- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മാസം വിരമിക്കുന്നത് 870 പേർ; മൂന്നു ഡയറക്ടർമാരും 13 ചീഫ് എൻജിനിയർമാരും പെൻഷനാകുമെങ്കിലും ഓഫീസർമാർക്ക് ആർക്കും പ്രെമോഷൻ നൽകില്ല; ശമ്പള ചെലവ് കുറച്ച് അധിക ബാധ്യത ഇല്ലാതാക്കാൻ ബോർഡ്; പുനർവിന്യാസത്തിലൂടെ എല്ലാം ശരിയാക്കും; തൊഴിലാളികൾക്ക് പ്രെമോഷനും നൽകും; കെ എസ് ഇ ബിയിൽ ഇനി സാമ്പത്തിക അച്ചടക്കം
തിരുവനന്തപുരം: വൈദ്യുതിബോർഡിലെ 870 ജീവനക്കാർ 31-ന് വിരമിക്കുമെങ്കിലും ഉന്നത ഓഫീസർ തലത്തിൽ പ്രെമോഷൻ ആർക്കും നൽകിയേക്കില്ല. മൂന്നു ഡയറക്ടർമാരും 13 ചീഫ് എൻജിനിയർമാരും വിരമിക്കുന്നുണ്ട്. എന്നാൽ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ഉയർന്ന സ്ഥാനങ്ങളിൽ പ്രെമോഷൻ നൽകില്ല. ഈ സ്ഥാനങ്ങൾ തൽകാലം ഒഴിച്ചിടാനാണ് സാധ്യത. ഉദ്യോഗസ്ഥ തല ജീവനക്കാരുടെ അധിക്യം കൂടി കണക്കിലെടുത്താണ് ഇത്. എന്നാൽ സാധാരണ തൊഴിലാളികൾക്ക് പ്രെമോഷൻ നൽകുകയും ചെയ്യും.
സമീപകാലത്ത് ബോർഡിൽനിന്ന് ഏറ്റവും കൂടുതൽപേർ വിരമിക്കുന്നത് ഈ മാസമാണ്. കഴിഞ്ഞവർഷം മേയിൽ 770 പേർ വിരമിച്ചിരുന്നു. 2023 മേയിൽ 950 പേരാണ് വിരമിക്കുക. വിരമിക്കുന്നതിന് ആനുപാതികമായി സ്ഥാനക്കയറ്റവും പുതിയ നിയമനങ്ങളും ജീവനക്കാരുടെ സംഘടനകൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, ശമ്പളച്ചെലവ് കുറയ്ക്കുകയെന്നതാണ് ബോർഡിന്റെ പ്രഖ്യാപിതലക്ഷ്യം. അതുകൊണ്ട് തന്നെ അധിക ബാധ്യത ഉണ്ടാക്കുന്നതൊന്നും ചെയ്യില്ല. സാമ്പത്തിക അച്ചടക്കമാണ് ഇതിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്.
31,128 ജീവനക്കാരാണ് ഇപ്പോഴുള്ളത്. ആകെയുള്ള 18 ചീഫ് എൻജിനിയർമാരിൽ 13 പേരും വിരമിക്കുന്നുണ്ട്. 349 ഓവർസിയർമാരും 139 സീനിയർ സൂപ്രണ്ടുമാരും 32 അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർമാരും 58 അസിസ്റ്റന്റ് എൻജിനിയർമാരും 82 സബ് എൻജിനിയർമാരും 30 ലൈന്മാന്മാരും വിരമിക്കുന്നു. ഈ വർഷം എല്ലാമാസങ്ങളിലുമായി 1500 പേരുടെ ഔദ്യോഗികജീവിതത്തിന് വിരാമമാവും. പകരം ആളിനെ നിയമിക്കാതെയും പ്രെമോഷൻ കൊടുക്കാതെയും എങ്ങനെ വൈദ്യുത ബോർഡിനെ മുമ്പോട്ട് കൊണ്ടു പോകാമെന്ന ചിന്ത സജീവമാണ്.
വൈദ്യുതി ബോർഡിൽ സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷനും ചെയർമാനുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിൽ ധാരണ നേരത്തെ ഉണ്ടായിരുന്നു. പ്രശ്‌നം പരിഹരിക്കേണ്ട ചുമതല കോടതി വിധിപ്രകാരം ഊർജ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹയ്ക്ക് ആയതിനാൽ അദ്ദേഹം ഇന്നോ നാളെയോ അസോസിയേഷൻ നേതാക്കളുമായി ചർച്ച നടത്തി രേഖാമൂലം തീരുമാനം അറിയിക്കും. അതിനിടെയാണ് പ്രെമോഷനിലും മറ്റും കെ എസ് ഇ ബി നിലപാട് കടുപ്പിക്കുന്നത്.
സസ്‌പെൻഷൻ പിൻവലിച്ചതിനെ തുടർന്നു സ്ഥലം മാറ്റിയ 3 നേതാക്കളിൽ ജാസ്മിൻ ബാനുവിന് ഉടനെ തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റം നൽകും. അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ, സെക്രട്ടറി ബി.ഹരികുമാർ എന്നിവർക്കെതിരായുള്ള നടപടികൾ അവസാനിപ്പിച്ചു സൗകര്യപ്രദമായ സ്ഥലത്തു നിയമനം നൽകും. ബോർഡ് റൂമിൽ ഇടിച്ചു കയറിയ 19 പേർക്കെതിരെ കാര്യമായ നടപടി ഉണ്ടാകില്ല. പരമാവധി താക്കീതിൽ ഒതുക്കും.
ഹൈക്കോടതി വിധി ഉള്ളതിനാൽ ഡയസ്‌നോൺ ഒഴിവാക്കാൻ ബുദ്ധിമുട്ടാണെന്നു ബോർഡ് മാനേജ്‌മെന്റ് അറിയിച്ചു. എന്നാൽ ഇക്കാര്യവും ഊർജ പ്രിൻസിപ്പൽ സെക്രട്ടറിയോടു പരിശോധിക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. അച്ചടക്ക നടപടി നേരിടുമ്പോൾ മന്ത്രിക്കും ബോർഡിനുമെതിരെ അസോസിയേഷൻ നോട്ടിസ് ഇറക്കിയതിന്റെ പേരിൽ ചെയർമാൻ ബി.അശോകും സുരേഷ് കുമാറുമായി തർക്കം ഉണ്ടായി.
ആവശ്യങ്ങൾ അംഗീകരിക്കുമ്പോൾ അച്ചടക്കം പാലിക്കാൻ നേതാക്കൾ തയാറാകണമെന്ന് അശോക് ആവശ്യപ്പെട്ടു. തങ്ങൾക്കു സംഘടനാ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവും ഉണ്ടെന്നു സുരേഷ് മറുപടി നൽകി. അതു പരിധി വിടരുതെന്നായിരുന്നു ചെയർമാന്റെ പ്രതികരണം. ഇരുവരും ധാരണയിൽ പോകാൻ മന്ത്രി നിർദേശിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരങ്ങൾക്ക് കൂടി ചെയർമാൻ മുതിരുന്നത്. കെ എസ് ഇ ബിയെ പ്രവർത്തന ലാഭത്തിലേക്ക് അശോക് എത്തിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ