കൊച്ചി: വൈദ്യുതി നിരക്കുയർത്താൻ വൈദ്യുതി ബോർഡ് സമർപ്പിച്ച രേഖയിലും ബോർഡിന്റെ ബജറ്റിലും വൈരുധ്യമുള്ള കണക്കുകൾ. 2022-23 ബജറ്റിൽ രേഖകളിലുള്ളത് 496.20 കോടി രൂപ ലാഭമുണ്ടാകുമെന്നാണ്. നിരക്കുയർത്താൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് മുമ്പിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത് 2,852.58 കോടി രൂപയുടെ നഷ്ടവും. വൈദ്യുതോത്പാദന ചെലവിനെക്കുറിച്ചുള്ള കണക്കുകളിലും വൈരുധ്യമുണ്ട്. ഇതെല്ലാം വലിയ ചർച്ചയായി മാറുകയാണ്.

കെ.എസ്.ഇ.ബി. ചെയർമാൻ കഴിഞ്ഞദിവസം ആയിരംകോടി രൂപയുടെ അധിക വൈദ്യുതി പുറത്തുവിറ്റു എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ രീതിയിലുള്ള അപ്രതീക്ഷിത ലാഭവും വൈദ്യുതി ബോർഡിന് ലഭിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും റെഗുലേറ്ററി കമ്മീഷന് മുമ്പിൽ എത്തുന്നില്ല. നിരക്കുയർത്താൻ കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നുവെന്നാണ് ഉയരുന്ന വാദം. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പൊതുജനാഭിപ്രായംതേടി പാലക്കാട് 13-ന് നടക്കുന്ന ഹിയറിങ്ങിൽ ഈ കണക്കുകൾ സമർപ്പിക്കും.

കെ എസ് ഇ ബിയിൽ ചെയർമാനും തൊഴിലാളി സംഘടനകളും തമ്മിൽ തർക്കം രൂക്ഷമാണ്. ഇതിനിടെയാണ് പുതിയ വിവരങ്ങളും പുറത്തു വരുന്നത്. നിരക്ക് ഉയർത്താനായി കെ എസ് ഇ ബി കള്ളം പറയുന്നുവോ എന്നതാണ് ഉയരുന്ന ചോദ്യം. വൈദ്യുതി വിൽപ്പനയിലൂടെയും മറ്റും ബോർഡ് വൻ ലാഭവും ഉണ്ടാക്കുന്നുണ്ട്. ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമായ 2022-23-ലെ ബജറ്റും 2021-22-ലെ പുനഃക്രമീകരിച്ച ബജറ്റ് എസ്റ്റിമേറ്റുമടക്കമുള്ള രേഖ പ്രകാരം 2022-23-ൽ 496.20 കോടിരൂപ ലാഭമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതി വിൽപ്പനയിലൂടെയും താരിഫ് ഇതര വരുമാനത്തിലൂടെയും 18,081.52 കോടി വരുമാനമുണ്ടാകുമെന്ന് ബജറ്റിൽ വ്യക്തമാക്കുന്നു. വൈദ്യുതി വാങ്ങൽ, ശമ്പളമടക്കമുള്ള കാര്യങ്ങൾ എന്നിവയ്ക്കായി 17,585.32 കോടി ചെലവും കണക്കാക്കിയിട്ടുണ്ട്. 2021-22-ലെ പുനഃക്രമീകരിച്ച എസ്റ്റിമേറ്റിൽ 171.77 കോടി രൂപയുടെ ലാഭമാണ് കാണിച്ചിരിക്കുന്നത്. റെഗുലേറ്ററി കമ്മിഷനിൽ സമർപ്പിച്ചിരിക്കുന്ന അഗ്രിഗേറ്റ് റവന്യൂ റിക്വയർമെന്റിൽ (എ.ആർ.ആർ.) 202223ൽ വരുമാനം 15,976.98 കോടിയും ചെലവ് 18,829.56 കോടി രൂപയുമായിരിക്കുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 2,852.58 കോടിരൂപ നഷ്ടം.

2022-23-ൽ വൈദ്യുതി വാങ്ങുന്നതിന് 9,854.32 കോടി രൂപയാണ് ബജറ്റിൽ കാണിച്ചിരിക്കുന്നത്. ഇത് കമ്മിഷന് മുന്നിലെത്തിയപ്പോൾ 10,012.35 കോടി രൂപയായി. ബജറ്റിൽ തേയ്മാന ചെലവായി കണക്കാക്കിയിരിക്കുന്നത് 1,115.71 കോടിയാണ്. ഇത് കമ്മിഷന് മുന്നിലെത്തിയപ്പോൾ 742.89 കോടിയായി. 2021-22-ൽ ജലവൈദ്യുതി ഉത്പാദനലക്ഷ്യം 7,270.50 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ 2022 മാർച്ച് ആയപ്പോഴേക്കും 9,859.38 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. 2,588.88 ദശലക്ഷം യൂണിറ്റിനുമുകളിൽ അധിക ഉത്പാദനം. യൂണിറ്റിന് നാലുരൂപ കണക്കാക്കിയാൽപോലും 1,036 കോടിരൂപ അധികമായി ലഭിക്കും.

മാർച്ച് 31-ന് അവസാനിച്ച സാമ്പത്തികവർഷം 1000 കോടിരൂപയ്ക്കാണ് വൈദ്യുതി ബോർഡ് പവർ എക്‌സ്‌ചേഞ്ചിലൂടെ വൈദ്യുതി വിറ്റത്. മൂന്നുവർഷമായി നല്ല മഴകിട്ടിയതിനാലാണ് ഇത്രയധികം വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്ത് വിൽക്കാനായതെന്ന് ബോർഡ് ചെയർമാൻ ഡോ. ബി. അശോക് പറഞ്ഞു. കോവിഡ് കാരണം കടകളും വ്യവസായ സ്ഥാപനങ്ങളും പ്രവർത്തനം നിയന്ത്രിച്ചതോടെ സംസ്ഥാനത്തിനകത്ത് വൈദ്യുതിയുപയോഗം കുറഞ്ഞിരുന്നു. കൽക്കരി പ്രതിസന്ധി കാരണം രാജ്യത്ത് വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായതിനാൽ പവർ എക്‌സ്ചേഞ്ചിൽ മികച്ച വിലയും ലഭിച്ചു.

വൈദ്യുതി വാങ്ങാനും വിൽക്കാനും താത്പര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാനുള്ള ഇലക്ട്രോണിക് സംവിധാനമാണ് പവർ എക്‌സ്ചേഞ്ച് അഥവാ സ്‌പോട്ട് മാർക്കറ്റ്. ഇത് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിയന്ത്രിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സംവിധാനമാണ്. കാലവർഷം സാധാരണ തോതിലാണെങ്കിൽ ഒരു വർഷം ഡാമുകളിൽ ഒഴുകിയെത്തുന്നത് 700 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്. എന്നാൽ, 2021-'22-ൽ കിട്ടിയത് 900 കോടി യൂണിറ്റിനുള്ള വെള്ളം.

പവർ എക്‌സ്ചേഞ്ചിൽ ചില സമയങ്ങളിൽ യൂണിറ്റിന് 20 രൂപവരെ വിലയുണ്ടായിരുന്നു. രാത്രിയിലെ ആവശ്യത്തിന് കേരളം പുറത്തുനിന്ന് വാങ്ങുന്നത് ഇതിലും കുറഞ്ഞ തുകയ്ക്കാണ്. പവർ എക്‌സ്ചേഞ്ചിൽ വില കുറയുമ്പോൾ ആ വൈദ്യുതി കേരളത്തിൽത്തന്നെ ഉപയോഗിക്കുകയും വില ഉയർന്നുനിൽക്കുമ്പോൾ വിൽക്കുകയും ചെയ്തു. ഇങ്ങനെ എല്ലാം നേട്ടമുണ്ടാക്കിയ കെ എസ് ഇ ബിയാണ് റെഗുലേറ്ററി കമ്മീഷന് മുമ്പിൽ വ്യത്യസ്ത കണക്കുകൾ അവതരിപ്പിക്കുന്നത്.

വൈദ്യുതിനിരക്ക് വർധിപ്പിക്കാൻ ബോർഡ് റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയപ്പോൾ ഈ ആയിരം കോടിരൂപ സഞ്ചിത നഷ്ടത്തിൽ തട്ടിക്കിഴിച്ചുവെന്നാണ് സൂചന. ഇതുകഴിഞ്ഞുള്ള നഷ്ടം നിരക്കുവർധനയിലൂടെ ഈടാക്കാനാണ് തീരുമാനിച്ചതെന്ന് ബോർഡ് വൃത്തങ്ങൾ പറഞ്ഞു. എന്നിട്ടും ശരാശരി 90 പൈസ യൂണിറ്റിന് കൂട്ടണമെന്നാണ് ബോർഡ് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ബജറ്റിലെ കണക്കുകൾ പുറത്തു വരുന്നത്.