തിരുവനന്തപുരം: കെ എസ് ഇ ബിയിൽ നടക്കുന്നത് അനുരഞ്ജനം. എന്നാൽ നിലപാടിൽ മാറ്റമില്ലെന്ന പക്ഷത്താണ് ചെയർമാൻ ബി അശോകും. കെ എസ് ഇ ബിയിലെ അഴിമതി ലോകായുക്തയിലോ കോടതിയിലോ എത്തിയാൽ അത് വലിയ കുരുക്കാകുമെന്ന് സർക്കാരിനും സിപിഎമ്മിനും അറിയാം. ഈ സാഹചര്യത്തിൽ കെ എസ് ഇ ബിയിലെ അഴിമതി വിജിലൻസ് അന്വേഷണത്തിലേക്ക് പോലും കടക്കാതിരിക്കാനുള്ള ജാഗ്രത സർക്കാരെടുക്കും. ലോകായുക്തയുമായുള്ള പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്. ഓരോ ദിവസവും പുതിയ അഴിമതികൾ പുറത്തു വരികയാണ്.

മരുമകൻ പ്രസിഡന്റായ ഇടുക്കി രാജാക്കാട് സഹകരണ ബാങ്കിനു ടൂറിസം പദ്ധതിക്കായി വൈദ്യുതി ബോർഡിന്റെ ഭൂമി അനുവദിച്ചത് അന്നു വകുപ്പുമന്ത്രിയായിരുന്ന എം.എം.മണിയുടെ അറിവോടെയെന്ന വാദവും സജീവമാണ്. പൊന്മുടി അണക്കെട്ടു പ്രദേശത്തെ 21 ഏക്കർ ടൂറിസം പദ്ധതിക്കായി അനുവദിക്കണമെന്നാണു മണിയുടെ മരുമകൻ വി.എ.കുഞ്ഞുമോൻ പ്രസിഡന്റായ രാജാക്കാട് സർവീസ് സഹകരണ ബാങ്ക്, കേരള ഹൈഡൽ ടൂറിസം സെന്ററിന് (കെഎച്ച്ടിസി) അപേക്ഷ നൽകിയത്. ഈ അപേക്ഷ അംഗീകരിച്ചത് മന്ത്രിക്ക് വേണ്ടിയാണെന്നാണ് സൂചന. ഇത് സ്വജനപക്ഷപാതമായി മാറും.

മന്ത്രി മണി 2019 ഫെബ്രുവരി 6 നു വിളിച്ചുചേർത്ത ടൂറിസം സെന്ററിന്റെ ഭരണസമിതി യോഗം ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചതായി വൈദ്യുതി ബോർഡിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 28നു ബോർഡിന്റെ മുഴുവൻ സമയ ഡയറക്ടർമാർ യോഗം ചേർന്നാണു 15 വർഷത്തേക്കു ഭൂമി അനുവദിച്ചത്. രാജാക്കാട് സഹകരണ ബാങ്കും കെഎച്ച്ടിസിയും വരുമാനം പങ്കിടാമെന്നായിരുന്നു വ്യവസ്ഥ. 80% ബാങ്കിനും 20% കെഎച്ച്ടിസിക്കും. ഇതിൽ 15% ബോർഡിനു നൽകണം. ഭൂമിയുടെ ഉടമസ്ഥാവകാശം ബോർഡിൽ നിക്ഷിപ്തമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ബോർഡിന്റെയോ സർക്കാരിന്റെയോ അനുമതിയില്ലാതെ ടൂറിസം വികസനത്തിനായി സൊസൈറ്റികൾക്കു സ്ഥലം വിട്ടുനൽകിയെന്ന ചെയർമാൻ ബി.അശോകിന്റെ വാദം തെറ്റാണെന്ന് ഇതു വ്യക്തമാക്കുന്നു. ബോർഡിന്റെ ഭാഗമായ കെഎച്ച്ടിസിക്കു ടൂറിസം പദ്ധതികൾക്കായി അനുമതി നൽകിയതു ബോർഡിന്റെ അനുമതിയോടെയാണ്. ഇതിനായി കർശന നിബന്ധനകൾ വച്ചിരുന്നതായും ഉത്തരവിൽ ഉണ്ട്. കെഎച്ച്ടിസി ആണ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്കു നിബന്ധനകൾക്കു വിധേയമായി അനുമതി നൽകിയത്. എന്നാൽ മന്ത്രിയുടെ മരുമകന്റെ സ്ഥാപനത്തിന് ഇതു കിട്ടിയതാണ് സംശയങ്ങൾക്ക് പുതുമാനം നൽകുന്നത്.

കെ.എസ്.ഇ.ബി അഴിമതി ആരോപണത്തിൽ മുൻ വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തു വന്നിരുന്നു. കെ.എസ്.ഇ.ബി ഭൂമി കൈമാറ്റത്തിലൂടെ മുൻ മന്ത്രി എം.എം മണിയുടെ ബന്ധുക്കൾക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളുണ്ടെന്നും സതീശൻ ആരോപിച്ചു. കെ.എസ്.ഇ.ബി പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിന്റെയോ സർക്കാറിന്റെയോ അനുമതി ഇല്ലാതെ നിയമവിരുദ്ധമായാണ് കൈമാറ്റം ചെയ്തത്. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും സിപിഎം സംഘങ്ങൾക്കും നൂറ് കണക്കിന് ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ കൈമാറിയത്. നിയമവിരുദ്ധമായ ഭൂമി കൈമാറ്റം ഉടൻ റദ്ദാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും കെ.എസ്.ഇ.ബിക്ക് ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുത്തിയതിന്റെ ഭാരം സാധാരണക്കാരന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കെ.എസ്.ഇ.ബിക്ക് ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അഞ്ച് വർഷക്കാലമായി നടന്ന അഴിമതിയും കെടുകാര്യസ്ഥതയുമാണ്. അതിന് കേരളത്തിലെ ജനങ്ങളെ ഇരകളാക്കാൻ പാടില്ല. ഈ സാഹചര്യത്തിൽ വൈദ്യുതി ചാർജ് വർധിപ്പിക്കമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം റെഗുലേറ്ററി കമീഷനിൽ നിന്നും പിൻവലിക്കണം. കോവിഡ് മഹാമാരിയിലും അതേത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും ബുദ്ധിമുട്ടിലായ സാധാരണക്കാരെ ഇനിയും പീഡിപ്പിക്കരുതെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

അതിനിടെ ഹൈഡൽ ടൂറിസത്തിനായി രാജാക്കാട് സൊസൈറ്റിക്കു ഭൂമി നൽകാനുള്ള തീരുമാനം വൈദ്യുതി ബോർഡിന്റേതാണെന്നു മുന്മന്ത്രി എം.എം.മണി പറഞ്ഞു. ഏറ്റവും ഉയർന്ന തുക ക്വോട്ട് ചെയ്തവർക്കാണു ഭൂമി നൽകിയത്. അതു തികച്ചും വ്യവസ്ഥാപിതമായിരുന്നു. കരാർ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ, ഏതു സതീശൻ എന്നായിരുന്നു മണിയുടെ മറുപടി.

'ഞാനൊരു പാവമാണ്. നിങ്ങൾ ചോദിക്കാനുള്ളതെല്ലാം ഇപ്പോഴത്തെ മന്ത്രി കൃഷ്ണൻകുട്ടിയോടാണു ചോദിക്കേണ്ടത്. എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണു ബോർഡ് ചെയർമാൻ എന്നെ വിളിച്ചു പറഞ്ഞത്. അയാൾ തുടരണോയെന്നും മന്ത്രിയോടു ചോദിക്ക്. ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്ന കാലത്തു നടന്നതു കൂടി സതീശൻ അന്വേഷിക്കണം. ആര്യാടനും മകനും കൂടി വ്യക്തികൾക്കു വരെ കൊടുത്തു. ഉമ്മൻ ചാണ്ടിയും ഇതിന്റെ ഭാഗമായിരുന്നു. അതെല്ലാം വിജിലൻസ് അന്വേഷണത്തിനു വിധേയമാക്കണമെന്നായിരുന്നു എന്റെ അഭിപ്രായം' മണി പറഞ്ഞു.

എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകൾ ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയർമാൻ ഡോ. ബി. അശോകിന്റെ പ്രധാന ആക്ഷേപം. 'കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാർ ഓടിവരേണ്ടതുമില്ല' എന്ന തലക്കെട്ടിൽ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് മുൻ ഇടത് സർക്കാറിന്റെ കാലത്ത് ബോർഡിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് ചെയർമാൻ വെളുപ്പെടുത്തിയത്.

സർക്കാറിന്റെ മുൻകൂർ അനുമതി തേടാതെയാണ് 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കർ സ്ഥലം പാട്ടത്തിന് നൽകി. വൈദ്യുതി ഭവനിൽ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ നിർദ്ദേശം അനുസരിച്ചാണ്. അതിനെ പൊലീസ് രാജ് എന്ന് കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയർമാൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു.

ബോർഡിൽ നടന്ന ഏതാനും കൊള്ളരുതായ്മകളെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ബോർഡിന്റെ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ തീരെ അർഹതയില്ലാത്ത ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആയിരക്കണക്കിന് കിലോമീറ്റർ വീട്ടിൽ പോയി ബോർഡ് ലോഗ് ബുക്കിൽ രേഖപ്പെടുത്തി തന്നെ വർഷങ്ങളോളം ഓടി. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡ് അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടു നൽകാൻ അനുമതി നൽകിയത്? നൂറു കണക്കിന് ഏക്കർ സ്ഥലം ഫുൾബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വാണിജ്യ പാട്ടത്തിന് നൽകിക്കളഞ്ഞത്? കമ്പനിയുടെ ഉത്തമ താൽപര്യമാണോ ഇതൊക്കെ? ഇതിൽ നമുക്കുറപ്പുണ്ടോ? എനിക്കത്ര ഉറപ്പു പോരാ!

ചട്ടവിരുദ്ധമായ നിലപാട് ഫയലിൽ എഴുതിച്ചേർത്ത ശേഷം 'ഒപ്പിടെടാ' എന്നാക്രോശിക്കപ്പെട്ടപ്പോൾ വാവിട്ട് കരഞ്ഞു കൊണ്ട് സാധുവായ ഒരു ചീഫ് എഞ്ചിനീയർ സ്ഥലംമാറ്റം വാങ്ങി രക്ഷപ്പെട്ടത് നമ്മളോർക്കണ്ടേ? ഇപ്പോഴും ആ അനുഭവം പറയുമ്പോൾ പോലും ആ സാധു വിങ്ങിപ്പൊട്ടുന്നത്? നല്ല കോർപ്പറേറ്റ് പ്രാക്ടീസിന്റെ ഉദാഹരണമാണോ ഇതൊക്കെ? ഇതിൽ എന്താണ് കെ.എസ്.ഇ.ബി. യുടെ 'കോർ ബിസിനസ്'? ലിസ്റ്റ് ഇവിടെ തീരുന്നില്ല. ഇത് തീരെ ചെറിയ ഉദാഹരണങ്ങൾ മാത്രം.' -ഡോ. ബി. അശോക് ഫേസ്‌ബുക് കുറിപ്പിൽ പറയുന്നു.