- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ദിരാഭവനിൽ ഗർജ്ജിക്കുമെന്ന സിംഹം എത്തുമെന്ന് ഉറപ്പിച്ച് കെഎസ് ബ്രിഗേഡ്; സുധാകരന്റെ സ്ഥാനാരോഹണം ആഘോഷമാക്കാൻ ഗൾഫിൽ അടക്കം തയ്യാറെടുപ്പുകൾ; കണ്ണൂരിൽ വമ്പൻ സ്വീകരണം ഒരുക്കും; ലോക്ഡൗണിന് ശേഷം ലോക്ക് മാറുമെന്ന പ്രതീക്ഷയിൽ വിശാല ഐ ഗ്രൂപ്പിലെ സുധാകരപക്ഷം
കണ്ണൂർ: കെ.സുധാകരൻ കെപിസിസി പ്രസിഡന്റാകുമെന്ന ഉറച്ച വിശ്വാസത്തിൽ കണ്ണൂരിൽ സ്വീകരണപരിപാടികൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. സുധാകരന്റെ ചരിത്ര നേട്ടം വൻസംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുധാകര ബ്രിഗേഡും അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരും.
സുധാകരന്റെ സ്ഥാനാരോഹണം ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് അദ്ദേഹത്തിന്റെ അനുകൂലികൾ. അതുകൊണ്ടു തന്നെ ഇനി ഹൈക്കമാൻഡിന്റെ ഔപചാരികമായ പ്രഖ്യാപനം മാത്രമേ വേണ്ടതുള്ളുവെന്നാണ് ഇവർപറയുന്നത്. ലോക്ക് ഡൗണിനു ശേഷം കേരളത്തിലെത്തുന്ന എ.ഐ.സി.സി ചുമതലയുള്ള താരിഖ് അൻവർ സുധാകരന്റെ പേര് ഇന്ദിരാഭവനിൽ നിന്നും പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പ്രതീക്ഷ. സുധാകരന്റെ സ്ഥാനാരോഹണം കണ്ണൂരിൽ മാത്രമല്ല ഗൾഫ് നാടുകളിലും ആഘോഷിക്കാനാണ് സുധാകര ബ്രിഗേഡിന്റെ തീരുമാനം.
ഗൾഫ് രാജ്യങ്ങളിൽ സംഘടനയുടെ ഘടകങ്ങളെല്ലാം കേക്കുമുറിച്ചും മധുര വിതരണം നടത്തിയും കോൺഗ്രസിലെ പുതിയ താരോദയം ആഘോഷിക്കും. കെ.സുധാകരന്റെ തട്ടകമായ കണ്ണൂരിൽ സുധാകര ബ്രിഗേഡും യൂത്തുകോൺഗ്രസും വിശാല ഐവിഭാഗവും വിപുലമായ ആഘോഷങ്ങളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു തന്നെ കണ്ണൂരിന്റെ മുക്കിലും മൂലയിലും വൻവെടിക്കെട്ട് തന്നെ നടത്തും. ഇതിനോടൊപ്പം മധുരപലഹാര വിതരണം.
കണ്ണൂരിലെത്തുന്ന ലീഡർ സുധാകരന് ഉജ്ജ്വലസ്വീകരണം, അന്നദാനം, കോവിഡ്പ്രതിരോധസാമഗ്രികളുടെ വിതരണം എന്നിവയും നടത്തും. സോഷ്യൽമീഡിയയിലൂടെ ഇപ്പോൾ തന്നെ സുധാകര അനുകൂല പോസ്റ്റുകൾ നിരന്ന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും ദിനങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത. സുധാകരന്റെ പുതിയ സ്ഥാനലബ്ധിയോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ ക്ഷീണം മറന്ന് പുതുജീവൻ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസിലെ ഒരുവിഭാഗം.
അതുകൊണ്ടു തന്നെ തുടക്കം ഗംഭീരമായാണ് ഒടുക്കവും തകർക്കുമെന്ന പ്രതീക്ഷയിലാണ് വൻസ്വീകരണ പരിപാടികൾക്കു തന്നെ ആരാധകർ ഒരുങ്ങുന്നത്. എൽ.ഡി. എഫ് സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായിയുടെ നാട്ടിൽ നിന്നു തന്നെ അദ്ദേഹത്തെ വെല്ലുവിളിക്കാൻ പ്രാപ്തനായ കരുത്തനായ ഒരു നേതാവിന്റെ കടന്നുവരവ് കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്.മറ്റെല്ലാം വിമർശനങ്ങളുണ്ടെങ്കിലും രാഷ്ട്രീയമായും വ്യക്തിപരമായും സി.പി. എം നേതൃത്വത്തിനോട് ഒരു കാരണവാശാലും സന്ധി ചെയ്യാത്ത നേതാവെന്ന ഇമേജ് കെ.സുധാകരനുണ്ട്.
അതുകൊണ്ടു തന്നെ കണ്ണൂരിലെ ഗർജിക്കുന്ന സിംഹമെന്നു കോൺഗ്രസിനുള്ളിൽ അറിയപ്പെടുന്ന സുധാകരന്റെ കടന്നുവരവ് പാർട്ടിക്കുള്ളിൽ പുതുരക്തം നിറയ്ക്കുമെന്നാണ് അണികളുടെ പ്രതീക്ഷ. എന്നാൽ സുധാകരന്റെ ശൈലി കെ.പി. സി.സി അധ്യക്ഷന്റെ പദവിക്ക് ചേരുന്നതല്ലെന്ന വിമർശനം കണ്ണൂരിൽ നിന്നു തന്നെ ഉയർന്നിട്ടുണ്ട്.കെപിസിസി എക്സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരനും ജില്ലയിലെ എ.വിഭാഗവും കെ.സി വേണുഗോപാൽ വിഭാഗവും സുധാകരനെ കെപിസിസി അധ്യക്ഷനാക്കുന്നതിൽ കടുത്ത എതിർപ്പുയർത്തുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പാർട്ടിക്കേറ്റ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം കെ.സുധാകരനാണെന്ന ആരോപണമാണ് മമ്പറം ദിവാകരൻ ഉയർത്തുന്നത്. സുധാകരന്റെ അപ്രമാദിത്വം കണ്ണൂരിലെ പാർട്ടിയെ ദുർബലപ്പെടുത്തിയെന്ന ആരോപണമാണ് എ.വിഭാഗത്തിനുള്ളത്. കെപിസിസി അധ്യക്ഷപദവിയിലെത്തിയാൽ കെ.സുധാകരൻ മറ്റു ഗ്രൂപ്പുകളെ നാമാവശേഷമാക്കുമെന്ന വിമർശനമാണ് കെ.സി വേണുഗോപാൽ ഗ്രൂപ്പുയർത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്