കൊച്ചി: ഫ്‌ലാറ്റ് തട്ടിപ്പിൽ ബിൽഡർമാരായ ദമ്പതികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അന്വേഷണം ശക്തമായതോടെ ക്രിസ്റ്റൽ ഗ്രൂപ്പ് ഉടമയേയും ഭാര്യയേയും പൊലീസ് തെരയുകയാണ്. തട്ടിപ്പ് കേസിൽ കമ്പനിയുടെ മാർക്കറ്റിങ് വിഭാഗം തലവൻ അറസ്റ്റിലായതോടെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു. കൊച്ചിയിൽ ഫ്‌ലാറ്റ് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് വൻതോതിൽ പണം തട്ടിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കെ കെ നമ്പൂതിരി, ലത നമ്പൂതിരി എന്നിവർ ചെയർമാനും , മാനേജിങ് ഡയറക്റ്ററുമായി ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്റ്റൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് അന്വേഷമം. ഈ കമ്പനി കൊച്ചിയിൽ വഴകാലയിൽ നിർമ്മിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിൽ ഫ്‌ലാറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തു 2011 മുതൽ പലതവണകളിലായി 32 ലക്ഷംത്തോളം വാങ്ങി എന്ന തൃക്കാക്കര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം. ഇതേ തുടർന്ന് കമ്പനിയുടെ മാർക്കറ്റിങ് ഡയറക്ടർ കോഴിക്കോട് പേരാമ്പ്ര ചാലികരയിൽ കോമത്ത് വീട്ടിൽ ശിവദാസനെ തൃക്കാക്കാര പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിൽ ഇയാൾ കുടുങ്ങിയതോടെ കെ കെ നമ്പൂതിരിയും ഭാര്യയും ഒളിവിൽ പോവുകയായിരുന്നു.

ഇന്ത്യൻ പാരമ്പര്യവും ആത്മീയവും കോർപ്പറേറ്റ് രീതികളും സമന്വയിപ്പിക്കുന്ന ഫ്‌ലാറ്റ് നിർമ്മാണ കമ്പനിയെന്ന അവകാശ വാദവുമായാണ് ക്രിസ്റ്റൽ ഗ്രൂപ്പ് കളം പിടിച്ചത്. ബംഗഌരുവിലും കൊച്ചിയിലും തിരുവനന്തപുത്തും ഓഫീസുണ്ടെന്നായിരുന്നു അവകാശവാദം. ഗൾഫിലും നിർമ്മാണ പ്രവർത്തനങ്ങളുണ്ടെന്നും 300 കോടി രൂപയുടെ ടേർൺ ഓവർ ഉണ്ടെന്നുമെല്ലാമായിരുന്നു അവകാശ വാദം. ഈ പരസ്യവാചകങ്ങളിൽ കുടുങ്ങി ഫ്‌ലാറ്റിനായി പണം നൽകിയവരാണ് തട്ടിപ്പിന് ഇരയായതെന്നാണ് പൊലീസ് പറയുന്നത്. വലിയ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി ബംഗളൂരുവിലെത്തിയത്.

നമ്പൂതിരിയും ഭാര്യയും എങ്ങോടാണ് മുങ്ങിയത് എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. മൊബൈൽ ടവർ കേന്ദ്രികരിച്ചാണ് അന്വേഷണം. ഇവരെ പിടികൂടിയാൽ മാത്രമേ തട്ടിപ്പിന്റെ യഥാർത്ഥ സ്വഭാവം പുറത്തുവരൂ. തൃക്കാക്കര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പൊലീസ് കമ്പനി ആസ്ഥാനമായാ ബംഗലുരുവിൽ എത്തുന്നത്. ഇവിടെയും പല രീതികളിൽ പണം വാങ്ങി സമനായ തട്ടിപ്പുകൾ നടത്തിയതായി അന്വേഷണ സംഘത്തിന് വ്യക്തമായി. ബംഗലുരുവിലയുള്ള മജീട്രേറ്റിന്റെ കൈയിൽ നിന്ന് വരെ പണം വാങ്ങി തട്ടിപ്പു നടത്തിയ പരാതി മുൻപ് കമ്പനിക്കെതിരെ വന്നിരുന്നതായും പിന്നിട് വേറെ സ്ഥലം എഴുതികൊടുത്തു പ്രശനം ഇവർ പരിഹരിച്ചതായും സൂചനയുണ്ട്. മറ്റ് കേസുകൾ വേറെയുമുണ്ട്.

വഴകാല വിലിജിൽ എന്ന ക്രിസ്റ്റൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് നിർമ്മിക്കുന്ന ഫ്‌ലാറ്റിൽ പറഞ്ഞ പണികൾ പൂർത്തിയായില്ല എന്നാണ് തതൃക്കാക്കര സ്വദേശിയുടെ പരാതി. ഇതുപോലെ പലരിൽ നിന്നും സമാനമായ തട്ടിപ്പുകൾ ഇവർ നടത്തി പണം തട്ടിയെന്നാണ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഏതാണ്ട് 300 കോടിയിൽ അധികം ആസ്തിയുള്ള കമ്പനിയാണ് ക്രിസ്റ്റൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നായിരുന്നു അവകാശ വാദം. മറ്റു പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കിയെന്നും ഇവരെ ഉടൻ പിടികൂടുമെന്നും സിഐ വിപിൻ ദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.