തിരുവനന്തപുരം: അദ്ധ്യാപക അവാർഡിന്റെ പേരിൽ സംസ്ഥാന സർക്കാർ അം​ഗീകൃത സ്കൂളുകളിലെ അദ്ധ്യാപകരോട് കാട്ടുന്നത് തികഞ്ഞ അവ​ഗണനയാണെന്ന് ആരോപണം. കേരള അം​ഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ നിസ്തൂലമായ പ്രവർത്തനം കാഴ്‌ച്ച വെക്കുന്നവരാണ് അം​ഗീകൃത സ്കൂളുകളിലെ അദ്ധ്യാപകർ. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ അം​ഗീകൃത സ്കൂളുകൾ നേടുന്ന മികവുകൾ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയായി ഉയർത്തിക്കാട്ടാറുണ്ട്. എന്നാൽ, ആ മികവുകൾക്ക് പിന്നിലെ ശക്തികളായ അദ്ധ്യാപകരെ അദ്ധ്യാപക പുരസ്കാരത്തിനായി പരി​ഗണിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാ​ഗമായ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരെ മാത്രം പുരസ്കാരത്തിനായി പരി​ഗണിക്കുമ്പോൾ അതേ സിലബസ് പഠിപ്പിക്കുന്ന, അതേ യോ​ഗ്യതയുള്ള അം​ഗീകൃത സ്കൂളുകളിലെ അദ്ധ്യാപകരെ തഴയുന്ന സമീപനമാണ് ആദ്യ കാലം തൊട്ടേ കേരളം ഭരിച്ചവർ കൈക്കൊള്ളുന്നത്. അതേ സമയം, ഈ സ്കൂളുകളുടെ പാഠ്യ-പാഠ്യേതര മികവുകളെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാ​ഗമായി ഉയർത്തിക്കാട്ടാറുമുണ്ട്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സിലബസ് സ്കൂളുകളിൽ സർക്കാർ-എയ്ഡഡ് സ്കൂളുകളെക്കാൾ വളരെ മുന്നിലാണ് അം​ഗീകൃത സ്കൂളുകൾ. എസ്എസ്എൽസി - പ്ലസ്ടു പരീക്ഷകളിൽ വിജയശതമാനത്തിലും മികവിലും സർക്കാർ-എയ്ഡഡ് സ്കൂളുകളെക്കാൾ ഏറെ മുന്നിലാണ് അം​ഗീതകൃത സ്കൂളുകൾ. സാമൂഹിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അം​ഗീകൃത സ്കൂളുകളോട് കിടപിടിക്കാൻ മറ്റ് മേഖലകൾക്ക് ഇനിയും കഴിയില്ല. കലാ-കായിക രം​ഗത്തും അം​ഗീകൃത സ്കൂളുകളുടെ മേന്മ കേരളത്തിന് ബോധ്യമുള്ളതാണ്.

എന്നാൽ അതിന് പിന്നിലെ അധ്വാനത്തിന് അർഹമായ പരി​ഗണന നൽകാത്തത് അഭ്യസ്ത വിദ്യരോടുള്ള അ​വ​ഗണനയാണെന്നും ഇത് അവസാനിപ്പിക്കണം എന്നും കെആർഎസ്എംഎ സംസ്ഥാന പ്രസിഡന്റ് പി കെ മുഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശയും ആവശ്യപ്പെട്ടു.

ഗവൺമെന്റ്/ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരിൽ നിന്നായിരുന്നു അദ്ധ്യാപക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചത്. പ്രധാനാദ്ധ്യപകർക്ക് 20 വർഷവും മറ്റ് അദ്ധ്യാപകർക്ക്  15 വർഷവും അദ്ധ്യായന പരിചയം വേണം എന്നതായിരുന്നു മാനദണ്ഡം. അർഹരായവർ നിശ്ചിത പ്രൊഫോർമയിലുള്ള  4 സെറ്റ്  അപേക്ഷ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയതും 3 മാസത്തിനുള്ളിൽ  എടുത്ത 4  പാസ്‌പോർട്ട്  സൈസ്  ഫോട്ടോയും,   ഫോട്ടോയുടെ  സിഡിയും സഹിതമായിരുന്നു അപേക്ഷിക്കേണ്ടിയിരുന്നത്. പാഠ്യ-പാഠ്യേതര രംഗത്തെ പ്രവർത്തനം പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ സമിതിയാണ് അർഹരെ തിരഞ്ഞെടുത്തത്. പ്രൈമറി വിഭാഗത്തിൽ 14, സെക്കൻഡറി വിഭാഗത്തിൽ 14, ഹയർസെക്കൻഡറി വിഭാഗത്തിൽ എട്ട്, വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ അഞ്ച് എന്നിങ്ങനെയാണ് അദ്ധ്യാപർക്ക് അവാർഡ് ലഭിച്ചത്.