- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലം മാറ്റിയ മൂന്ന് നേതാക്കളേയും വൈദ്യുത ഭവനിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ; മൂന്ന് പേരും പുതിയ സ്ഥലത്ത് ചാർജ്ജെടുത്താൽ പരിഗണിക്കാമെന്ന് മന്ത്രി; സുരേഷ് കുമാറിനെ തലസ്ഥാനത്ത് കയറ്റില്ലെന്ന് ചെയർമാൻ; കെ എസ് ഇ ബി പ്രതിസന്ധി നീണ്ടുപോകുന്നത് ഇങ്ങനെ
തിരുവനന്തപുരംന്മ വൈദ്യുതി ബോർഡിൽ പ്രശ്‌നപരിഹാരം നീളും. സമരം ചെയ്യുന്ന സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷൻ നേതാക്കൾ ഇന്നലെ മന്ത്രി കെ.കൃഷ്ണൻകുട്ടിയെ കണ്ടു സംസാരിച്ചു. എന്നാൽ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ ബോർഡ് മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്കില്ലെന്നാണു സൂചന.
സ്ഥലം മാറ്റിയ മൂന്ന് നേതാക്കളേയും വൈദ്യുത ഭവനിൽ നിയമിക്കണമെന്നാണ് യൂണിയൻ ആവശ്യം. എന്നാൽ മൂന്ന് പേരും പുതിയ സ്ഥലത്ത് ചാർജ്ജെടുത്താൽ പരിഗണിക്കാമെന്ന് മന്ത്രി അവരെ അറിയിച്ചു. എന്നാൽ പ്രധാന നേതാവ് സുരേഷ് കുമാറിനെ തലസ്ഥാനത്ത് കയറ്റില്ലെന്ന് ചെയർമാൻ ബി അശോകും ഉറച്ച നിലപാടിലാണ്. ഇതാണ് ചർച്ചകൾ നീളുന്നതിന് കാരണം. ഇനി ഇവർ സമരം ചെയ്താൽ കടുത്ത നടപടികൾ ചെയർമാൻ എടുക്കും. സമരം ചെയ്യുന്നവർക്ക് ശമ്പളവും നൽകില്ല.
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇനി ഊർജ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണു പ്രശ്‌ന പരിഹാരത്തിനുള്ള ഔദ്യോഗിക ചർച്ച നടക്കേണ്ടത്. ഊർജ സെക്രട്ടറി രാജേഷ് കുമാർ സിൻഹ സ്ഥലത്ത് ഇല്ല. അനുരഞ്ജന നിർദേശങ്ങളിൽ ചിലതിനോടുള്ള വിയോജിപ്പ് അസോസിയേഷൻ നേതാക്കൾ മന്ത്രിയെ അറിയിച്ചിരുന്നു. തുടർന്ന് സിപിഎം നേതാക്കളെയും അവർ ഇക്കാര്യം അറിയിച്ചു.
ബോർഡ് മാനേജ്‌മെന്റ് മുന്നോട്ടുവച്ച ഫോർമുല തൽക്കാലം അംഗീകരിക്കില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ താൻ ചർച്ച നടത്തുന്നില്ലെന്നും പ്രശ്‌നപരിഹാരം ഉടനെ ഉണ്ടാകുമെന്നും മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. ഹൈക്കോടതി വിധി നിയമ വകുപ്പ് പരിശോധിച്ച ശേഷം തുടർ നടപടി ഉണ്ടാകും. വിധിയിൽ എതിർകക്ഷിയായി സർക്കാരിനെ പ്രതിനിധീകരിച്ച് ഊർജ പ്രിൻസിപ്പൽ സെക്രട്ടറിയെ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ മന്ത്രിക്ക് ഔദ്യോഗിക ചർച്ച നടത്താൻ പരിമിതി ഉണ്ടെന്നും സെക്രട്ടറിയാണു ചർച്ച നടത്തേണ്ടതെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
വൈദ്യുതി ബോർഡിലെ തൊഴിലാളി സംഘടനകളുടെ അംഗീകാരത്തിനായുള്ള ഹിതപരിശോധന ഇന്നു നടക്കും. 30ന് കൊച്ചിയിലാണു വോട്ടെണ്ണൽ. 2015ലെ ഹിതപരിശോധനയിൽ അംഗീകാരം നേടിയ കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു), കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി), യുഡിഎഫ് സംഘടനകളുടെ മുന്നണിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ എന്നിവയാണു മത്സരരംഗത്തുള്ള പ്രധാന സംഘടനകൾ.
ഇവയ്ക്കു പുറമേ, കേരള വൈദ്യുതി മസ്ദൂർ സംഘ്, കെഎസ്ഇബി വർക്കേഴ്‌സ് യൂണിയൻ, ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി), കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് എംപ്ലോയീസ് സ്റ്റാഫ് ഓർഗനൈസേഷൻ (കീസോ) എന്നിവയാണു മത്സരിക്കുന്ന മറ്റു സംഘടനകൾ. 15% വോട്ടു നേടുന്നവയ്ക്ക് അംഗീകാരം ലഭിക്കും. ഇന്നു പകൽ എട്ടു മുതൽ 5 വരെയാണു വോട്ടിങ്. ഈ ഹിത പരിശോധനയും കെ എസ് ഇ ബിയിലെ പ്രശ്‌ന പരിഹാരത്തിൽ നിർണ്ണായകമാകും.
അതിനിടെ കെ.എസ്.ഇ.ബി ഓഫീസർമാരുടെ സമരം നേരിടാൻ കേരള അവശ്യ സേവന പരിപാലന നിയമപ്രകാരം (കെസ്മ) വിലക്ക് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് തീരുമാനിച്ചു. അടിയന്തര ആവശ്യത്തിനല്ലാതെ അവധിയിലുള്ള ഉദ്യോഗസ്ഥർ 48 മണിക്കൂറിനുള്ളിൽ ചുമതലയിൽ പ്രവേശിക്കാനും നിർദേശമുണ്ട്. കെ.എസ്.ഇ.ബി ഓഫീസർമാരുടെ സമരം മൂലം വൈദ്യുതി വിതരണം തടസപ്പെട്ടാൽ കെസ്മ പ്രഖ്യാപിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
സമരത്തിന്റെ ഭാഗമായി ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിക്കുന്ന സാഹചര്യമുണ്ടായാൽ സമരം വിലക്കി കെസ്മ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കണമെന്നായിരുന്നു ജസ്റ്റിസ് സി.എസ് ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വൈദ്യുതി വിതരണം അവശ്യ സർവീസാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമരത്തെത്തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ സാധാരണ ജീവിതത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
കെസ്മ പ്രയോഗിച്ച് സമരം തടയണമെന്നു കാണിച്ച് വയനാട് സ്വദേശിയായ അരുൺ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി നിർദ്ദേശം. ഉത്സവ സീസണടക്കം വരുന്നതിനാൽ കോടതി ഇടപെടണം, സമരം നടത്തുന്ന ഓഫീസേഴ്‌സ് അസോസിയേഷന്റെ അംഗീകാരം റദ്ദ് ചെയ്യണം എന്നിവയായിരുന്നു ഹരജിക്കാരന്റെ ആവശ്യങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ