- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരികുമാറിന് എക്‌സിക്യൂട്ടീവ് എൻജിനീയറായി ലഭിക്കേണ്ട സ്ഥാനക്കയറ്റം നിഷേധിച്ചു; കൊച്ചിയിലെ കണ്ണായ സ്ഥാനത്ത് നിന്നും മാറ്റം മോഷണം കണ്ടെത്താനുള്ള പാലക്കാട്ടെ സ്ക്വാഡിലേക്ക്; സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും നേതാക്കളെ വെട്ടിലാക്കി സ്ഥലം മാറ്റം; കെ എസ് ഇ ബിയിൽ 'സിഐടിയു' കളി പൊളിയുമോ?
തിരുവനന്തപുരം: വൈദ്യുത ബോർഡിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയും ചെയർമാൻ ബി അശോകും കൂടുതൽ പിടി മുറുക്കുന്നു. വൈദ്യുതി ബോർഡിലെ പ്രശ്‌നങ്ങൾ തീർക്കാൻ മന്ത്രിതല ചർച്ച നാളെ നടക്കാനിരിക്കെ സമരം നടത്തുന്ന കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാറിനെ കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്കു മാറ്റി ബോർഡ് ഉത്തരവിറക്കിയത് യൂണിയന് കൂടുതൽ തിരിച്ചടിയായി. അച്ചടക്ക ലംഘനം അനുവദിക്കില്ലെന്ന സൂചനയാണ് കെ എസ് ഇ ബി മാനേജ്‌മെന്റ് നൽകുന്നത്.
ഹരികുമാറിന് എക്‌സിക്യൂട്ടീവ് എൻജിനീയറായി ലഭിക്കേണ്ട സ്ഥാനക്കയറ്റം നിഷേധിച്ചു കൊണ്ടാണ് സ്ഥലം മാറ്റം. ഹരികുമാറിനൊപ്പം സസ്‌പെൻഷൻ പിൻവലിച്ചു തിരിച്ചെടുത്ത ഓഫിസേഴ്‌സ് അസോസിയേഷൻ നേതാക്കളായ എം.ജി. സുരേഷ്‌കുമാർ, ജാസ്മിൻ ബാനു എന്നിവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. തൽക്കാലം 3 പേരും പുതിയ സ്ഥലത്ത് ചുമതലയേൽക്കുന്നില്ലെന്ന് അസോസിയേഷൻ അറിയിച്ചു. ഇത് പുതിയ വിവാദങ്ങൾക്ക് സാഹചര്യം ഒരുക്കും. ജോലിക്ക് ഹാജരായില്ലെങ്കിൽ മൂവരേയും പിരിച്ചു വിടാനാണ് കെ എസ് ഇ ബിയുടെ തീരുമാനം. ജീവനക്കാരെ സ്ഥലം മാറ്റാനുള്ള അവകാശം കമ്പനിക്കുണ്ടെന്നാണ് വിലയിരുത്തൽ.
കൊച്ചിയിൽ 'ദ്യുതി' പ്രോജക്ട് മോനിട്ടറിങ് ഡിവിഷനിൽ അസി.എക്‌സിക്യൂട്ടീവ് എൻജിനീയറായ ഹരികുമാറിനെ പാലക്കാട് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ആയാണ് മാറ്റിയത്. 4 ദിവസം മുൻപുള്ള തീയതി വച്ച് ഇന്നലെ ഇറക്കിയ 5 പേജ് ഉത്തരവിൽ ഹരികുമാർ ചെയ്ത കുറ്റങ്ങൾ വിശദീകരിച്ചിട്ടുണ്ട്. കോടതിയിൽ പോയാലും വൈദ്യുത ബോർഡിന് തിരിച്ചടിയുണ്ടാകാതിരിക്കാനാണ് ഇത്. കരുതലോടെയാണ് ഓരോ നീക്കവും. മുഖ്യമന്ത്രി പിണറായി വിജയനെ കാര്യങ്ങൾ മന്ത്രി കൃഷ്ണൻകുട്ടി ബോധ്യപ്പെടുത്തും. അതേസമയം ഓഫിസേഴ്‌സ് അസോസിയേഷൻ നേതാക്കൾ നാളെ മന്ത്രി കെ.കൃഷ്ണൻകുട്ടിയെ കണ്ടു ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇതിന് സ്ഥിരീകരണമില്ലെന്നതാണ് വസ്തുത.
ബോർഡിലെ വർക്കർമാർക്ക് ലൈൻ മാൻ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിലെ നിയമ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജീവനക്കാരുടെ സംഘടനകളുടെ യോഗവും നാളെ മന്ത്രി വിളിച്ചിട്ടുണ്ട്. റഫറണ്ടം നടക്കുന്ന സാഹചര്യത്തിൽ പെരുമാറ്റച്ചട്ട ലംഘനമാകും എന്നതിനാൽ ഈ യോഗത്തിൽ ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരത്തെക്കുറിച്ച് തൊഴിലാളി യൂണിയനുകൾ പറയാൻ സാധ്യത കുറവാണ്. അങ്ങനെ ഓഫീസേഴ്‌സ് അസോസിയേഷനെ തളർത്താനാണ് നീക്കങ്ങളെല്ലാം. ഓഫീസേഴ്‌സ് അസോസിയേഷന് ട്രേഡ് യൂണിയൻ പരിഗണന നൽകില്ലെന്ന് മന്ത്രിയും ചെയർമാനും നേരത്തെ വ്യക്തമാക്കിയിരുന്നു,
ചാരിറ്റബിൾ സംഘടനയുടെ സ്വഭാവമാണ് ഓഫീസേഴ്‌സ് അസോസിയേഷനുള്ളത്. അതിന് തൊഴിലാളി സംഘടനയുടെ അവകാശങ്ങളില്ല. അതുകൊണ്ട് തന്നെ ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾക്ക് സ്ഥലം മാറ്റം പാടില്ലെന്ന ചട്ടം വരില്ലെന്നാണ് കെ എസ് ഇ ബിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് സ്ഥലം മാറ്റം. പ്രശ്‌നത്തിൽ സിപിഎം ഇടപെടുമെന്നതാണ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രതീക്ഷ. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന സന്ദേശമാണ് സ്ഥലം മാറ്റത്തിലൂടെ മന്ത്രിയും ചെയർമാനും നൽകുന്നത്.
സർക്കാരും കൈവിട്ടതോടെ കെ.എസ്.ഇ.ബിയിൽ സമരം കടുപ്പിക്കാനൊരുങ്ങുകയാണ് സിപിഎം. അനുകൂലസംഘടനയായ ഓഫീസേഴ്സ് അസോസിയേഷൻ. രണ്ടാഴ്ചയായി വൈദ്യുതിഭവനു മുന്നിൽ സമരം നടത്തിയിട്ടും വകുപ്പുമന്ത്രിയോ ബോർഡ് ചെയർമാനോ വകവയ്ക്കാത്ത സാഹചര്യത്തിലാണിത്. സമരക്കാർ വെറുതേ വെയിലത്തും മഴയത്തും നിൽക്കേണ്ടെന്നാണു ചെയർമാൻ കഴിഞ്ഞദിവസം പരിഹസിച്ചത്. സമരനേതാക്കളെ സ്ഥലംമാറ്റിയതും സംഘടനയെ ചൊടിപ്പിച്ചു. 19-നു വൈദ്യുതിഭവൻ വളഞ്ഞ് ഉപരോധിക്കുമെന്നാണു പ്രഖ്യാപനം.
നാളെ മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചനടത്തുമെന്ന വിവരം അസോസിയേഷനെ അറിയിച്ചിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി. സ്ഥലംമാറ്റങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നു പ്രഖ്യാപിക്കുമ്പോഴും സിപിഎം. ഇടപെടലിലൂടെ എങ്ങനെയും തലയൂരാനുള്ള ശ്രമവും നടക്കുന്നുണ്ട്. സിപിഎം. നിർദ്ദേശപ്രകാരം മന്ത്രി കെ. കൃഷ്ണൻകുട്ടി നാളെ ചർച്ച നടത്തിയേക്കുമെന്നു സൂചനയുണ്ടെങ്കിലും സമരക്കാരെ ഇതുവരെ അറിയിച്ചിട്ടില്ലെന്നതും ആശങ്കയാണ്.
കെ.എസ്.ഇ.ബി ചെയർമാൻ ബി. അശോകിനെതിരെ രൂക്ഷവിമർശനവുമായി സിഐ.ടി.യു രംഗത്തു വന്നിരുന്നു. ഏത് സുരക്ഷക്കുള്ളിൽ ഇരുന്നാലും വേണ്ടിവന്നാൽ കെ.എസ്.ഇ.ബി ചെയർമാന്റെ വീട്ടിൽ കയറി മറുപടി പറയാൻ അറിയാമെന്ന് സിഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി. കെ മധു പറഞ്ഞു. നാട്ടിലിറങ്ങിയാൽ ബി. അശോകും ഒരു സാധാരണക്കാരനാണ്. തിരുത്താൻ ജനങ്ങളിറങ്ങിയാൽ അശോകിന് കേരളത്തിൽ ജീവിക്കാൻ കഴിയില്ല. ബി. അശോക് ഉത്തരേന്ത്യയിൽ ഏതെങ്കിലും ഗോശാലയിൽ ചെയർമാൻ ആയിരിക്കേണ്ട ആളാണ്. നല്ല കാളകൾക്ക് നല്ല ഡിമാന്റാണ്. ചെയർമാന്റെ നടപടികൾക്ക് അധികം ആയുസ്സില്ലെന്നും മധു പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടി കെ.എസ്.ഇ.ബിയെ ചെയർമാൻ തകർക്കാൻ ശ്രമിക്കുകയാണ്. കെ.എസ്.ഇ.ബി ചെയർമാന്റെ രാഷ്ട്രീയം വ്യക്തമായെന്നും വർക്കിങ് പ്രസിഡന്റ് ആർ ബാബു ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ