കൊച്ചി: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബിൽ അടയ്ക്കാൻ ഓൺലൈൻ സംവിധാനം കർശനമായി നടപ്പാക്കാൻ വൈദ്യുതി ബോർഡ്. രണ്ടായിരത്തോളം വരുന്ന കാഷ്യർ തസ്തിക പകുതിയായി കുറയ്ക്കാൻ ഇതുവഴി സാധിക്കും. വൈദ്യുതിബോർഡിലെ വിവിധ തസ്തികയിലുള്ള അഞ്ഞൂറ്റിയെഴുപത്തിമൂന്നു പേർ ഈ മാസം വിരമിക്കുന്നുണ്ട്്. ഒഴിവുവരുന്ന തസ്തികകളിലേക്ക് കാഷ്യർമാർക്ക് പ്രമോഷൻ ലഭിക്കും. ഇതിനൊപ്പം ജീവനക്കാരെ നിയമിക്കുന്നതും ഒഴിവാക്കാം.

കറണ്ട് ബിൽ തുക ആയിരം രൂപ കടന്നാൽ ഓൺലൈൻ പേയ്‌മെന്റ് നിർബന്ധമാക്കാനും, 8500 കവിഞ്ഞാൽ ആദായനികുതി വകുപ്പിന് റിപ്പോർട്ട് ചെയ്യാനും കെ.എസ്.ഇ.ബി തീരുമാനം. ദേശീയ തല പരിഷ്‌കരണ നടപടികളുടെ ഭാഗമായാണിത്. ഓൺലൈൻ പേയ്‌മെന്റ് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കിയശേഷമാവും നിർബന്ധമാക്കുക.ഒരുലക്ഷത്തിൽ കൂടുതൽ തുക വാർഷിക കറണ്ട് ബിൽ അടയ്ക്കുന്നവരുടെ പേരാണ് ഇൻകംടാക്‌സിലേക്ക് പോകുക.

ആയിരം രൂപയിൽ അധികമുള്ളവർക്ക് ആദ്യ ഒന്നുരണ്ടുതവണ ബിൽ അടയ്ക്കാൻ അനുവദിക്കുമെങ്കിലും തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടർ വഴി സ്വീകരിക്കാൻ കഴിയാത്തവിധത്തിൽ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തും. പുതിയ തീരുമാനത്തിലൂടെ ഗാർഹികോപയോക്താക്കളിൽ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാൻ കഴിയും. കാഷ്യർമാരെ ഇതിനനുസരിച്ച് പുനർവിന്യസിക്കുന്നതിലൂടെ അധിക ഒഴിവുകൾക്ക് പുതിയ ആളുകളെ നിയമിക്കാതെ നേട്ടമുണ്ടാക്കാനും ബോർഡിന് കഴിയും.

രണ്ടു മാസത്തിൽ ഒരിക്കലാണ് കെ എസ് ഇ ബിയുടെ ബില്ലിങ്. ഉപഭോക്താക്കളിൽ മിക്കവാറും പേർക്ക് ആയിരത്തിൽ അധികം രൂപ രണ്ടു മാസത്തേക്ക് ബില്ലും വരാറുണ്ട്. അതുകൊണ്ടു തന്നെ വലിയൊരു വിഭാഗം പേരും ഓൺലൈനിലേക്ക് പണം അടയ്ക്കൽ മാറ്റേണ്ടി വരും. ഇതിലൂടെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് കെ എസ് ഇ ബിയുടെ വിലയിരുത്തൽ.

ആയിരം രൂപയിൽ അധികമുള്ള പണമിടപാടുകൾ https://wss.kseb.in/ വഴിയോ കെ.എസ്.ഇ.ബി.യുടെ മൊബൈൽ ആപ് വഴിയോ നടത്താം. സംശയങ്ങൾ പരിഹരിക്കുന്നതിനും വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ ടോൾ ഫ്രീ നമ്പരായ 1912ൽ വിളിക്കാവുന്നതുമാണ്. കോവിഡു കാലത്തും ബിൽ അടയ്ക്കൽ ഓൺലൈനിലാക്കിയിരുന്നു. ഇത് വിജയകരവുമായി. ഈ സാഹചര്യത്തിലാണ് സമ്പൂർണ്ണ ഓൺലൈനിലേക്ക് മാറാനുള്ള നടപടികളിലേക്ക് കെ എസ് ഇ ബി കടക്കുന്നത്. ഭാവിയിൽ എല്ലാവരും ഓൺലൈൻ വഴി ബിൽ അടയ്‌ക്കേണ്ടി വരും.

കഴിഞ്ഞവർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് തമിഴ്‌നാട് അടക്കം പല സംസ്ഥാനങ്ങളിലും ഈ നിർദ്ദേശങ്ങൾ നേരത്തേ നടപ്പാക്കി. നേരത്തേ 1500 രൂപയ്ക്ക് മേലുള്ള ബില്ലുകൾ ഓൺലൈനായി അടച്ചാൽ മതിയെന്ന തീരുമാനം നടപ്പായിരുന്നില്ല. ഇനി ബില്ലിങ് സോഫ്ട് വെയറിൽ മാറ്റം വരുത്തുന്നതോടെ, കാഷ് കൗണ്ടറുകളിൽ ആയിരത്തിൽ കൂടിയ തുകയ്ക്ക് കൗണ്ടർ റസീപ്റ്റ് നൽകാനാവാത്ത സ്ഥിതിയാകും.

കൊവിഡും ലോക്ക് ഡൗണുമായതോടെ സംസ്ഥാനത്ത് ഓൺലൈനായി ബില്ലടയ്ക്കുന്നവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. ഇതോടെ, കാഷ് കൗണ്ടറുകളുടെ പ്രവർത്തനം ഒരു ഷിഫ്റ്റാക്കി. നിലവിൽ ഉച്ചയ്ക്ക് ശേഷം കൗണ്ടറില്ല.