കൊച്ചി: കെ സുധാകരനും കെ സുരേന്ദ്രനും-രണ്ടു പേരും കേരളത്തിന്റെ കെ എസുമാരാണ്. രാഷ്ട്രീയത്തിൽ ചടലുമായ നീക്കങ്ങളുമായി നിറഞ്ഞവർ. കോൺഗ്രസിൽ കെഎസ് ബ്രിഗേഡിന്റെ പോരാട്ടം ഒടുവിൽ ഫലം കണ്ടു. അങ്ങനെ കെപിസിസിയെ നയിക്കാൻ കെ സുധാകരൻ എത്തുന്നു. ബിജെപിക്ക് കെ എസ് ആർമിയാണുള്ളത്. കെ സുരേന്ദ്രന്റെ പട്ടാളം. എന്നാൽ ഇവർ ആശങ്കയിലാണ്. കൊടകരയിലും മഞ്ചേശ്വരത്തും സികെ ജാനു വിവാദത്തിലും കെ സുരേന്ദ്രൻ പ്രതിക്കൂട്ടിലാണ്. പ്രതിരോധത്തിലായ സുരേന്ദ്രന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദം നഷ്ടമാകാനും സാധ്യത ഏറെയാണ്.

അതായത് ബിജെപിയുടെ 'കെഎസ്' രാഷ്ട്രീയ ജീവിതത്തിലെ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നു.കോൺഗ്രസിലെ 'കെഎസി'നു കരിയറിലെ ഏറ്റവും വലിയ അവസരം കൈവന്നിരിക്കുന്നു. ഇപ്പോഴും കെ സുരേന്ദ്രൻ തന്നെയാണ് ബിജെപിയുടെ അധ്യക്ഷൻ. അതുകൊണ്ട് തന്നെ കേരളത്തിലെ പ്രതിപക്ഷത്തെ പാർട്ടി അണികളുടെ അംഗബലം കൊണ്ട് ഏറ്റവും വിലയ രണ്ടു കക്ഷികളായി പരിഗണിക്കുന്ന കോൺഗ്രസിനും ബിജെപിക്കും അധ്യക്ഷന്മാരായുള്ളത് കെ എസുമാരാണ്. സുരേന്ദ്രനെ അധ്യക്ഷനായി തുടരാൻ ബിജെപി കേന്ദ്ര നേതൃത്വം അനുവദിച്ചാൽ കേരളത്തിലെ പ്രതിപക്ഷത്തെ ശബ്ദമായി ഉയർന്നു കേൾക്കുക രണ്ടു കെ എസുമാരുടെ ശബ്ദമാകും.

ബിജെപിക്കു ഭരണമോ ഒറ്റ എംഎൽഎയോ ഇല്ലാത്ത കേരളത്തിലെ പാർട്ടി നേതൃത്വം ഇപ്പോൾ ഒരു വൻ കുഴൽപണച്ചുഴിയിലാണു ചെന്നുപെട്ടത്. സ്വർണക്കടത്തു കേസിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ തലങ്ങും വിലങ്ങും ആക്രമിച്ച ബിജെപി സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രൻ കുഴൽപണക്കേസിന്റെ പേരിൽ പ്രതിരോധത്തിലായി.വലിയതോൽവിയുടെ ആഘാതത്തിനു പിന്നാലെ കൊടകര കുഴൽപണക്കേസും സി.കെ. ജാനുവിനും മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി സുന്ദരയ്ക്കും പണം കൈമാറിയെന്ന ആക്ഷേപവും എത്തി. ഡൽഹിയിലുള്ള സുരേന്ദ്രന് ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാണ്.

പ്രതിരോധത്തിനു പകരം പ്രത്യാക്രമണം തുടങ്ങാനാണു ബിജെപി തീരുമാനം. കൊടകര, ജാനു, സുന്ദര എന്നിവരുമായി ബന്ധപ്പെട്ട പ്രശ്‌നം കൈകാര്യം ചെയ്തതിൽ സുരേന്ദ്രനു പരിചയക്കുറവോ പക്വതക്കുറവോ ഉണ്ടായെന്നു മുതിർന്ന നേതാക്കൾ വിലയിരുത്തുന്നു. ഇതും സുരേന്ദ്രന് തിരിച്ചടിയാണ്. രണ്ടിടത്തു മത്സരിക്കാൻ തീരുമാനിച്ചതിലും ഹെലികോപ്റ്റർ ഉപയോഗത്തിലും പ്രതിക്കൂട്ടിലാണ് കെ എസ് എന്ന കെ സുരേന്ദ്രൻ. എന്നാൽ കോൺഗ്രസിലെ കെ എസ് കരുത്തനാണ്. കെപിസിസി അധ്യക്ഷപദം സുധാകരൻ ഉറപ്പിച്ചു കഴിഞ്ഞു.

കെ.സുധാകരനെ കെപിസിസി പ്രസിഡന്റാക്കണം എന്നാവശ്യപ്പെട്ടാണു കേരളത്തിൽ നിന്ന് ഇമെയിലുകൾ എഐസിസി ആസ്ഥാനത്തേക്കു പ്രവഹിച്ചതെങ്കിൽ കെ.സുരേന്ദ്രനെതിരെയുള്ള പരാതികളാണു ബിജെപി കേന്ദ്ര നേതൃത്വത്തിനു മുന്നിലെത്തുന്നത്. കെ.സുധാകരനെപ്പോലെ കെപിസിസി പ്രസിഡന്റ് പദവി ആഗ്രഹിക്കുകയും അക്കാര്യം പരസ്യമാക്കുകയും ചെയ്ത ഒരു നേതാവ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉണ്ടായിട്ടേ ഇല്ല. പലപ്പോഴും കെ എസ് ബ്രിഗേഡ് ഈ സ്ഥാനം മോഹിച്ച് സോഷ്യൽ മീഡിയയിൽ കെ എസ് എന്ന സുധാകരന് വേണ്ടി രംഗത്തു വന്നു. ഒടുവിൽ അത് സംഭവിച്ചു.

പിണറായി വിജയനെ 'ചെത്തുകാരന്റെ മകൻ' എന്നു സുധാകരൻ വിശേഷിപ്പിച്ചതു കോൺഗ്രസിൽ തന്നെ വിമർശിക്കപ്പെട്ടപ്പോൾ കോൺഗ്രസ് നേതാവിനെ ന്യായീകരിക്കാൻ മുന്നിൽ നിന്നത് ബിജെപിയിലെ കെ.സുരേന്ദ്രൻ ആയിരുന്നു. 'ദേവഗണങ്ങൾ സർക്കാരിനൊപ്പം' എന്നു തിരഞ്ഞെടുപ്പുദിനത്തിൽ എൻഎസ്എസിനു മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ 'അസുരന്മാർക്കൊപ്പം എങ്ങനെ ദേവന്മാർ നിൽക്കും' എന്നാണു സുരേന്ദ്രനും സുധാകരനും ഒരുപോലെ ചോദിച്ചത്.