- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ഇ ബിയുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാക്കുന്ന കരാറുകൾ മൂലം ഇതുവരെ ഉണ്ടായത് 500 കോടി രൂപയുടെ നഷ്ടമെന്ന് സിഎജി റിപ്പോർട്ട്; ആര്യാടന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയേക്കും; മറ്റെന്നാൾ അതിനിർണ്ണായക യോഗം; വൈദ്യുത ബോർഡ് പുനപരിശോധനയ്ക്ക്
തിരുവനന്തപുരം മൂന്ന് സ്വകാര്യ കമ്പനികളിൽനിന്നു കോടിക്കണക്കിനു രൂപയുടെ വൈദ്യുതി വാങ്ങാനുള്ള കരാറുകൾ സർക്കാർ റദ്ദാക്കുന്നുവെന്ന് റിപ്പോർട്ട്. ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെയുള്ള കരാുകൾ കെ.എസ്.ഇ.ബിക്കു വൻബാധ്യതയും നഷ്ടവും വരുത്തിവയ്ക്കുന്ന സാഹചര്യത്തിലാണിത്. കെ.എസ്.ഇ.ബിയുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാക്കുന്ന ഈ കരാറുകൾ മൂലം ഇതുവരെ 500 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു സി.എ.ജി. റിപ്പോർട്ട്. ആര്യാടൻ മുഹമ്മദ് വൈദ്യുതിമന്ത്രിയായിരിക്കേയാണു കരാറുകൾ ഒപ്പിട്ടത്.
വ്യവസ്ഥകളില്ലാത്ത കരാറുകളുമായി മുന്നോട്ടുപോയാൽ കോടതി വ്യവഹാരങ്ങളിലൂടെ കമ്പനികൾക്കു വൻതുക അധികമായി നൽകേണ്ടിവരുമെന്നു വൈകിയാണു സർക്കാർ തിരിച്ചറിഞ്ഞത്. അടുത്ത 25 വർഷംകൊണ്ട് 15,000 കോടി രൂപ ഇങ്ങനെ നൽകേണ്ടിവരുമെന്നു കണക്കാക്കപ്പെടുന്നു. കരാറുകൾ പുനഃപരിശോധിക്കാൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിൻഹയുടെ നേതൃത്വത്തിൽ മറ്റന്നാൾ യോഗം ചേരും. മംഗളത്തിൽ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയാണു ജാബുവ, ബാൽകോ, ജെ.പി.എൽ. എന്നീ കമ്പനികളുമായുള്ള കരാറുകൾ പുനഃപരിശോധിക്കാൻ നിർദ്ദേശിച്ചത്. 2014-15ൽ ഈ കമ്പനികളിൽനിന്നു ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി. സമർപ്പിച്ച താരിഫ് പെറ്റിഷനിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 2016 ഓഗസ്റ്റിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 865 മെഗാവാട്ട് വൈദ്യുതി രണ്ട് ദർഘാസുകളിലായി വാങ്ങാൻ കരാർ ഒപ്പിട്ടപ്പോൾ, 565 മെഗാവാട്ട് വാങ്ങാനുള്ള ദീർഘകാലകരാറുകളിൽ കേന്ദ്ര ഊർജമന്ത്രാലയം നിഷ്‌കർഷിച്ച ടെൻഡർ നടപടിക്രമങ്ങളിൽനിന്നു വ്യതിചലിച്ചെന്നാണു കമ്മിഷൻ കണ്ടെത്തിയത്.
കരാറുകൾക്കു കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ അനുമതി വാങ്ങണമെന്നും കെ.എസ്.ഇ.ബിയോടു നിർദ്ദേശിച്ചിരുന്നു. എന്നാൽ, നിയമവ്യവസ്ഥകൾ പാലിക്കാതെയാണ് ഇപ്പോഴും ഈ കരാറുകളുമായി ബോർഡ് മുന്നോട്ടുപോകുന്നത്.
ദർഘാസ് പക്രിയയിലെ വ്യതിയാനങ്ങൾ അംഗീകരിക്കണമെന്നു രണ്ടുതവണ സംസ്ഥാനസർക്കാർ കേന്ദ്ര ഊർജമന്ത്രാലയത്തോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന്, നയപരമായ തീരുമാനത്തിലൂടെ ഈ കരാറുകൾ അംഗീകരിക്കണമെന്നു കെ.എസ്.ഇ.ബി. സംസ്ഥാനസർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. താൽക്കാലികനടപടിയെന്ന നിലയിൽ, ദർഘാസിൽ ലഭിച്ച ഏറ്റവും കുറഞ്ഞനിരക്കിൽ, സർക്കാരിന്റെയും കമ്മിഷന്റെയും അനുമതിയോടെ വൈദ്യുതി വാങ്ങുകയാണു ചെയ്യുന്നത്. നേരത്തേയുള്ള കരാറുകളിലെ നികുതി, ഇന്ധന സർചാർജ് നിരക്കുകൾ നിഷേധിക്കപ്പെട്ടതിന്റെ പേരിൽ കമ്പനികൾ അപ്പലേറ്റ് ട്രിബ്യൂണലിൽനിന്ന് അനുകൂലവിധി സമ്പാദിച്ചിരുന്നു. ബോർഡിനു വൻസാമ്പത്തികബാധ്യത വരുത്തുന്ന ഈ വിധിക്കെതിരേ സുപ്രീം കോടതിയിൽ കേസുണ്ട്.
താത്കാലിക അംഗീകാരം നൽകാമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നാലുവർഷമായി തീരുമാനമെടുത്തിട്ടില്ല. ഫലത്തിൽ, 565 മെഗാവാട്ട് വൈദ്യുതി വ്യവസ്ഥകൾക്കു വിരുദ്ധമായാണു കെ.എസ്.ഇ.ബി. വാങ്ങുന്നത്. കെഎസ്.ഇ.ബിയുടെ ആവശ്യം വിശദമായി പരിശോധിക്കാൻ ധനകാര്യ അഡീ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി കഴിഞ്ഞ നവംബറിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.
റെഗുലേറ്ററി കമ്മിഷൻ 2016-ൽ പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാരിന്റെ അഭിപ്രായം ഇതുവരെ രേഖപ്പെടുത്താത്തതു സുപ്രീം കോടതിയിലെ കേസുകളെ ബാധിക്കുമെന്നും വാർത്ത പറയുന്നു.
മറുനാടന് ഡെസ്ക്