തിരുവനന്തപുരം: യൂണിറ്റിന് 4.15 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ ഒഴിവാക്കിയത് വൈദ്യുത ബോർഡിന് തിരിച്ചടിയായി. കരാർ ഒഴിവാക്കുന്ന പ്രതിസന്ധി പരിഹരിക്കാനായി വൈദ്യുതി ബോർഡ് ക്ഷണിച്ച ടെൻഡറിൽ ലഭിച്ചത് 6.24 രൂപ മുതൽ 14 രൂപ വരെ വിലയ്ക്കു വൈദ്യുതി നൽകാമെന്ന വാഗ്ദാനമാണുള്ളത്. ഈ ടെൻഡർ ഉറപ്പിച്ചാൽ 10 മാസം കൊണ്ട് 900 കോടിയുടെ അധികച്ചെലവ് ഉണ്ടാകും.

ദീർഘകാല കരാറുകളുടെ താൽക്കാലിക അനുമതി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയെങ്കിലും അത് അനുസരിച്ചുള്ള വൈദ്യുതി ഇപ്പോഴും ബോർഡ് വാങ്ങുന്നുണ്ട്. മഴ ശക്തമായതിനാൽ കേരളത്തിൽ വൈദ്യുതി ഉപയോഗം കുറയുമ്പോൾ ഈ വൈദ്യുതി 12 രൂപ വരെ വിലയ്ക്ക് പവർ എക്‌സ്‌ചേഞ്ചിലൂടെ വിറ്റ് ലാഭമുണ്ടാക്കുന്നു. ഇത് കേരളത്തിന് നേട്ടമാണ്. എന്നാൽ ദീർഘകാല കരാർ ഒഴിവാക്കിയാൽ മഴ കുറയുന്ന സാഹചര്യമുണ്ടായാൽ അത് വലിയ തിരിച്ചടിയായി മാറും.

വൈദ്യുതിനിരക്ക് വർധിപ്പിച്ച് ജൂൺ 25നു റഗുലേറ്ററി കമ്മിഷൻ ഇറക്കിയ ഉത്തരവിൽ ദീർഘകാല കരാർ അനുസരിച്ച് 465 മെഗാവാട്ട് വാങ്ങാൻ 2016 മുതൽ നൽകിയിരുന്ന താൽക്കാലിക അനുമതി റദ്ദാക്കിയിരുന്നു. 4.15 രൂപ നിരക്കിൽ 115 മെഗാവാട്ടും 4.29 രൂപ നിരക്കിൽ 350 മെഗാവാട്ടും വാങ്ങാനുള്ളതായിരുന്നു കരാർ. കഴിഞ്ഞ ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ ആണ് അനുമതി റദ്ദാക്കിയത്. പകരം 4 രൂപയ്ക്കു വൈദ്യുതി ലഭിക്കുമെന്നു കണക്കാക്കിയാണ് കമ്മിഷൻ വരവുചെലവു കണക്ക് അംഗീകരിച്ചത്. ഇതാണ് വിനയായത്.

അനുമതി റദ്ദാക്കിയ കരാറുകൾക്കു പകരം പുതിയ ദീർഘകാല കരാർ ഒപ്പുവയ്ക്കാൻ കൂടുതൽ സമയം ആവശ്യമാണ്. അതുകൊണ്ട് ചെറിയ ഇടവേളയിലേക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു. അതിനായി ജൂലൈ 5ന് ആണ് ടെൻഡർ വിളിച്ചത്. അടുത്ത മാസം മുതൽ 2023 മെയ്‌ വരെയുള്ള കാലയളവിലേക്കാണു ടെൻഡർ. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ 250 മെഗാവാട്ടും നവംബർ മുതൽ 2023 ജനുവരി വരെ 350 മെഗാവാട്ടും ഫെബ്രുവരി മുതൽ മെയ്‌ വരെ 500 മെഗാവാട്ടും ആണ് ആവശ്യപ്പെട്ടത്.

ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ 200 മെഗാവാട്ടിനും നവംബർ, ഡിസംബർ മാസങ്ങളിൽ 300 മെഗാവാട്ടിനും മാത്രമേ ടെൻഡർ ലഭിച്ചുള്ളൂ. അവർ ആവശ്യപ്പെട്ട നിരക്ക് 6.24 മുതൽ 14 രൂപ വരെയാണ്. ഓഗസ്റ്റിലേക്ക് 100 മെഗാവാട്ട് മാത്രമാണ് 6.24 രൂപ നിരക്കിൽ ലഭിച്ചത്. ഓഗസ്റ്റിൽ രണ്ടാമതായി ലഭിച്ച നിരക്ക് 14 രൂപയാണ്. തുടർന്നുള്ള മാസങ്ങളിലെ കുറഞ്ഞ നിരക്ക് യഥാക്രമം 7.8 രൂപ (സെപ്റ്റംബർ), 8.06 (ഒക്ടോബർ), 7.27 (നവംബർ, ഡിസംബർ), 7.8 (ജനുവരി, ഫെബ്രുവരി), 8.03 (മാർച്ച്), 7.95 (ഏപ്രിൽ, മെയ്‌) എന്നിങ്ങനെയാണ്.

ഇതേ കാലയളവിലേക്കു മറ്റു സംസ്ഥാനങ്ങൾ ക്ഷണിച്ച ടെൻഡറിലും സമാന നിരക്കാണു ലഭിച്ചത്. പവർ എക്‌സ്‌ചേഞ്ചിലും ഉയർന്ന നിരക്കാണ്. വൈദ്യുതിക്ഷാമം പരിഹരിക്കാൻ ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് ഇതിന് കാരണം. അതുകൊണ്ടു തന്നെ കൽക്കരിക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ നിരക്ക് ഇനിയും കൂടാം. എന്നാൽ ദീർഘകാല കരാറിലേക്ക് പോകുമ്പോൾ ഇതു കുറയുമെന്നാണ് പ്രതീക്ഷ. ഇതുവരെ പഴയ കരാറിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് ബോർഡിന് ലാഭം. ഇതിന് റെഗുലേറ്ററീ കമ്മീഷൻ അനുമതി നൽകുമോ എന്നതാണ് നിർണ്ണായകം.

നേരത്തെ 2020 ഏപ്രിൽ മുതൽ 2021 സെപ്റ്റംബർ വരെ വൈദ്യുതി വാങ്ങിയ ഇനത്തിൽ ഉണ്ടായ അധികച്ചെലവ് ഉപയോക്താക്കളിൽ നിന്ന് ഇന്ധന സർചാർജ് ആയി പിരിച്ചെടുക്കണമെന്ന വൈദ്യുതി ബോർഡിന്റെ അപേക്ഷ റഗുലേറ്ററി കമ്മിഷൻ തള്ളിിരുന്നു. യൂണിറ്റിന് 3 പൈസ മുതൽ 15 പൈസ വരെയാണ് ബോർഡ് ആവശ്യപ്പെട്ടിരുന്നത്. ഹിയറിങ് നടത്തിയ കമ്മിഷൻ അധികച്ചെലവ് ഉപയോക്താക്കളുടെ മേൽ ചുമത്തേണ്ട കാര്യമില്ലെന്നു വിലയിരുത്തി. കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് വിരമിക്കുന്നതിനു തൊട്ടു മുൻപാണ് ഇതു സംബന്ധിച്ച ഉത്തരവുകൾ ഇറക്കിയത്.

പാരമ്പര്യേതര ഊർജം സംബന്ധിച്ചും നെറ്റ് മീറ്ററിങ് സംബന്ധിച്ചുമുള്ള ചട്ടങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടു വൈദ്യുതി ബോർഡ് നൽകിയ പെറ്റീഷനും കമ്മിഷൻ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു നിലവിലുള്ള ചട്ടങ്ങളും മീറ്ററിങ് രീതിയും തുടരും. സോളർ വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് ഉൾപ്പെടെ ദോഷകരമായി മാറാവുന്ന ആവശ്യങ്ങളാണു തള്ളിയത്.