തിരുവനന്തപുരം: ദേശീയ ഗ്രിഡിൽനിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതിനാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നതിന്റെ പഴിയും കെ എസ് ഇ ബി ചെയർാന്റെ തലയിൽ വച്ചു കെട്ടാൻ നീക്കം. ഓഫീസേഴ്‌സ് യൂണിയന് വേണ്ടി സോഷ്യൽ മീഡിയയിൽ വാദിക്കുന്നവരാണ് ഇതിന് പിന്നിൽ. കേന്ദ്ര ഗ്രിഡിൽ നിന്ന് വൈദ്യുതി കുറയുമ്പോൾ പ്രതിസന്ധി സ്വാഭാവികമാണ്. അത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇതിനെ കെ എസ് ഇ ബിയിലെ കെടുകാര്യസ്ഥതയായി വ്യാജമായി ചിത്രീകരിക്കുകയാണ് ചിലർ. ഇടത് ആഭിമുഖ്യമുള്ള ഓഫീസേഴ്‌സ് അസേസിയേഷനെ പുകഴ്‌ത്തുന്നവരാണ് ഇതിന് പിന്നിൽ.

സംസ്ഥാനത്ത് ഇന്നു വൈകുന്നേരം 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഐസ്ഇബി. നാളെയും തുടർന്നേക്കും. ഇപ്പോൾ പറയാതെതന്നെ ഇതു സ്ഥിരം ഏർപ്പാടാ. മണിയാശാനെ വിളിക്കൂ; വൈദ്യുതിവകുപ്പിനെ രക്ഷിക്കൂ! - എന്നു വിളിക്കേണ്ടിവരുമോ?-ഇതാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന രസകരമായ ചോദ്യം. അധിക വൈദ്യുതി മറ്റുള്ളവർക്ക് വിറ്റ് ആയിരം കോടിയുടെ വരുമാന നേട്ടം കെ എസ് ഇ ബി അടുത്ത കാലത്തുണ്ടാക്കിയിരുന്നു. പ്രവർത്തന ലാഭവും കൂടി. ഇതെല്ലാം മറച്ചു വച്ചാണ് സ്ഥിരമായി കേരളത്തിൽ വൈദ്യുത നിയന്ത്രണം എന്ന വാദം ചർച്ചയാക്കാനുള്ള ശ്രമം. കെ എസ് ഇ ബിയെ കാര്യക്ഷമമായി നയിക്കുന്നില്ലെന്ന ചർച്ച ഉയർത്താൻ വേണ്ടിയാണ് ഇത്.

കെ എസ് ഇ ബിയിൽ മൂന്ന് ഓഫീസർമാരെ ചെയർമാൻ അശോകൻ സ്ഥലം മാറ്റി. ഇത് അവർ അംഗീകരിക്കുന്നില്ല. രാഷ്ട്രീയ സമ്മർദ്ദത്തിലൂടെ അശോകന്റെ തീരുമാനം അട്ടിമറിക്കാനാണ് നീക്കം. എന്നാൽ ചെയർമാൻ വഴങ്ങുന്നില്ല. ഇതാണ് സിപിഎം അനുകൂലികളെ ചൊടിപ്പി്ക്കുന്നത്. ഇതിന് വേണ്ടിയാണ് കേന്ദ്ര ഗ്രിഡിലെ കുറവും കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥതയാകുന്നത്. കേന്ദ്രത്തിന്റെ വിഹിതമില്ലാതെ ഒരു കാലത്തും കേരളത്തിന് വൈദ്യുതിയിൽ ഒരു ദിവസം പോലും സ്വയം പര്യാപ്തത നേടാനായിട്ടില്ലെന്നതാണ് വസ്തുത. ഇത് മറച്ചുവച്ചാണ് മണിയാശാനെ വിളിക്കാനുള്ള ആഹ്വാനം.

വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടിയേയും ചെയർമാൻ അശോകിനേയും മാറ്റണമെന്ന് പറയാതെ പറയുകയാണ് ഓഫീസേഴസ് അസോസിയേഷന്റെ അടുത്ത സുഹൃത്തുക്കൾ. ഏതായാലും കേന്ദ്ര പൂളിലെ കുറവ് ഇന്നും വൈദ്യുത വിതരണത്തെ പ്രതിഫലിപ്പിക്കും. ഇന്നും നിയന്ത്രണം തുടരുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ഇന്നലെ വൈകിട്ട് 6.30നും 11.30നുമിടയ്ക്ക് 15 മിനിറ്റ് വീതം നിയന്ത്രണം ഏർപ്പെടുത്തി. ഇത് വലിയ പ്രതിസന്ധിയായി കേരളത്തിൽ മാറിയതുമില്ലെന്നതാണ് വസ്തുത.

ആന്ധ്രയിൽനിന്ന് 200 മെഗാവാട്ട് വൈദ്യുതിയെത്തുകയും കോഴിക്കോട് താപനിലയം പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതോടെ 2 ദിവസത്തിനകം സാധാരണ നിലയാകുമെന്നാണു പ്രതീക്ഷ. നഗരങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെയും നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. എന്നാൽ 'നഗരങ്ങൾ' എന്നതിനു വ്യക്തമായ നിർവചനം അധികൃതർ പറയുന്നില്ല.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകൾക്കു പുറമേ മുനിസിപ്പാലിറ്റികളെയും പരമാവധി ഒഴിവാക്കാനാണു ശ്രമമെങ്കിലും വൈദ്യുതി ലഭ്യത അനുസരിച്ചാകും തീരുമാനം. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 92.04 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗം. ഇതു റെക്കോർഡാണ്. എസിയുടെയും മറ്റും ഉപയോഗം കൂടിയതാണു കാരണം.

രാജ്യത്ത് നിലനിൽക്കുന്ന കൽക്കരി ക്ഷാമം മൂലം താപനിലയങ്ങളിൽ വൈദ്യുതി ഉൽപാദനം കുറഞ്ഞതാണ് നിയന്ത്രണത്തിന് കാരണമായത്. കേന്ദ്ര ഗ്രിഡിൽ ഇത് വലിയ കുറവുണ്ടാക്കി. വൈദ്യുതി ലഭ്യത കുറഞ്ഞതോടെ മറ്റ് ചില സംസ്ഥാനങ്ങൾ ദിവസം ഒരു മണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്ന് ദേശാഭിമാനി തന്നെ പറയുന്നു. ഈ സാഹചര്യം മറച്ചു വച്ചാണ് മറ്റൊരു പ്രചരണം ഒരു കൂട്ടർ നടത്തുന്നത്.

4,500 മെഗാവാട്ട് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ഇതിൽ 135 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതാണ് നിയന്ത്രണത്തിലേക്ക് പോകാൻ കാരണമായത്.