- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സസ്‌പെൻഷൻ പിൻവലിച്ച 3 ഓഫിസർമാരും തിരികെ ജോലിയിൽ പ്രവേശിക്കാൻ വിസമ്മതിക്കുന്നതിനാൽ ഉടൻ പിരിച്ചു വിടും; നിസ്സഹകരണ സമരത്തിന് ഇറങ്ങുന്നവർക്കെതിരെ കെസ്മ പ്രയോഗിക്കും; ഹൈക്കോടതിയുടെ നിലപാട് മന്ത്രിക്കും ചെയർമാനും നൽകുന്നത് അസാധാരണ അധികാരങ്ങൾ; കെ എസ് ഇ ബിയിലെ സമരക്കാർ മുട്ടുമടക്കുമോ?
കൊച്ചി: കെ എസ് ഇ ബിയിൽ ഇനി മാനേജ്‌മെന്റ് കൂടുതൽ ശക്തമായ നടപടികൾ എടുക്കും. സമരവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ആവശ്യമെങ്കിൽ കെസ്മ പ്രയോഗിക്കുന്നതിൽ തടസ്സമില്ലെന്ന് നിലപാടെടുത്തതാണ് ഇതിന് കാരണം. കെ എസ് ഇ ബി യുടെ പ്രവർത്തനം തടസ്സപ്പെടുന്ന ഘട്ടം ഉണ്ടാവുകയാണെങ്കിൽ ബോർഡിന് എസ്മ ഉപയോഗിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ കെ എസ് ഇ ബിയിൽ ചെയർമാന് കൂടുതൽ അധികാരം കിട്ടുകയാണ്. ജോലിക്ക് ഹാജരാകാത്തവരെ പുറത്താക്കും.
സമരം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കെ എസ് ഇ ബി ചെയർമാന്റെയും മാനേജ്‌മെന്റിന്റെയും പ്രതികാര നടപടികൾക്കെതിരെ കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ ആണ് സമരം ചെയ്യുന്നത്. വൈദ്യുതി ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം താത്കാലികമായി നിർത്തിയിരുന്നു. സമരം ചെയ്യുന്നവർ ഓഫീസർമാരാണ്. ഇവരുടെ സംഘടനയ്ക്ക് ചാരിറ്റി സംഘടനയുടെ സാധുത മാത്രമേ ഉള്ളൂ. അതുകൊണ്ട് ഹൈക്കോടതിയിലെ കേസ് കെ എസ് ഇ ബി മാനേജ്‌മെന്റിന് അനുകൂലമാകുമെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു.
കേസ് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ കെ എസ് ഇ ബി ഓഫീസർമാരുടെ സമരത്തിൽ ഇടപെടാനില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ നിലപാട്. വൈദ്യുതി വിതരണം അവശ്യ സേവന മേഖലയിൽ വരുന്നതാണെന്നും സമരം വിലക്കണമെന്നും ആവശ്യപ്പെട്ടുള്ളതായിരുന്നു സ്വകാര്യ പൊതുതാത്പര്യ ഹർജി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്ന് തന്നെ വൈദ്യുതി ബോർഡിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് എസ്മ പ്രയോഗിക്കാനുള്ള അനുമതി നൽകൽ.
വൈദ്യുതി ബോർഡ് ചെയർമാന് എതിരെ സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷൻ നടത്തിയ സത്യഗ്രഹത്തിനിടെ വൈദ്യുതി ഭവനിലെ ബോർഡ് റൂമിലേക്കു തള്ളിക്കയറിയ സംഭവത്തിൽ 19 പേർക്കുള്ള കുറ്റപത്രം തയാറായി.ട്ടുണ്ട്. പ്രശ്‌ന പരിഹാരം നീളുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇത് ഉദ്യോഗസ്ഥർക്കു നൽകും. ചീഫ് വിജിലൻസ് ഓഫിസർ നടത്തിയ പരിശോധനയിൽ അസി.എൻജിനീയർ മുതൽ എക്‌സിക്യൂട്ടീവ് എൻജിനീയർ വരെയുള്ള 18 പേർ തള്ളിക്കയറി എന്നാണ് ആദ്യം കണ്ടെത്തിയത്. എന്നാൽ വിട്ടു പോയ ഒരാളെ കൂടി പിന്നീട് തിരിച്ചറിഞ്ഞതിനാൽ 19 പേർക്കാണ് കുറ്റപത്രം നൽകുക.
സസ്‌പെൻഷൻ പിൻവലിച്ച 3 ഓഫിസർമാരും തിരികെ ജോലിയിൽ പ്രവേശിക്കാൻ വിസമ്മതിച്ച സാഹചര്യത്തിൽ അവരുടെ സ്ഥാനം അനിശ്ചിതമായി ഒഴിച്ചിടാൻ സാധിക്കില്ലെന്ന് ബോർഡ് മാനേജ്‌മെന്റ് അറിയിച്ചു. ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് അവർക്ക് നോട്ടിസ് നൽകാനും അത് അനുസരിക്കുന്നില്ലെങ്കിൽ ഈ ഒഴിവുകൾ നികത്താനും സാധ്യത ഉണ്ട്. ഇതിനിടെയാണ് ഹൈക്കോടതിയും ശക്തമായ നിലപാട് എടുക്കുന്നത്.
ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതാക്കൾക്ക് സസ്‌പെൻഷനു മുന്നോടിയായി നൽകിയ കുറ്റപത്രത്തിന് 30നു മുൻപ് മറുപടി നൽകണമെന്ന് ആവശ്യപ്പെടുന്ന വൈദ്യുതി ബോർഡിന്റെ കത്ത് അവർക്ക് ലഭിച്ചു. എന്നാൽ മറുപടി നൽകാൻ കൂടുതൽ സമയം വേണം എന്നാണ് സമരക്കാരുടെ നിലപാട്. അതേസമയം, ഓഫിസേഴ്‌സ് അസോസിയേഷൻ മെയ് 16ന് നിസ്സഹകരണ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമരവുമായി മുമ്പോട്ട് പോയാൽ എസ്മ പ്രയോഗിക്കുമെന്നാണ് മാനേജ്‌മെന്റ് നിലപാട്.
സിപിഎം പിന്തുണയിലാണ് തങ്ങളുടെ സമരമെന്നാണ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ സമരക്കാർക്ക് അനുകൂലമായി ഒന്നും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടലും സമരക്കാർ തിരിച്ചടിയാണ്.
മറുനാടന് മലയാളി ബ്യൂറോ