- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തമുണ്ടായാൽ ആദ്യം ചെയ്യേണ്ടത് ലൈൻ ഓഫാക്കൽ; പ്രളയം അടക്കമുള്ള പ്രകൃതി ക്ഷോഭങ്ങളെ വെല്ലുവിളിച്ചെത്തുന്നവർ സാധാ വണ്ടിയിൽ യാത്ര ചെയ്യണം; ഡയറക്ടർമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഓഫീസിൽ വരാൻ ബഹുവർണ്ണ ബീക്കണും! മന്ത്രിക്കില്ലാത്തത് സ്വന്തമാക്കി കെ എസ് ബി യിലെ പ്രമുഖർ; വൈദ്യുത ബോർഡിൽ പുതിയ വിവാദം
തിരുവനന്തപുരം: ദുരന്തമുണ്ടായാൽ ഓടിയെത്തേണ്ടതും വൈദ്യുതി വിച്ഛേദിക്കേണ്ടതും കെ എസ് ഇ ബി സെക്ഷൻ ഓഫീസിലെ ജീവനക്കാരാണ്. എല്ലാ സെക്ഷൻ ഓഫീസിലും വാഹനവുമുണ്ട്. പക്ഷേ അടിയന്തരമായി എത്തേണ്ട ഈ ഓഫീസിലുള്ളവർക്ക് ബീക്കൺ ലൈറ്റിന്റെ ആനുകൂല്യമില്ല. ദുരന്ത നിവാരണത്തിന്റെ ഭാഗമായി എമർജൻസി വാഹനത്തിനുള്ള ബീക്കൺ ലൈറ്റ് ഘടിപ്പിക്കാൻ വൈദ്യുതി ബോർഡിനും അവസരമുണ്ട്. ആ അവസരത്തെ അവകാശമാക്കി മാറ്റുന്നത് കെഎസ് ഇ ബിയിലെ മുതിർന്ന ഉദ്യോഗസ്ഥരാണ്.
കെ എസ് ഇ ബിയിലെ എല്ലാ ഡയറക്ടേഴ്‌സിന്റെ വാഹനത്തിലും ഇനി ബിക്കൺ ലൈറ്റുണ്ടാകും. ചീഫ് എഞ്ചിനയർമാരുടെ കാറിലും ബീക്കൺ ലൈറ്റ് ഘടിപ്പിക്കാം. വിതരണ പ്രസരണ ചുമതലയുള്ള സർക്കിളിലേയും സബ് സ്റ്റേഷനിലേയും ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർമാർക്കും എക്‌സിക്യൂട്ടീവ് എഞ്ചിനിയർമാർക്കും ബീക്കൺ കിട്ടും. ചീഫ് എഞ്ചിനിയർ നിർദ്ദേശിക്കുന്ന എല്ലാ വാഹനത്തിനും ഈ ഭാഗ്യം ഇനി കെ എസ് ഇ ബിയിൽ ഉണ്ടാകും. ഇങ്ങനെ നാല് വിഭാഗക്കാർക്കാണ് കെ എസ് ഇ ബിയിൽ ബീക്കൺ കിട്ടുക.
ബീക്കൺ ലൈറ്റ് അനുവദിക്കുന്നതിൽ വലിയ നിയന്ത്രണം സുപ്രീംകോടതിയും മറ്റും കൊണ്ടു വന്നിരുന്നു. മന്ത്രിമാർക്ക് പോലും ഇതിനിപ്പോൾ അവകാശമില്ല. ഈ സാഹചര്യത്തിലാണ് കെ എസ് ഇ ബിയിലെ എല്ലാ ഡയറക്ടർമാർക്കും ബീക്കൺ ലൈറ്റ് ഭാഗ്യം കിട്ടുന്നത്. അടിയന്തര സേവനമായി വൈദ്യുതി മേഖലയേയും കേന്ദ്ര സർക്കാർ കണക്കാക്കുന്നുണ്ട. അതുകൊണ്ട് തന്നെ അടിയന്തര ഇടപെടലിന് പോകുന്ന വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് ബീക്കൺ ലൈറ്റ് അനുവദിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചിരുന്നു. ഉത്തരവും ഇറക്കി. ഈ ഉത്തരവ് പരിഗണിച്ചാണ് നാലു വിഭാഗക്കാർക്ക് ബീക്കൺ ലൈറ്റ് അനുവദിക്കുന്നത് കെ എസ് ഇ ബിയിൽ.
കെ എസ് ഇ ബി ലിമിറ്റഡ് കമ്പനിയിലെ മുഴുവൻ സമയ ഡയറക്ടർമാരുടെ യോഗമാണ് ഈ കേന്ദ്ര നിർദ്ദേശം പരിഗണിച്ചതും ബീക്കൺ ലൈറ്റ് ആർക്കെല്ലാം നൽകണമെന്ന് തീരുമാനിച്ചതും. ഇതിൽ സെക്ഷൻ ഓഫീസിലെ വാഹനങ്ങൾ ഉൾപ്പെട്ടില്ലെന്നതാണ് വസ്തുത. പ്രളയം അടക്കമുള്ള ദുരന്തമുണ്ടാകുമ്പോൾ ആദ്യം എത്തേണ്ടതും വൈദ്യുതി ലൈൻ ഓഫാക്കേണ്ടതും സെക്ഷൻ ഓഫീസിലെ സാധാരണക്കാരാണ്. എല്ലാ ദുരന്ത മുഖത്തും അവർ ആദ്യം ഓടിയെത്തും. ഉന്നത ഉദ്യോഗസ്ഥരുടെ വരവ് എല്ലാം നിയന്ത്രണ വിധേയമാക്കിയ ശേഷമാകും. അതുകൊണ്ട് സെക്ഷൻ ഓഫീസിലെ വാഹനങ്ങളെ ഒഴിവാക്കി ഡയറക്ടർമാരുടെ വാഹനത്തിൽ ബീക്കൺ ലൈറ്റ് വയ്ക്കുന്നത് തമാശയാണെന്നാണ് ജീവനക്കാരുടെ പക്ഷം.
സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങളിൽനിന്ന് ബീക്കൺലൈറ്റുകൾ ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. വി.ഐ.പി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായി ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ഇതിനുപിന്നാലെ ബീക്കൺ ലൈറ്റുകൾ ഒഴിവാക്കി. നിരവധി സംസ്ഥാനങ്ങളിലെ മന്ത്രിമാരും ബീക്കൺ ലൈറ്റുകൾ നീക്കി. ഈ മാതൃകയാണ് കേരളവും സ്വീകരിച്ചത്. അതുകൊണ്ട് കൂടിയാണ് കെ എസ് ഇ ബിയിലെ എല്ലാ ഉദ്യോഗസ്ഥ പ്രമുഖരുടേയും വാഹനങ്ങൾ ബീക്കൺ ലൈറ്റ് എത്തുന്നത് വിവാദമാകുന്നത്.
മന്ത്രിസഭാ തീരുമാനം ഉള്ളതിനാൽ വൈദ്യുത മന്ത്രിയായ കെ കൃഷ്ണൻകുട്ടിക്ക് കാറിൽ ബീക്കൺ ലൈറ്റ് വയ്ക്കാനാകില്ല. എന്നാൽ അദ്ദേഹത്തിന് കീഴിലെ ബോർഡിലെ ഉദ്യോഗസ്ഥരെല്ലാം ഇനി ബീക്കൺ ലൈറ്റുമായി കറങ്ങി നടക്കുമെന്നതാണ് വസ്തുത. ബീക്കൺ ലൈറ്റുകൾ അടിയന്തരമായി കെ എസ് ഇ ബി വാങ്ങും. പല നിറങ്ങളുള്ള ബീക്കൺ ലൈറ്റുകളാകും വാങ്ങുക. ഇങ്ങനെ ബീക്കൺ വയ്ക്കുന്ന കാറുകളുടെ വിശദാംശങ്ങൾ ബോർഡിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ