കൊച്ചി: നഗരമധ്യത്തിൽ 30 വർഷമായി വൈദ്യുതിയില്ലാതെ ഇരുട്ടിലായിരുന്ന വീട്ടിൽ ഒടുവിൽ വൈദ്യുതി വിളക്ക് തെളിഞ്ഞു. പാലാരിവട്ടം നോർത്ത് ജനതാ റോഡിൽ തെക്കേകാത്തുള്ളി വീട്ടിൽ സീതയും ഭിന്നശേഷിക്കാരിയായ സഹോദരി കുഞ്ഞുമണിയുടെയും വീട്ടിലാണ് ഇന്ന് രാവിലെ 11 മണിയോടെ വൈദ്യുതി എത്തിയത്. ഇവരുടെ ദുരിത ജീവിതം മറുനാടൻ പുറത്ത് വിട്ടതിനെ തുടർന്നാണ് കെ.എസ്.ഇ.ബി വൈദ്യുതി നൽകിയത്.

രണ്ട് ദിവസം മുൻപാണ് ഭിന്നശേഷിക്കാരിയായ സഹോദരിയോടൊപ്പം സീത എന്ന അവിവാഹിതയായ വയോധിക നഗര മധ്യത്തിൽ ദുരിത ജീവിതം നയിക്കുകയാണ് എന്ന വാർത്ത മറുനാടൻ പുറത്ത് വിട്ടത്. പണം നൽകാൻ കഴിയാത്തതിനാൽ 30 വർഷം മുൻപ് ഇവരുടെ പിതാവിന്റെ പേരിലുണ്ടായിരുന്ന വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു. പിന്നീട് പള്ളിയിൽ വിശ്വാസികൾ തെളിയിക്കുന്ന പാതി കത്തിയ മെഴുകുതിരികൾ ശേഖരിച്ചു കൊണ്ടുവന്നാണ് രാത്രിയിൽ ഇരുട്ടിനെ അകറ്റിയിരുന്നത്. റേഷൻ കാർഡില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

കോടികൾ വിലവരുന്ന നഗരമധ്യത്തിലെ ആറര സെന്റിന്റെ പ്രമാണവും നഷ്ടപ്പെട്ടു. കലൂർ പള്ളിയിൽ നിന്നും ലഭിക്കുന്ന ഭക്ഷണം കൊണ്ടായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. മറുനാടൻ വാർത്ത വന്നതിന് പിന്നാലെ കെ.എസ്.ഇ.ബിയുടെ അടിയന്തര ഇടപെടലാണുണ്ടായത്. കലൂർ സെക്ഷൻ അസി.എഞ്ചിനീയർ എ.കെ അജികുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. പിന്നീട് കെ.എസ്.ഇ.ബിയുടെ സ്വന്തം ചെലവിൽ ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കി. ഇന്ന് രാവിലെ 11 മണിയോടെ അസി.എഞ്ചിനീയർ മെയിൻസ്വിച്ച് ഓണാക്കി വൈദ്യുതി നൽകുകയായിരുന്നു.

രാവിലെ മുതൽ കനത്ത മഴയുണ്ടായിരുന്നെങ്കിലും സബ്.എഞ്ചിനീയർ ദിനേശിന്റെയും ഓവർസിയർ ഫിതറിന്റെയും നേതൃത്വത്തിൽ ജീവനക്കാർ കണക്ഷൻ നൽകുന്നതിന്റെ പരിശ്രമത്തിലായിരുന്നു. കലൂർ സെക്ഷനിലെ പത്തോളം ജീവനക്കാരും ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയ കോൺട്രാക്ടർ താഹയും ചേർന്നാണ് കണക്ഷൻ ചാർജ്ജ് ചെയ്തത്. 30 വർഷത്തിന് ശേഷം ഇരുൾ നിറഞ്ഞ മുറികളിൽ വെളിച്ചം വീശിയപ്പോൾ സീതയുടെയും കുഞ്ഞുമണിയുടെയും കണ്ണുകളിൽ സന്തോഷത്തിന്റെ തിരിതെളിഞ്ഞു.

മറുനാടൻ പ്രേക്ഷകരുടെ അകമഴിഞ്ഞ സഹായവും ഇവർക്ക് ലഭ്യമായിട്ടുണ്ട്. നിറകണ്ണുകളോടെ കൈകൂപ്പി സഹായിച്ചവർക്ക് നന്ദി പറഞ്ഞു സീത. പഴയ വീടാണെങ്കിലും അറ്റകുറ്റപ്പണികൾ നടത്തിയാൽ ഭയമില്ലാതെ ഇവർക്ക് സുരക്ഷിതമായി കഴിയാം. ശുചിമുറിയില്ലാത്തതിനാൽ കലൂർ പള്ളിയിൽ പോയാണ് പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കുന്നത്. ഇനി ഇവർക്ക് ഒരു ശുചിമുറിയാണ് വേണ്ടത്.

വൈദ്യുതി ഇല്ലാത്ത കുടുംബത്തെപറ്റി ബോർഡിന് അറിവില്ലായിരുന്നു എന്ന് അസി.എഞ്ചിനീയർ എ.കെ അജികുമാർ മറുനാടനോട് പറഞ്ഞു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ കണക്ഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. വേലു എന്നയാളുടെ പേരിൽ വർഷങ്ങൾക്ക് മുൻപ് കണക്ഷൻ ഉണ്ടായിരുന്നതായി അറിഞ്ഞു. പക്ഷേ രേഖകളിൽ കാണാൻ കഴിഞ്ഞിട്ടില്ല. വാർദ്ധക്യത്തിലെത്തിയ രണ്ടു പേരുടെയും നിസഹായാവസ്ഥ മനസ്സിലാക്കി നോൺ പെയ്ബബിൽ സ്‌കീമിലാണ് കണക്ഷൻ നൽകുന്നത്. അസി.എഞ്ചിനായർ പറഞ്ഞു.

സബ് എഞ്ചിനീയർ ദിനേശും, ഓവർ സിയർ എസ്.എ ഫിതറിന്റെയും നേതൃത്വത്തിലാണ് ഇലക്ട്രിക്കൽ ജോലികൾ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പൂർത്തീകരിച്ചത്. ഇതിന് പിന്നാലെ എറണാകുളം എംപി ഹൈബി ഈഡൻ സീതയെയും കുഞ്ഞുമണിയെയും സന്ദർശിച്ചു. മരുന്നു മുതൽ ഫാനും വീട്ടിലേയ്ക്കു വീട്ടിലേയ്ക്കു വേണ്ട ഏതാണ്ട് എല്ലാ സാധന സാമഗ്രികളും വാഗ്ദാനം ചെയ്തു. കൂടാതെ വൈദ്യുതി കണക്ഷൻ സൗജന്യ പരിധി കഴിഞ്ഞ് ഉപയോഗിക്കുകയാണെങ്കിൽ തുക കൃത്യമായി താൻ തന്നെ അടക്കുമെന്നും ഹൈബി പറഞ്ഞു.

അറിഞ്ഞില്ല എന്നതുകൊണ്ടു മാത്രമാണ് ഇതുവരെയും ഇവിടെ വന്നു വേണ്ടതു ചെയ്തു കൊടുക്കാൻ സാധിക്കാതെ പോയത് എന്നദ്ദേഹം തുറന്നു സമ്മതിച്ചു. ഞങ്ങൾ ഇവിടെയുണ്ട്, എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കണം. ഇരുവർക്കും മൊബൈൽ നമ്പർ കുറിച്ചു നൽകിയ ശേഷമാണ് അദ്ദേഹം തിരികെ പോയത്.