- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെളിച്ചപ്പാടായിരുന്ന അച്ഛൻ മരിച്ചപ്പോൾ കുടുംബം പുലർത്താൻ മത്സ്യത്തൊഴിലാളിയായി; പിന്നെ പഠന മികവിലൂടെ വൈസ് ചാൻസലറും; ബാബുവിന്റെ നയതന്ത്രത്തേയും സ്വരാജിന്റെ ചുറുചുറുക്കിനേയും ശിഷ്യ സമ്പത്തിലൂടെ മറികടക്കാൻ കെ എസ് രാധാകൃഷ്ണൻ; അമിത് ഷായുടെ റോഡ് ഷോയും കണക്കുകൾ കൂട്ടി; തൃപ്പുണ്ണിത്തുറയിൽ പോരാട്ടം കടുക്കുമ്പോൾ

കൊച്ചി : കെ ബാബുവിന്റെ കോട്ടയായിരുന്നു തൃപ്പുണ്ണിത്തുറ. ഇവിടെ അതിവേഗം ബിജെപി വോട്ട് കൂട്ടി. തൃപ്പുണ്ണിത്തുറ നഗരസഭയിൽ അടക്കം മുന്നേറ്റം നേടി. ഇതോടെ ബാബുവിന് മുകളിൽ സിപിഎമ്മിന് മുൻതൂക്കമുണ്ടായി. എം സ്വരാജിലൂടെ അഞ്ചു കൊല്ലം മുമ്പ് ബാബുവിൽ നിന്ന് തൃപ്പുണ്ണിത്തുറ സിപിഎം സ്വന്തമാക്കി. എന്നാൽ ബിജെപിക്ക് ഇത് എ പ്ലസ് മണ്ഡലമാണ്. അതുകൊണ്ടാണ് കേരളത്തിലെ ആദ്യ റോഡ് ഷോയ്ക്ക് അമിത് ഷാ തൃപ്പുണ്ണിത്തുറയെ വേദിയാക്കിയത്.
ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമായ ശബരിമല വിഷയം തീവ്ര ശക്തിയോടെ ഉപയോഗിക്കാൻ കഴിയുന്ന ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണിത്. പൂർണത്രയീശനും ചെറുതും വലുതുമായ മറ്റനേകം ക്ഷേത്രങ്ങളെയും ചുറ്റിപ്പറ്റി ഹൈന്ദവ വിശ്വാസി സമൂഹം തിങ്ങിപ്പാർക്കുന്ന മണ്ഡലത്തിൽ പാർട്ടിക്ക് ചുവടുറപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. ഇത് മുന്നിൽ കണ്ടാണ് ഡോ. കെ. എസ്.രാധാകൃഷ്ണനെ ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. ശബരിമല മേൽശാന്തിയിൽ നിന്ന് കെട്ടിവയ്ക്കാനുള്ള തുക വാങ്ങി ബാബു ബിജെപി മോഹങ്ങൾക്ക് വെല്ലുവിളിയായി. ഇതോടെയാണ് അമിത് ഷായെ ഇറക്കി കളം പിടിക്കാനുള്ള ബിജെപിയുടെ തന്ത്രപരമായ നീക്കം. ഏതായാലും ത്രികോണ ചൂടിലേക്ക് തൃപ്പുണ്ണിത്തുറ മാറുകയാണ്.
കെ. എസ്. രാധാകൃഷ്ണന്റെ ക്ലീൻ ഇമേജിലാണ് എൻ ഡി എയുടെ വിജയപ്രതീക്ഷ. കരുനാഗപ്പള്ളിയിൽ നിന്ന് മത്സരിക്കാനാണ് രാധാകൃഷ്ണൻ നേരത്തെ തീരുമാനിച്ചിരുന്നത്. പാർട്ടി സംസ്ഥാന ഘടകവും ഇതിനൊപ്പമായിരുന്നു. എന്നാൽ പട്ടികയ്ക്ക് അന്തിമരൂപം നൽകിയ ഘട്ടത്തിൽ കേന്ദ്ര നേതൃത്വമാണ് രാധാകൃഷ്ണനെ തൃപ്പൂണിത്തുറയിലെത്തിച്ചത്. ധീവര സമുദായ അംഗമായ രാധാകൃഷ്ണനിലൂടെ പിന്നോക്ക വോട്ട് സ്വരൂപിക്കാനും പദ്ധതിയുണ്ട്. നിലവിലെ എംഎൽഎയായ എം.സ്വരാജിനെതിരെ മണ്ഡലത്തിലുള്ള വികാരവും 25വർഷം എംഎൽഎയും കഴിഞ്ഞതവണ മന്ത്രിയുമായിരുന്ന കെ.ബാബുവിനെതിരായ അഴിമതി ആരോപണങ്ങളും എതിർപ്പുകളും മുതലാക്കി മണ്ഡലം പിടിച്ചെടുക്കാമന്നാണ് ബിജെപി. ലക്ഷ്യം.
മുൻ കോൺഗ്രസ് നേതാവു കൂടിയായ രാധാകൃഷ്ണനിലൂടെ യു.ഡി.എഫ്. വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ ഇലക്ഷൻ ഏകോപനത്തിനായി ആർഎസ്എസ്. അയച്ച പ്രഭാരി സി.പി.രാധാകൃഷ്ണൻ ക്യാമ്പ് ചെയ്യുന്നതും തൃപ്പൂണിത്തുറയിലാണ്. അമിത് ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ വരവ് അടിയൊഴുക്കുകൾ സജീവമാക്കും. എറണാകുളം മഹാരാജാസ് കോളേജിലെ ഫിലോസഫി അദ്ധ്യാപകനായും കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലറായുമുള്ള കാലത്ത് തൃപ്പൂണിത്തുറയുമായി രാധാകൃഷ്ണനുണ്ടായ ആത്മബന്ധം മുതലാക്കാമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
രാധാകൃഷ്ണന് മണ്ഡലത്തിൽ നിരവധി ശിഷ്യ സമ്പത്തുള്ളതും പ്രതീക്ഷയ്ക്ക് കരുത്തു നൽകുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വന്മുന്നേറ്റമാണ് ബിജെപിക്ക് ഉണ്ടായത്. 2011ലെ വോട്ട് വിഹിതം 3.77 ശതമാനമായിരുന്നെങ്കിൽ 2016ൽ അത് 15.52 ശതമാമായി വർദ്ധിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. 2011ൽ സ്ഥാനാർത്ഥിയായ സാബു വർഗീസ് 4942 വോട്ടാണ് നേടിയതെങ്കിൽ 2016ൽ തുറവൂർ വിശ്വംഭരൻ 29843 വോട്ടാക്കി അത് ഉയർത്തി. ശബരിമല വിഷയം ഉൾപ്പെടെ ചർച്ചാവിഷയമായ സാഹചര്യത്തിൽ വിജയം രാധാകൃഷ്ണനിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന് ഏറെ വിയർക്കൊഴുക്കേണ്ടി വരുമെന്ന് ബിജെപിക്ക് അറിയാം. പാവപ്പെട്ട ധീവരകുടുംബത്തിൽ ജനിച്ചുവർളന്ന രാധാകൃഷ്ണന്റെ ബാല്യകാലം ഉൾപ്പെടെ ജനങ്ങൾക്ക് മുന്നിൽ വിശദീകരിച്ചാണ് ബിജെപി മണ്ഡലത്തിൽ വോട്ട് തേടുന്നത്.
വെളിച്ചപ്പാടായിരുന്ന അച്ഛന്റെ മരണശേഷം കുടുംബം പുലർത്താൻ ഒൻപതാം വയസിൽ രാധാകൃഷ്ണൻ മത്സ്യത്തൊഴിലാളിയായി. മൈക്കാട് പണി, കൂലിപ്പണി എന്നിങ്ങനെ പല ജോലികൾ ചെയ്തായിരുന്നു പഠനം. ഗവ.എൽ.പി.എസ്. വടക്കൻ പറവൂർ, ഹിദായത്തുൾ ഇസ്ലാം എൽ.പി.എസ്. പൊന്നാരി മംഗലം, സെന്റ് ജോസഫ് യു.പി.എസ്. പൊന്നാരിമംഗലം, മുനവറുൾ ഇസ്ലാം ഹൈസ്‌കൂൾ, എറണാകുളം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഫിലോസഫിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1979ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ പബ്ലിക്കേഷൻ അസിസ്റ്റന്റായി. പിന്നീട് പത്രപ്രവർത്തകനും സംസ്ഥാനത്തെ വിവിധ സർക്കാർ കോളേജുകളിൽ 24 വർഷത്തോളം ഫിലോസഫി അദ്ധ്യാപകനുമായും സേവനം അനുഷ്ടിച്ചു.
1994ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിലെ അദ്വൈതദർശനം എന്ന വിഷയത്തിൽ ഫിലോസഫയിൽ ഡോക്ടറേറ്റ് നേടി. നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ക്രിസ്ത്യൻ ഇസ്ലാം ഹിന്ദു ദർശനങ്ങളിലെ അഗാതമായ അറിവാണ് ഡോ. കെ. എസ്. രാധാകൃഷ്ണന്റെ കൈമുതൽ ശ്രീനാരായണ ഗുരുദർശനങ്ങളിലും ഇസ്ലാം ദർശനങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. 'ക്രിസ്തുദർശനം' എന്ന ഗ്രന്ഥത്തിലൂടെ ബൈബിൾ വിജ്ഞാനത്തിലും അദ്ദേഹം തന്റെ വൈജ്ഞാനികത തെളിയിച്ചു.
തൃപ്പുണ്ണിത്തുറയിൽ ശബരിമലയുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ പരാമർശങ്ങളുടെ പഴയ വീഡിയോ കുത്തിപ്പൊക്കി വിശ്വാസികൾക്കിടയിൽ പ്രചരിപ്പിച്ചാണ് സ്വരാജിന് എതിരെയുള്ള പോരാട്ടം കടുപ്പിച്ചിരിക്കുന്നത്. 2018 ഒക്ടോബറിൽ ആയിരുന്നു വിവാദമായ പരാമർശം. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് ആയിരുന്നു സ്വരാജ് പറഞ്ഞത്. സി പി എം പൊതുയോഗത്തിൽ ആയിരുന്നു സ്വരാജിന്റെ വിമർശനം. കഴിഞ്ഞ തവണ കെ ബാബുവിൽ നിന്ന് 4467 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം സ്വരാജ് തൃപ്പുണ്ണിത്തുറ മണ്ഡലം പിടിച്ചെടുത്തത്. 2016ൽ ബിജെപി സ്ഥാനാർത്ഥിയായ പ്രൊഫ തുറവൂർ വിശ്വംഭരൻ 29,843 വോട്ടാണ് പിടിച്ചെടുത്തത്. ഇത് ബാബുവിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്നായി. കാരണം, അതിനു മുമ്പുള്ള തെരഞ്ഞെടുപ്പിൽ ബാബുവിന്റെ ഭൂരിപക്ഷം 15, 778 വോട്ടും ബിജെപി സ്ഥാനാർത്ഥിയുടെ വോട്ട് 4942 ഉം ആയിരുന്നു.
ബിജെപി ഉയർന്ന പരിഗണന നൽകുന്ന മണ്ഡലമായതിനാൽ പ്രചാരണത്തിൽ യു ഡി എഫും എൽ ഡി എഫും ബിജെപിയും ഇവിടെ ഒപ്പത്തിനൊപ്പമാണ്. തൃപ്പുണ്ണിത്തുറ, മരട് നഗരസഭകളും കൊച്ചി കോർപറേഷന്റെ എട്ടു ഡിവിഷനുകളും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തും ഉൾപ്പെടുന്ന മണ്ഡലത്തിൽ മരട് മാത്രമേ യു ഡി എഫ് ഭരണത്തിലുള്ളൂ.


