- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയെ മാറ്റണമെന്ന് കോടിയേരിയോട് ഓഫീസേഴ്‌സ് അസോസിയേഷൻ; അശോകിനെ വളർത്തുന്നതിന് പിന്നിൽ കൃഷ്ണൻകുട്ടിയുടെ ഗൂഡ പദ്ധതിയെന്ന് എളമരത്തോടും നേതാക്കൾ; സ്ഥലം മാറ്റം അംഗീകരിച്ചേ മതിയാകൂവെന്ന നിലപാടിൽ മന്ത്രിയും; കെ എസ് ഇ ബിയിൽ തർക്കം രൂക്ഷം; ഹൈക്കോടതി ഇടപെടൽ നിർണ്ണായകം
തിരുവനന്തപുരം: കെഎസ്ഇബിയിൽ ചെയർമാനും സിപിഎം അനുകൂല ഉദ്യോഗസ്ഥ സംഘടനയും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നതിനിടെ പ്രശ്‌ന പരിഹാരം അനിശ്ചിതത്വത്തിൽ. അതിനിടെ വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയെ മാറ്റണമെന്ന ആവശ്യം സർക്കാരിന് മുമ്പിൽ വയ്ക്കാൻ സിപിഎം അനുകൂല ഓഫീസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചെന്നാണ് സൂചന. കൃഷ്ണൻകുട്ടിയുമായി മുമ്പോട്ട് പോകാനാകില്ലെന്നാണ് യൂണിയന്റെ നിലപാട്. കെ എസ് ഇ ബി ചെയർമാൻ ബി അശോകിനെ പിന്തുണയ്ക്കുന്നതാണ് പ്രകോപന കാരണം.
ഇന്നു മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, താനല്ല വൈദ്യുതി ബോർഡ് തന്നെയാണു ചർച്ച നടത്തുന്നതെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പാലക്കാട്ട് ആവർത്തിച്ചു വ്യക്തമാക്കി. ചർച്ച ചെയ്യേണ്ടതും പ്രശ്‌നം പരിഹരിക്കേണ്ടതും എല്ലാം ബോർഡാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് സിപിഎം സംഘടനയെ കുഴപ്പിക്കുന്നത്. എളമരം കരിം അടക്കമുള്ള സിപിഎം നേതാക്കളോട് മന്ത്രിയാണ് പ്രശ്‌നക്കാരൻ എന്ന സന്ദേശം ഓഫീസേഴ്‌സ് അസോസിയേഷൻ നൽകിയിട്ടുണ്ട്. നേതാക്കളുടെ സ്ഥലം മാറ്റം അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്.
മന്ത്രി കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്നു പാലക്കാട് സർവകക്ഷി യോഗം നടക്കുന്നതിനാൽ അതിനു ശേഷമേ അദ്ദേഹം തലസ്ഥാനത്തു മടങ്ങി എത്തുകയുള്ളൂ. നാളെയോ, പിറ്റേന്നോ അസോസിയേഷൻ നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് അറിയുന്നത്. ഇതിലൊന്നും അന്തിമ തീരുമാനങ്ങളുണ്ടായിട്ടില്ല. യൂണിയൻ നേതാക്കളുടെ ആവശ്യം അതേ പടി അംഗീകരിക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. മാപ്പെഴുതി നൽകിയാൽ അച്ചടക്ക നടപടികൾ പിൻവലിക്കും. അല്ലാത്ത പക്ഷേ സ്ഥലം മാറ്റം തുടരുമെന്നാണ് മന്ത്രിയും നൽകുന്ന സൂചന.
അതേസമയം, ചെയർമാന്റെ ഏകപക്ഷീയ തീരുമാനങ്ങൾ പിൻവലിക്കുക, സസ്‌പെൻഷൻ പിൻവലിച്ചതിനൊപ്പം നേതാക്കളെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുമെന്നും നാളെ വൈദ്യുതി ഭവൻ ഉപരോധിക്കുമെന്നും കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. മന്ത്രിയുടെ നിലപാടിനെ തുടർന്ന് സമരം ശക്തമാക്കാനാണ് തീരുമാനം. എല്ലാ ഓഫീസുകളിലേക്കും സമരം എത്തിക്കാനും നീക്കമുണ്ട്.
ചെയർമാനും കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറാകണം. എല്ലാവരും അവരുടെ അധികാര പരിധിക്കുള്ളിൽ നിൽക്കണം. സമരക്കാരുടെ ആവശ്യം പരിഹരിക്കപ്പെട്ടു കഴിഞ്ഞതാണ്. സ്ഥലംമാറ്റത്തിന്റെ കാര്യത്തിൽ ചട്ടപ്രകാരം ചെയ്യാൻ പറ്റുന്നതു ചെയ്യും. കെഎസ്ഇബി.ഒരു ലിമിറ്റഡ് കമ്പനിയാണ്. ബോർഡിനെക്കാളും സ്വതന്ത്രമാണു കമ്പനി. അവരുടെ പ്രശ്‌നം അവർ തന്നെ തീർക്കണമെന്നാണ് അഭിപ്രായം. എല്ലാ കാര്യത്തിലും സർക്കാർ ഇടപെടുന്നതു ശരിയല്ലെന്നതാണ് മന്ത്രിയുടെ നിലപാട്.
ഇന്നു ചർച്ച നടത്താമെന്നു നേരത്തേ മന്ത്രിയുടെ ഓഫിസിൽ നിന്നാണ് അറിയിച്ചത്. ഇന്നു മറ്റു ചർച്ചകൾക്കൊന്നും അസോസിയേഷനെ ആരും ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും ജനറൽ സെക്രട്ടറി ബി.ഹരികുമാർ പറഞ്ഞു. ഇദ്ദേഹത്തെയും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ, വനിതാ നേതാവ് ജാസ്മിൻ ബാനു എന്നിവരെയുമാണു സ്ഥലംമാറ്റിയത്. സ്ഥലംമാറ്റം പിൻവലിക്കില്ലെന്ന നിലപാടിലാണ് കെഎസ്ഇബി ചെയർമാൻ ബി.അശോക്. ഇതിനെ മന്ത്രിയും പിന്തുണയ്ക്കുണ്ട്. ഇനി മുഖ്യമന്ത്രിയുടെ മനസ്സാകും നിർണ്ണായകം.
സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ സ്ഥലംമാറ്റം റദ്ദാക്കിയാൽ കെഎസ്ഇബിയിലെ ചട്ടങ്ങൾ മുഴുവൻ തിരുത്തേണ്ടി വരുമെന്നും ഇത് അംഗീകരിക്കില്ലെന്നും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ(ഐഎൻടിയുസി) വർക്കിങ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് പറഞ്ഞു. ചർച്ചനടക്കാത്തതിനാലും നേതാക്കളുടെ സ്ഥലംമാറ്റത്തിൽ ബോർഡ് ഉറച്ചുനിൽക്കുന്നതിനാലും സമരം ശക്തമാക്കാനാണ് അസോസിയേഷന്റെ തീരുമാനം. ചൊവ്വാഴ്ച വൈദ്യുതി ഭവൻ വളയാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാനാണ് ഞായറാഴ്ച സംഘടനയുടെ കേന്ദ്രകമ്മിറ്റിയോഗം തീരുമാനിച്ചത്. പരിഹാരമുണ്ടായില്ലെങ്കിൽ മെയ് 15 മുതൽ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങും.
സിപിഎം. നേതൃത്വത്തിന്റെ ഇടപെടലിനായി സംഘടനാ നേതാക്കൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടിരുന്നു. അതിനുശേഷമാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. സമരത്തിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്ന് സംഘടന അവകാശപ്പെടുന്നു. മന്ത്രിക്കെതിരെ കോടിയേരിയോടും പരാതി പറഞ്ഞിട്ടുണ്ട്. സസ്‌പെൻഡ് ചെയ്ത് തിരിച്ചെടുത്ത അസോസിയേഷൻ നേതാക്കളുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നും ചെയർമാന്റെ ഏകപക്ഷീയ നടപടികൾ അവസാനിപ്പിക്കണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം. വന്നുകണ്ടാൽ ചർച്ചചെയ്യാമെന്ന് മന്ത്രി പറഞ്ഞതല്ലാതെ ഇതുവരെ ഒദ്യോഗികമായി ക്ഷണിച്ചിട്ടില്ല.
ചൊവ്വാഴ്ച മന്ത്രി തലസ്ഥാനത്ത് എത്തും. തൊഴിലാളി സംഘടനകളുമായി സ്ഥാനക്കയറ്റം ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ തിങ്കളാഴ്ച വിളിച്ച യോഗം ചൊവ്വാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ യോഗം ഓഫീസർമാരുടെ സംഘടനകൾക്ക് ബാധകമല്ല. സമരത്തിനും അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാറിനും എതിരേയുള്ള രണ്ട് ഹർജികൾ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സമരം അവസാനിപ്പിക്കാൻ കോടതി നിർദേശിക്കണമെന്നാണ് ഒരു ഹർജിയിലെ ആവശ്യം. ഇതും നിർണ്ണായകമാകും.
മറുനാടന് മലയാളി ബ്യൂറോ