തിരുവനന്തപുരം: വൈദ്യുത ബോർഡ് ചെയർമാൻ ഡോ ബി അശോകിനെ പുറത്താക്കിയേ മതിയാകൂവെന്ന നിലപാടിൽ സിഐടിയു സംഘടന. വൈദ്യുത ബോർഡിനെ ചെർമാൻ താറടിച്ചു കാട്ടുന്നുവെന്നാണ് ആരോപണം. സർക്കാരിനെ അറിയിക്കാതെ വൈദ്യുതി ബോർഡിൽ ശമ്പളവും ആനുകൂല്യങ്ങളും കൂട്ടിയെന്ന ചെയർമാൻ ബി.അശോകിന്റെ ആരോപണം ശരിവയ്ക്കുന്ന രേഖകൾ പുറത്തു വന്നതോടെ സ്ഥിതി കൂടുതൽ വഷളാകുകയാണ്.

ധനവകുപ്പിന്റെ ഉത്തരവു മറികടന്നു 1200 കോടി രൂപയുടെ ബാധ്യത ഏറ്റെടുത്തതു ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ (എജി) ബോർഡിനു നൽകിയ കത്തിന്റെ പകർപ്പാണു പുറത്തായത്. ധനവകുപ്പ് അറിയാതെയാണു വേതന വർധന നടപ്പാക്കിയതെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടിയും സമ്മതിച്ചിരുന്നു. ഈ വാർത്ത നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. പത്താം ക്ലാസ് ജയിക്കാത്തവർക്ക് പോലും ലക്ഷങ്ങൾ ശമ്പളമായി കിട്ടുന്ന സാഹചര്യമാണ് ഇതുണ്ടാക്കിയത്. പുതിയ നിയമ കുരുക്കിലേക്ക് ഇത് പോകും. നിരക്ക് വർദ്ധനയെന്ന ആവശ്യം കെ എസ് ഇ ബി റെഗുലേറ്ററി കമ്മീഷന് മുന്നിൽ വച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ ചർച്ചയാകുന്ന വിവരങ്ങൾ കെ എസ് ഇ ബിക്ക് തിരിച്ചടിയാണ്.

ഡപ്യൂട്ടി എജി എതിർത്ത സാഹചര്യത്തിൽ ശമ്പള പരിഷ്‌കരണം നിയമക്കുരുക്കിലാണെന്നു മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ചെയർമാൻ ഇതു ഫെയ്‌സ് ബുക് കുറിപ്പിൽ ആവർത്തിക്കുകയും മന്ത്രി ശരിവയ്ക്കുകയും ചെയ്തു. ശമ്പളവർധന നടപ്പാക്കിയശേഷം സർക്കാരിന്റെ അനുമതി വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് 2021 ജനുവരി 18ന് ഇറക്കിയ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയതാണ്.

മന്ത്രിസഭയുടെ അനുമതിയോടെ മാത്രമേ ശമ്പളവർധന നടപ്പാക്കാവൂ എന്നും നിർദ്ദേശിച്ചു. ഇതു പാലിക്കാതെയാണ് 2021 ഫെബ്രുവരി 15നു ചേർന്ന ബോർഡ് യോഗം ജീവനക്കാരുടെയും ഓഫിസർമാരുടെയും ശമ്പളം 2018 ഓഗസ്റ്റ് 1, ജൂലൈ 1 എന്നിങ്ങനെ മുൻകാല പ്രാബല്യത്തോടെ പരിഷ്‌കരിക്കാൻ തീരുമാനിച്ചത്. ഇതിലൂടെ മാസം 45.25 കോടിയുടെ അധിക ബാധ്യതയുണ്ടായി. ഇതും നിരക്ക് വർദ്ധനവിന് കാരണമാണ്. പ്രതിവർഷം അഞ്ഞൂറു കോടിയാണ് അധിക ബാധ്യതയായത്.

2021 ഫെബ്രുവരി 26ന് ഇതു സംബന്ധിച്ച ഉത്തരവ് ബോർഡ് പുറത്തിറക്കി. മാർച്ച് മുതൽ പുതുക്കിയ ശമ്പളം നൽകാനായിരുന്നു നിർദ്ദേശം. കുടിശിക ഇനത്തിൽ 1011 കോടി നൽകാനും തീരുമാനിച്ചു. പിന്നീടാണ് സർക്കാരിന്റെ അനുമതി തേടിയത്. 1011 കോടിയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ചു സർക്കാരിനെ അറിയിച്ചില്ല. 2016ലെ ശമ്പള വർധനയ്ക്കും അനുമതി വാങ്ങിയിരുന്നില്ല. ധനവകുപ്പിന്റെ ഉത്തരവു മറികടന്ന് ഫുൾ ബോർഡ് അംഗീകാരം പോലും ഇല്ലാതെ 1200 കോടിയുടെ ബാധ്യത ഏറ്റെടുത്തത് ഉത്തരവാദിത്തമുള്ള സമീപനമാണോ എന്നു ചെയർമാൻ വിമർശിച്ചിരുന്നു. ബോർഡിനു 2021 മാർച്ചിൽ നഷ്ടം 7160.42 കോടിയായിരുന്നു. ശമ്പളവും ആനുകൂല്യവും വർധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വാർഷിക അധിക ബാധ്യത 543 കോടിയും.

പെൻഷൻ പരിഷ്‌കരണം കൂടിയാകുമ്പോൾ നഷ്ടം കൂടും. എന്നാൽ, ധന, ഊർജ സെക്രട്ടറിമാർ അംഗങ്ങളായുള്ള ബോർഡ് യോഗം എടുത്ത തീരുമാനമായതിനാൽ സർക്കാരിൽനിന്ന് പ്രത്യേക അനുമതി വേണ്ടെന്ന് ബോർഡിലെ സംഘടനകൾ പറയുന്നു. റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയിട്ടുണ്ടെന്നും അവർ പറയുന്നു. എന്നാൽ സർക്കാരെന്നത് മന്ത്രിസഭയാണ്. ജനാധിപത്യ വ്യവസ്ഥയിൽ മന്ത്രിസഭയാണ് ഇതിന് അനുമതി നൽകേണ്ടത്. ഇതാണ് സർക്കാർ ഉത്തരവും വിശദീകരിക്കുന്നത്. അതിനിടെ വൈദ്യുത ഭവനിൽ സമരം തുടരുകയാണ്. കെ എസ് ഇ ബി ചെയർമാനെ മാറ്റാനുള്ള സമ്മർദ്ദമാണ് സമരം.

വൈദ്യുതി ഭവനിലും സമാന ഓഫിസുകളിലും എസ്‌ഐഎസ്എഫ് സായുധ പാറാവ് ഏർപ്പെടുത്താനുള്ള തീരുമാനം റദ്ദാക്കുക, വൈദ്യുതി ബോർഡിനു ദുർവ്യയമുണ്ടാക്കുന്ന തീരുമാനങ്ങൾ പിൻവലിക്കുക, ഐടി നയം അട്ടിമറിക്കാനുള്ള നടപടികളിൽ നിന്നും പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വൈദ്യുതി ഭവനു മുന്നിൽ കെഎസ്ഇബി സംയുക്ത സമര സമിതി നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാംദിനം പിന്നിട്ടു.

മാനേജ്‌മെന്റ് ഇതുവരെ ചർച്ചയ്ക്ക് തയാറാകാത്ത സാഹചര്യത്തിൽ അനിശ്ചിതകാല സമരം തുടരും. നാളെ മുതൽ സംസ്ഥാനത്തെ 771 സെക്ഷൻ ഓഫിസുകളിലും 71 ഡിവിഷൻ ഓഫിസുകളിലും 25 സർക്കിൾ ഓഫിസുകളിലും തൊഴിലാളികൾ സമരം നടത്തും.