- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രീഫീസിലിബിറ്റി റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി; 2667 കോടിയുടെ പദ്ധതി ചെലവിൽ രണ്ടാം നിലയം; രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി മാറാൻ ഇടുക്കി; അഞ്ചു വർഷത്തിനകം ഉൽപാദം തുടങ്ങും; വൈദ്യുതിയിൽ സ്വയംപര്യാപ്തമാകാൻ കെ എസ് ഇ ബി
തിരുവനന്തപുരം: കെ.എസ്.ഇ.ബിക്ക് 1466കോടി രൂപ പ്രവർത്തന ലാഭമുണ്ടാക്കിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.ബി.അശോക്, പുറത്തു നിന്നുള്ള വൈദ്യുത വാങ്ങൽ കുറച്ച് കേരളത്തെ വൈദ്യുതി സ്വയംപര്യാപ്തമാക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്. വൈദ്യുതി ഉത്പാദനത്തിൽ വൻ കുതിപ്പിന് വഴിതുറക്കുന്ന ഇടുക്കി രണ്ടാം നിലയത്തിന്റെ നിർമ്മാണത്തിന് കളമൊരുക്കി കഴിഞ്ഞു. ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ഒന്നാംഘട്ട പാരിസ്ഥിതികാനുമതി നേടിയെടുക്കാനായത് വലിയ നേട്ടമാണ്. 2667.67 കോടി നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ഇടുക്കി രണ്ടാം നിലയം കേരളത്തിന്റെ വൈദ്യുതി ആവശ്യത്തിൽ ബഹുഭൂരിപക്ഷവും നിറവേറാൻ പര്യാപ്തമാകുമെന്നാണ് പ്രതീക്ഷ.
ഡോ.ബി. അശോകിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമഫലമായി ജലവൈദ്യുതി പദ്ധതികൾക്കായുള്ള കേന്ദ്രസർക്കാരിന്റെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന് കീഴിലുള്ള ഡോ.കെ.ഗോപകുമാർ ചെയർമാനായുള്ള പത്തംഗ എക്സപേർട്ട് അ്രൈപസൽ കമ്മിറ്റി ഇടുക്കിയിലെ രണ്ടാം നിലയത്തിന് അനുമതി നൽകി. ഇനി പന്ത്രണ്ട് മാസത്തിനുള്ളിൽ വിശദപദ്ധതിരേഖയും(ഡി.പി.ആർ.) ആറുമാസത്തിനുള്ളിൽ പരിസ്ഥിതി, ജൈവ വൈവിധ്യസംരക്ഷണ റിപ്പോർട്ടും ദുരന്തനിവാരണ മുൻകരുതൽ റിപ്പോർട്ടുകളും നൽകണം.
കേന്ദ്ര വൈദ്യുതി അഥോറിറ്റിയുടേയും കേന്ദ്ര ജല കമ്മിഷന്റേയും പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിനാവശ്യമായ ചട്ടപ്രകാരമുള്ള ഒമ്പത് അനുമതികൾ 2023 ജനുവരിയിൽ ലഭ്യമാകും.
ഉടൻ ടെൻഡർ വിളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. ഇതോടെ കൊയ്നയും തേഹ്രിയും പോലെ രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതികളിലൊന്നായി ഇടുക്കി മാറും. ഇടുക്കിയിലെ നിലവിലെ വൈദ്യുത നിലയത്തിന് 2026ൽ 50 വർഷം പൂർത്തിയാകും. പുതിയ നിലയം പ്രവർത്തന സജ്ജമാകുന്നതോടെ നിലവിലേത് പരിഷ്‌കരിച്ച് ശേഷി കൂട്ടാനാണ് ഡോ. അശോകിന്റെ പദ്ധതി.
പ്രീഫീസിലിബിറ്റി റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിലാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നത്. പരിസ്ഥിതി ആഘാതങ്ങൾ പരിഹരിക്കാനുള്ള നടപടികളും കൃത്യമായ ആസൂത്രണവും ആണ് ഇത്രവേഗത്തിൽ അനുമതി ലഭിക്കാൻ സഹായകരമായതെന്ന് പരിസ്ഥിതി വിദഗ്ധ സമിതിയിൽ കെ.എസ്.ഇ.ബി.യുടെ വാദങ്ങൾ അവതരിപ്പിച്ച ചെയർമാൻ ഡോ.ബി. അശോക് പറഞ്ഞു. അശോകിന് പുറമെ സിവിൽവിഭാഗം ഡയറക്ടർ ജി.രാധാകൃഷ്ണനും യോഗത്തിൽ പങ്കെടുത്തിരുന്നു. നിലവിൽ 130മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഇടുക്കിയിലുള്ളത്. പുതിയ പദ്ധതിയിൽ 200മെഗാവാട്ട് ശേഷിയുള്ള നാല് ജനറേറ്ററുകൾ സ്ഥാപിക്കും. പ്രതിവർഷം 1361.27ജിഗാവാട്ട് ഉത്പാദന ശേഷിയാകും. പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത് കുറയ്ക്കുന്നതിലൂടെയുള്ള വൻ സാമ്പത്തിക നേട്ടവും പീക്ക് അവറിലെ വൈദ്യുതി കമ്മി ഒഴിവാക്കാനും ഇതിലൂടെ കഴിയും.
വൃഷ്ടി പ്രദേശത്തുള്ള 52 ടിഎംസി ജലം സംഭരിക്കാൻ കഴിയുന്ന ഇടുക്കി റിസർവോയറിന് 2000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷിയെങ്കിലും ആകെ കൈവരിക്കാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഊർജ്ജ ഉൽപ്പാദനത്തിനു പുറമേ പ്രതിദിനം കുറഞ്ഞത് ഏഴു ദശലക്ഷം ക്യുബിക് മീറ്റർ ജലവിനിയോഗത്തിനു പദ്ധതി ഉപയോഗിക്കാമെന്നും നിലവിൽ ഒഴുക്കി കളയുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറക്കാനാകുമെന്നും സാധ്യതാ പഠനം നടത്തിയ ദേശീയ കൺസൾട്ടന്റായ വാപ്കോസിന്റെ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ വൈദ്യുത നിലയത്തിന് 2026ൽ 50 വർഷം പൂർത്തിയാകും.പുതിയ നിലയം നിർമ്മിച്ച് പ്രവർത്തനസജ്ജമാകുന്നതോടെ നിലവിലെ നിലയം പരിഷ്‌ക്കരിക്കാനുള്ള നടപടികൾക്ക് തുടക്കമിടാനും കഴിയും.
നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന കെ.എസ്.ഇ.ബിയെ ലാഭത്തിലേക്ക് കൈപിടിച്ചുയർത്തിയത് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായെത്തിയ ഡോ.ബി. അശോകാണ്. 2021 ഡിസംബർ വരെയുള്ള കണക്കുകളനുസരിച്ച് 480.99 കോടിയുടെ ലാഭം കെ.എസ്.ഇ.ബിക്കുണ്ടായി. കംപ്ട്രോളർ ആൻഡ് ആഡിറ്റ് ജനറലിന്റെ ആഡിറ്റിനും വിധേയമാക്കി കമ്പനി നിയമം അനുശാസിക്കുന്ന ചെലവുകളും ഉൾപ്പെടുത്തിയാണ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്. ആദ്യ മൂന്നു പാദങ്ങളിൽ 2021ൽ ഏപ്രിൽ മുതൽ ജൂൺ വരെ 95.42 കോടിയുടെ നഷ്ടവും ,ജൂലായ് മുതൽ സെപ്റ്റംബർ വരെ 164.58 കോടിയുടെയും, ഒക്ടോബർ മുതൽ ഡിസംബർ വരെ 411.83 കോടിയുടെയും ലാഭവും നേടി. 2022 മാർച്ച് അവസാനപാദത്തിലെ കണക്കെടുപ്പ് പൂർത്തിയാവുന്നതേയുള്ളൂ. ആദ്യ മൂന്നു പാദത്തിലെ പ്രവണതയനുസരിച്ച് സാമ്പത്തിക വർഷം 600 കോടിയോളം രൂപ ലാഭം പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബിക്ക് 1466 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും സ്ഥിരീകരിച്ചിരുന്നു. നിലവിൽ പീക് സമയത്ത് 400 മെഗാവാട്ട് വൈദ്യുതിയാണു കേരളത്തിനു വേണ്ടത്. ഇതിൽ 200 മെഗാവാട്ട് എങ്കിലും ജലവൈദ്യുതിയിൽനിന്ന് ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ കൂടിയ വിലയ്ക്കു പുറമേനിന്നു വാങ്ങുന്നത് ഒഴിവാക്കാനാകും. കേരളത്തിൽ 3000 ടിഎംസി വെള്ളമാണ് ആകെയുള്ളത്. ഇതിൽ ഇറിഗേഷനും ഇലക്ട്രിസിറ്റിക്കുമായി 300 ടിഎംസിയാണു നിലവിൽ ഉപയോഗിക്കുന്നത്. 2000 ടിഎംസി വരെ ഉപയോഗിക്കാൻ കഴിയുമെന്നാണു പഠന റിപ്പോർട്ടുകൾ.
എന്നാൽ പല കാരണങ്ങളാൽ ഇത് ഉപയോഗിക്കാൻ കഴിയുന്നില്ല. ഉത്പാദന മേഖലയിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തയിലേക്ക് എത്തിക്കുന്നതിനായി 1500മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്