്ലാൻ ക്ലർക്കുമായി നീറ്റ് പരീക്ഷ എഴുതുന്നതിനെക്കുറിച്ചും ഉപരിപഠനത്തെക്കുറിച്ചുമെല്ലാം ഏറെ സംസാരിച്ചിരുന്നു.