തിരുവനന്തപുരം: വൈദ്യുതി ബോർഡ് സമരത്തിൽ നിലപാട് കടുപ്പിക്കാൻ മന്ത്രി കെ കൃഷ്ണൻകുട്ടി. ചെയർമാന് എതിരെ സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷൻ നടത്തിയ സത്യഗ്രഹത്തിനിടെ വൈദ്യുതി ഭവനിലെ ബോർഡ് റൂമിലേക്കു തള്ളിക്കയറിയ സംഭവത്തിൽ 19 പേർക്കുള്ള കുറ്റപത്രം തയാറാക്കിയത് ഇതിന്റെ ഭാഗമാണ്. ആവശ്യമെങ്കിൽ പൊലീസിനേയും പരാതി അറിയിക്കും. ഈ ഉദ്യോഗസ്ഥർക്കെതിരെയെല്ലാം നടപടി ഉണ്ടാകും. പെൻഷാനായ ഒരു നേതാവും സംഘത്തിലുണ്ടായിരുന്നു. ഇയാൾക്കെതിരെ അതിക്രമിച്ച് കയറിയതിന് പൊലീസിൽ പരാതി കൊടുക്കും. സിസിടിവി ദൃശ്യങ്ങൾ തെളിവായുള്ള സാഹചര്യത്തിലാണ് ഇത്.

കെ എസ് ഇ ബിയിൽ പ്രശ്‌ന പരിഹാരം നീളുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇത് ഉദ്യോഗസ്ഥർക്കു നൽകും. ചീഫ് വിജിലൻസ് ഓഫിസർ നടത്തിയ പരിശോധനയിൽ അസി.എൻജിനീയർ മുതൽ എക്‌സിക്യൂട്ടീവ് എൻജിനീയർ വരെയുള്ള 18 പേർ തള്ളിക്കയറി എന്നാണ് ആദ്യം കണ്ടെത്തിയത്. എന്നാൽ വിട്ടു പോയ ഒരാളെ കൂടി പിന്നീട് തിരിച്ചറിഞ്ഞതിനാൽ 19 പേർക്കാണ് കുറ്റപത്രം നൽകുക. ഇതിനൊപ്പം കൂടുതൽ അച്ചടക്ക നടപടികളും ഉണ്ടാകും. ആരേയും വെറുതെ വിടണ്ടെന്നാണ് തീരുമാനം. ജോലിയിൽ കയറാത്തവർക്കെതിരെ എല്ലാം നടപടി വരും.

സസ്‌പെൻഷൻ പിൻവലിച്ച 3 ഓഫിസർമാരും തിരികെ ജോലിയിൽ പ്രവേശിക്കാൻ വിസമ്മതിച്ച സാഹചര്യത്തിൽ അവരുടെ സ്ഥാനം അനിശ്ചിതമായി ഒഴിച്ചിടാൻ സാധിക്കില്ലെന്ന് ബോർഡ് മാനേജ്‌മെന്റ് അറിയിച്ചു. ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് അവർക്ക് നോട്ടിസ് നൽകാനും അത് അനുസരിക്കുന്നില്ലെങ്കിൽ ഈ ഒഴിവുകൾ നികത്താനും സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ മൂന്ന് പേരേയും സർവ്വീസിൽ നിന്ന് ഡിസ്മിസ് ചെയ്യും. ചെയർമാനെ പിന്തുണയ്ക്കുന്ന നിലപാടാണ് മന്ത്രിയുടേത്. അതുകൊണ്ട് തന്നെ യൂണിയൻ നേതാക്കളും പ്രതിസന്ധിയിലാണ്. ഹൈക്കോടതി വിധിയാകും ഇനി നിർണ്ണായകം.

ബോർഡിലെ സമരം നിരോധിക്കണം എന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിലുള്ള കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഓഫീസർമാരുടെ സംഘടന തൊഴിലാളി യൂണിയനുകളുടെ പരിധിയിൽ വരില്ലെന്നാണ് ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണം. ഇത്തരത്തിലെ ചോദ്യം കോടതി ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കോടതിയിൽ നിന്നുള്ള വിധിയും സർക്കാർ നിലപാടും നിർണ്ണായകമാണ്. വൈദ്യുത ബോർഡ് എടുക്കുന്നതിന് വിരുദ്ധമായി സമരത്തെ കോടതിയിൽ സർക്കാർ അനുകൂലിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. സിഐടിയു നേതൃത്വം സമരത്തെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുന്നുണ്ട്.

ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതാക്കൾക്ക് സസ്‌പെൻഷനു മുന്നോടിയായി നൽകിയ കുറ്റപത്രത്തിന് 30നു മുൻപ് മറുപടി നൽകണമെന്ന് ആവശ്യപ്പെടുന്ന വൈദ്യുതി ബോർഡിന്റെ കത്ത് അവർക്ക് ഇന്നലെ ലഭിച്ചു. എന്നാൽ മറുപടി നൽകാൻ കൂടുതൽ സമയം വേണം എന്നാണ് സമരക്കാരുടെ നിലപാട്. അതേസമയം, ഓഫിസേഴ്‌സ് അസോസിയേഷൻ മെയ്‌ 16ന് നിസ്സഹകരണ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫിസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ 6.72 ലക്ഷം രൂപ അടയ്ക്കണമെന്നു നോട്ടിസ് നൽകിയതു ചട്ടപ്രകാരം ആണെന്ന വിശദീകരണവുമായി ബോർഡ് മാനേജ്‌മെന്റ് രംഗത്തു വന്നിട്ടുണ്ട്.

ഓരോ യാത്രയും വിശകലനം ചെയ്തും ബന്ധപ്പെട്ടവരെ കണ്ടു ചോദിച്ചുമാണു വിജിലൻസ് വിഭാഗം സുരേഷിന്റെ സ്വകാര്യ യാത്രാവിവരങ്ങൾ ശേഖരിച്ചത്. നൂറിലേറെ പേജുള്ള റിപ്പോർട്ട് പരിശോധിച്ചു നിയമപ്രകാരം നൽകിയ കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകുന്നതിനു പകരം മാധ്യമങ്ങളിലൂടെ അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉന്നയിക്കുകയാണ്. ബോർഡ് വിജിലൻസ് 2019 മുതൽ പരിശോധിക്കുന്ന ഫയലിൽ 2 റിപ്പോർട്ടുകൾക്കു ശേഷമാണു നടപടിയെടുത്തതെന്നും ബോർഡ് അറിയിച്ചു. ചീഫ് വിജിലൻസ് ഓഫിസറുടെയും ഫിനാൻസ് ഡയറക്ടറുടെയും പരിശോധനയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വാഹനം ഉപയോഗിച്ചെന്നു വ്യക്തമായി. സുരേഷിനു വാഹനം നൽകാനുള്ള ഉത്തരവ് ബോർഡിന്റെ ഓഫിസുകളിൽ കാണുന്നില്ല. കമ്പനി സെക്രട്ടറിയും ഭരണവിഭാഗം സെക്രട്ടറിയും ഇത് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട്. വാഹനം ഉപയോഗിക്കാൻ സുരേഷിനെ അനുവദിച്ചുള്ള സർക്കാർ ഉത്തരവും ഇല്ല.

ഔദ്യോഗിക വാഹനം താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്ക് ഉപയോഗിക്കാൻ ഗവ.സെക്രട്ടറിമാർ, വകുപ്പ് അധ്യക്ഷന്മാർ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ, കലക്ടർമാർ, ഉയർന്ന പൊലീസ് അധികൃതർ എന്നിവർക്കു മാത്രമേ അനുമതിയുള്ളൂ. അഡീഷനൽ, അസി.പ്രൈവറ്റ് സെക്രട്ടറിമാർക്കു പ്രത്യേക അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ വാഹനം ഉപയോഗിച്ച വ്യക്തിയാണു ഹാജരാക്കേണ്ടത്. ഡപ്യൂട്ടേഷനിലായിരുന്ന കാലത്തു സുരേഷിനു മേൽ അച്ചടക്ക നടപടി എടുക്കാൻ ബോർഡിന് അധികാരം ഇല്ലെന്നതു ശരിയല്ല. ഡപ്യൂട്ടേഷൻ കാലയളവിൽ കണ്ടെത്തുന്ന അച്ചടക്കരാഹിത്യത്തിന് ഉദ്യോഗസ്ഥന്റെ നിയമനാധികാരിക്കുള്ള അതേ അധികാരം ഡപ്യൂട്ടേഷൻ അനുവദിച്ച അധികാരിക്കും ഉണ്ട് എന്നാണു സിവിൽ സർവീസ് ക്ലാസിഫിക്കേഷൻ കൺട്രോൾ റൂൾസ് 1960 വകുപ്പ് 20 പറയുന്നത്. ഇത്തരം പരാതികൾ നിയമനം വിട്ടുകൊടുത്ത അധികാരിക്ക് ഉദ്യോഗസ്ഥന്റെ ഡപ്യൂട്ടേഷൻ അവസാനിച്ച ശേഷം പരിശോധിക്കാനും അധികാരമുണ്ട്.

ഡപ്യൂട്ടേഷൻ കാലയളവിലുള്ള ഏതുതരം ശിക്ഷാവിധിയും അന്തിമമാക്കുന്നതിനു മുൻപ്, സേവനം വിട്ടുകൊടുത്ത നിയമനാധികാരിയുടെ അനുമതി വേണം. ഡപ്യൂട്ടേഷൻ കഴിഞ്ഞ ശേഷം അനുമതി വേണ്ട. വാഹനം സ്വകാര്യ ആവശ്യത്തിനായി തുക അടയ്ക്കാതെ ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട് എങ്കിൽ ഉദ്യോഗസ്ഥനു കമ്പനിയെ അറിയിക്കാം. രേഖാമൂലം അനുമതി ലഭിച്ചാൽ പോലും തനിക്ക് അനുവദിച്ച വാഹനത്തിനു പുറമേ കേന്ദ്ര മേഖലാ വിതരണവിഭാഗം ചീഫ് എൻജിനീയറുടെ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുമതിയില്ലാതെ ഏറ്റെടുത്തു സ്വദേശത്തേക്ക് പോകാൻ അവകാശം ഇല്ല. ഇങ്ങനെ ഔദ്യോഗിക ആവശ്യത്തിനു പോലും വിട്ടുകൊടുക്കാൻ വ്യവസ്ഥയില്ല.

ഡയറക്ടർമാർ, സെക്രട്ടറി, ചീഫ് എൻജിനീയർ, ഫിനാൻഷ്യൽ അഡൈ്വസർ, ചീഫ് അക്കൗണ്ട്‌സ് ഓഫിസർ, ലോ ഓഫിസർ, ലീഗൽ ആൻഡ് ഡിസിപ്ലിനറി എൻക്വയറി ഓഫിസർ, ചീഫ് വിജിലൻസ് ഓഫിസർ,പിആർഒ എന്നിവർക്കു മാത്രമാണു വൈദ്യുതി ബോർഡിൽ വാടക നൽകി സ്വകാര്യ ആവശ്യത്തിനു ബോർഡിന്റെ വാഹനം ഉപയോഗിക്കാവുന്നത്. അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ആയ സുരേഷിനു സ്വകാര്യ ആവശ്യത്തിന് ഔദ്യോഗിക വാഹനം ഉപയോഗിക്കാനാവില്ലെന്നും ബോർഡ് വ്യക്തമാക്കി.