തിരുവനന്തപുരം: കണ്ണൂരിൽ ഡിവൈഎഫ്‌ഐ സമരം നടക്കുമ്പോൾ ഫീസൂരി സിപിഎം നേതൃത്വത്തെ ഇരുട്ടിലാക്കിയത് ആകാശ് തില്ലങ്കേരിയും സംഘവുമാണ്. കെ എസ് ഇ ബിയുടെ ഫീസ് അവരറിയാതെ ഊരുന്നത് കുറ്റകരമാണ്. ക്രിമിനൽ നടപടി നേരിടേണ്ട കുറ്റം. എന്നിട്ടും സിപിഎമ്മോ ഡിവൈഎഫ്‌ഐയോ പരാതി നൽകിയില്ല. ഭയമായിരുന്നു കാരണം. ഇതു തന്നെയാണ് കണ്ണൂരിൽ പാർട്ടിക്കുള്ളിൽ ഗുണ്ടകളെ വളർത്തിയത്. ഇതിന് സമാനമാണ് ഇപ്പോൾ വൈദ്യുതി ഭവനിലേയും കാര്യങ്ങൾ

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വൈദ്യുത ബോർഡിൽ ഉന്നത ഉദ്യോഗസ്ഥരെ ബന്ദിയാക്കി സിഐടിയുവിന്റെ ഉപരോധ സമരം നടുന്നുവെന്നാണ് റിപ്പോർട്ട്. വീക്ഷണം പത്രത്തിലെ വാർത്ത ശരിയാണോ തെറ്റാണോ എന്ന് അന്വേഷിച്ച മറുനാടന് പൊലീസിൽ നിന്ന് കിട്ടിയത് പരാതി ആരും തന്നിട്ടില്ലെന്നതാണ്. അതായത് കെ എസ് ഇ ബി ആസ്ഥാനത്ത് സിഐടിയുക്കാർ പ്രശ്‌നമുണ്ടാക്കിയിട്ടും ആരും പൊലീസിനെ സമീപിച്ചില്ല. ഓഫീസിൽ ഖരാവോ ചെയ്യുന്നത് ജാമ്യമില്ലാ കുറ്റമാണ്. ഇത് അറിയാവുന്നവർ തന്നെയാണ് പരാതി കൊടുക്കാത്തതും. പരാതി കൊടുത്താൽ അവർ സിപിഎമ്മിന്റെ പേരിൽ വിലസുന്ന ഗുണ്ടകളുടെ ശത്രുക്കളാകും. പിന്നെ ജീവൻ അപകടത്തിലും.

അഞ്ചു കൊല്ലം മുമ്പ് വൈദ്യുത ഭവനിൽ ഐഎൻടിയുസിക്കാർ പ്രതിഷേധ ഖരാവോ നടത്തിയിരുന്നു. അതിനെതിരെ പൊലീസിൽ പരാതി നൽകി. കേസാവുകയും ചെയ്തു. ഈ തൊഴിലാളി നേതാക്കൾ കേസുമായി കോടതി കയറി ഇറങ്ങുകയാണ്. ഇതേ കെ എസ് ഇ ബിയാണ് സിഐടിയു പ്രതിഷേധത്തിനെതിരെ പൊലീസിൽ പരാതി പോലും കൊടുക്കാൻ ഭയക്കുന്നത് എന്ന് വേണം വീക്ഷണം വാർത്തയും പൊലീസിൽ നിന്ന് കിട്ടുന്ന സൂചനകളും വച്ച് വിലയിരുത്താൻ. ചെയർമാന് പോലും താൽപ്പര്യമുള്ള ആളെ തന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമാക്കാൻ കഴിയാത്ത അവസ്ഥ.

കഴിഞ്ഞ ദിവസം വൈദ്യുതി ഭവനിൽ ചീഫ് എഞ്ചിനിയറെയും ഡപ്യൂട്ടി ചിഫ് എഞ്ചിനിയറെയുമാണ് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ഭരണാനുകൂല സംഘടനയുടെ നേതാക്കൾ ഉൾപ്പടെ അറുപതോളം പ്രവർത്തകർ ആറുമണിക്കുറോളം ഘരാവോ ചെയ്തത് എന്നാണ് വാർത്ത. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇത്. ആൾക്കൂട്ടം അനുവദിക്കാത്ത പിണറായി ഭരിക്കുമ്പോൾ സിഐടിയു നടത്തിയ വിളയാട്ടം എന്നാണ് വാർത്ത പറയുന്നത്. വൈദ്യുതി ബോർഡ് ചെയർമാന്റെ ഓഫീസിലേക്ക് ഓഫീസ് അസിസ്റ്റന്റ് പ്രമോഷൻ നേടി എത്തിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്.

ഓഫീസ് അസിസ്റ്റന്റ് ജീവനക്കാരിൽ നിന്നും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ജൂനിയർ അസിസ്റ്റന്റായോ ക്ലർക്കുമാരായോ നിയമനം നൽകാറുണ്ട്. ഇത് സംബന്ധിച്ചിറങ്ങിയ ഉത്തരവിനെത്തുടർന്ന് പ്രമോഷൻ ലഭിച്ച ചെയർമാന്റെ ഓഫീസിലെ അസിസ്റ്റന്റായിരുന്ന ഉണ്ണികൃഷ്ണനെ തന്റെ ഓഫീസിൽ തന്നെ നിയമിക്കണമെന്ന ചെയർമാന്റെ നിർദ്ദേശത്തെയാണ് ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ എതിർത്തത്. തുടർന്ന്, ചെയർമാൻ എൻ എസ് പിള്ള സംഘടനയുമായി ചർച്ച ചെയ്യുന്നതിന് ചീഫ് എഞ്ചിനിയറെയും ഡെപ്യൂട്ടി എഞ്ചിനിയറെയും നിയമിച്ചു.

എന്നാൽ സംഘടനയുമായി ചർച്ച നടത്തിയ ഉദ്യോഗസ്ഥരെ ജനറൽ സെക്രട്ടറി കെ ജയപ്രകാശ്, ട്രഷറർ സജു, ഭാരവാഹികളായ സജീവ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണം പോലും കഴിക്കാൻ അനുവദിക്കാതെ ബന്ധിയാക്കുകയായിരുന്നുവെന്ന് വീക്ഷണം വാർത്ത പറയുന്നു. ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ ചീഫ് എഞ്ചിനിയർക്ക് നേരെ സംഘടന നേതാക്കൾ അസഭ്യവർഷം നടത്തി. ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് തിരികെ കസേരയിൽ കൊണ്ടിരുത്തി. ഒടുവിൽ ഭരണാനുകൂല സംഘടനയുടെ ആവശ്യം അംഗീകരിക്കേണ്ട ഗതികേടിലായ ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റുകയായിരുന്നുവെന്ന് വീക്ഷണം പറയുന്നു.

ഇത്രയുമൊക്കം നടന്നിട്ടും ആരും പൊലീസിനെ വിളിച്ചില്ല. കോവിഡ് മാനദണ്ഡ ലംഘനത്തിന് പരാതിയും കൊടുത്തില്ലെന്നാണ് മറുനാടന് ലഭിച്ച സൂചനകൾ. ഇത്തരമൊരു സംഭവമുണ്ടായി എന്ന് കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. പൊലീസിനെ വിളിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചാൽ ഭയമാണെന്ന് മറുപടിയും. അങ്ങനെ വീക്ഷണം വാർത്തയിൽ പറയുന്ന ഗുരുതര ആരോപണങ്ങൾ പൊലീസിന് മുമ്പിൽ എത്തുന്നില്ല. ഇത്തരത്തിലുള്ള ഗുണ്ടാ പ്രവർത്തനമാണ് കണ്ണൂർ രാഷ്ട്രീയത്തിലും ഇപ്പോൾ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നത്. കെ എ ഇ ബിയിലെ അഭിനവ ആകാശ് തില്ലങ്കേരിമാരേയും അർജുൻ ആയങ്കിമാരേയും തൊടാൻ എല്ലാവർക്കും ഭയമെന്ന് സാരം.

ഓഫീസ് ആസിസ്റ്റന്റിന്റെ നിയമനം പോലും നടത്താൻ കഴിയാത്ത തരത്തിൽ ഭരണാനുകൂല സംഘടനകൾ ചെയർമാനെ നോക്കുകുത്തിയാക്കി ബോർഡിൽ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ പ്രധാനസ്ഥാനങ്ങളിൽ നിയമിക്കുന്നത് പതിവാണെന്നാണ് ആക്ഷേപം. വൈദ്യുതി വകുപ്പ് സിപിഎമ്മിൽ നിന്ന്  മാറ്റി ജനതാദളിന് നൽകിയെങ്കിലും മന്ത്രിയെയും മന്ത്രിയുടെ പാർട്ടിയെയും നോക്കുകുത്തിയാക്കി ബോർഡിൽ ഭരണം നടത്തുന്നത് സിഐടിയു യൂണിയനിൽ പെട്ട ഭരണാനുകൂല സംഘടനയാണെന്നും ആരോപണമുണ്ട്.

നേരത്തെ വൈദ്യുതി വകുപ്പ് സിപിഎമ്മിന്റെ കൈയിലായിരുന്നു. ഇത്തവണ ഈ വകുപ്പ് ജനതാദള്ളിന് വിട്ടു കൊടുത്തു. ഇതോടെയാണ് സിഐടിയുക്കാർ കൂടുതൽ കരുത്ത് കാട്ടുന്നത്. മന്ത്രിയെ നോക്കുകത്തിയാക്കാനാണ് സിഐടിയുവിന്റെ ശ്രമമെന്നും ആരോപണമുണ്ട്.