- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാടമ്പിത്തരം വീട്ടിൽ വച്ചാൽ മതി; കെഎസ്ഇബിയിൽ വെച്ചുപൊറുപ്പിക്കില്ല; ബോർഡംഗങ്ങളെ എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്നു മാന്യമായി പറയും; വിലപേശൽ തന്ത്രം അംഗീകരിക്കില്ല; സമരനേതാക്കൾക്കെതിരെ ബി അശോക്
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് സമരം തുടരുന്നതിനിടെ, സമരനേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെഎസ്ഇബി ചെയർമാൻ ബി അശോക്. മാടമ്പിത്തരം കാട്ടിയാൽ വെച്ചുപൊറുപ്പിക്കില്ല. ബോർഡംഗങ്ങളെ എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്നു മാന്യമായി പറയുമെന്നും കയ്യോടെ നടപടിയെടുക്കുമെന്നും ബി അശോക് കേരളശബ്ദം ദ്വൈവാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
മാടമ്പിത്തരം കുടുംബത്തു മടക്കിവെച്ച് മര്യാദയ്ക്ക് ജോലിക്ക് വരണമെന്ന മുന്നറിയിപ്പുമുണ്ട്. മുഖ്യമന്ത്രി വകുപ്പ് ഭരിച്ചപ്പോൾ പോലും സംസ്ഥാന നേതാക്കൾക്കെതിരെ നടപടി ഉണ്ടായിട്ടുണ്ടെന്നും ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നും ഭരണനേതൃത്വത്തിൽ നിന്നുള്ള പിന്തുണ സൂചിപ്പിച്ച് ബി അശോക് പറഞ്ഞു. സമരം തീർക്കാൻ സർക്കാർ ഇടപെടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിതല ചർച്ച നടത്താനിരിക്കെയാണ് ചെയർമാന്റെ ഈ പ്രതികരണം.
അച്ചടക്ക ലംഘനം ഇനി വെച്ചു പൊറുപ്പിക്കാനാകില്ല. എടാ പോടാ എന്ന് ദുർബല സമുദായത്തിൽപ്പെട്ട ഡയറക്ടറിനെ വിളിച്ചാൽ ഇരിക്കെടോ എന്ന് മാന്യമായി പറയും. അല്ലെങ്കിൽ കയ്യോടെ മെമോ കൊടുക്കും. നടപടിയുണ്ടാകും. ആരുടെയും മുറുക്കാൻ ചെല്ലം താങ്ങിയുള്ള രീതി ഇനി നടക്കില്ലെന്നും അശോക് പറയുന്നു.
കെഎസ്ഇബിയിലെ തൊഴിലന്തരീക്ഷത്തിന് ഒരു പ്രശ്‌നവുമില്ല. ചെയർമാന്റെയും ബോർഡിന്റെയും മുന്നിൽ വന്ന എല്ലാ തൊഴിൽ പ്രശ്‌നങ്ങളും രമ്യമായി പരിഹരിച്ചു കൊണ്ടിരിക്കുന്നു. ഓഫീസർമാരിൽ ചുരുക്കം ചിലരുടെ അസ്വസ്ഥത പുതിയതല്ല. നിയമനങ്ങൾ, നയപരിപാടികൾ എന്നിവ വിശദമായി കൂടിയാലോചിച്ച് ബോർഡ് നിശ്ചയിക്കും. ഏതെങ്കിലും സംഘടന നേതാക്കളുടെ ദൈനംദിന നിയന്ത്രണം ചെയർമാന്റെയോ ബോർഡിന്റെയോ പുറത്ത് തീരെ അനുവദിക്കില്ല എന്നു വ്യക്തമാക്കിയത് മുതൽ ചിലർക്ക് അസ്വസ്ഥതയുണ്ട്. സംഘടനാ നേതൃത്വത്തിലുള്ള ചില വ്യക്തികളെ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകാനാകില്ല. രാഷ്ട്രീയ വിഭാഗീയത താൽപര്യങ്ങൾക്ക് മുന്നിൽ വൈദ്യുതി ബിസിനസ്സ് ഫലപ്രദമായി ചെയ്യാനാവില്ലെന്നും ബി അശോക് തുറന്നു പറയുന്നു.
ഏറെക്കാലം ചില വ്യക്തികളുടെ ആജ്ഞാനുവർത്തിയായി ബോർഡ് നേതൃത്വം വളഞ്ഞു താണു നിന്നു എന്നു തോന്നുന്നു. അവിടെ ഇരിക്കടോ എന്ന് അവരോട് ആരും കർശനമായി പറഞ്ഞില്ല. ചെയറിന് ചെയറായിരുന്നു മുഖ്യം എനിക്കതു പ്രശ്‌നമല്ല. ധിക്കാരം പറഞ്ഞാൽ അവിടെ ഇരിക്കടോ എന്ന് സ്ഥാപനത്തിലെ ഏത് ഓഫീസറോടും മാന്യമായി പറയും. പരസ്യമായി മാടമ്പിത്തരം കാട്ടിയാൽ പ്രത്യേകിച്ചും, ബി അശോക് പറയുന്നു.
ഏതെങ്കിലും കമ്പനി ഓഫീസർക്ക് ജലദോഷം പിടിച്ചാൽ ഭരണഘടനാ സ്ഥാനീയർ ആവി പിടിക്കാൻ വരണം എന്ന് പറഞ്ഞാൽ അധികമാകുമെന്നും ചികിത്സയ്ക്ക് കമ്പനി തന്നെ ധാരാളമാണെന്നും അഭിമുഖത്തിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ വിലപേശൽ തന്ത്രം അംഗീകരിക്കില്ല. അഴിമതി ആരോപണങ്ങൾ ചാപ്പിള്ളകളാണ്. സ്ഥാനത്തിന് വേണ്ട മികവോ കഴിവോ യോഗ്യതയോ ഇല്ലാത്തയാളാണ് എം ജി സുരേഷ്‌കുമാറെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. യൂണിയൻ നേതാക്കൾ ഉണ്ടാക്കുന്ന ഒച്ചപ്പാടിനും മാധ്യമശ്രദ്ധയ്ക്കും അപ്പുറം പ്രാധാന്യം ബോർഡിലെ പ്രശ്‌നങ്ങൾക്കില്ലെന്നാണ് അഭിമുഖത്തിന്റെ ചുരുക്കം.
'വൈദ്യുതി മന്ത്രിയുടെ അസിസ്റ്റന്റ് അല്ലെങ്കിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ചുമതല സർക്കാരിലെ അത്രകണ്ട് സുപ്രധാന തസ്തികയേ അല്ല. ഞാൻ് രണ്ട് വർഷം കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നപ്പോൾ മൂന്നോ നാലോ അഡീഷണൽ അന്നുണ്ടായിരുന്നു. മന്ത്രിയെ ഭരണഘടനാ ചുമതല നിർവഹിക്കുന്നതിനു സഹായിക്കുന്നതിനപ്പുറം സ്വയം ഭരണ സ്ഥാപനങ്ങളിലും കമ്പനികളിലും ഒന്നും അണ്ടർ സെക്രട്ടറി പദവിയിലുള്ള ഒരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് ഒരു നിയമപരമായ ചുമതലയുമില്ല. വൈദ്യുതി ബോർഡ് പോലെ ഒരു സ്ഥാപനത്തിന്റെ സിഎംഡിയെ നിയന്ത്രിക്കാനോ ഉപദേശിക്കാനോ ഒരു അർഹതയുമില്ല. നമ്മുടെ നാട്ടിൽ മന്ത്രിക്ക് ചായ കൊടുക്കുന്നവർ വരെ ചീഫ് എക്‌സിക്യൂട്ടീവുമാരെ വിരട്ടാൻ മുതിരാറുണ്ട്ാ എന്നത് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നോട് ആരും ശ്രമിച്ചിട്ടില്ല. നടക്കുകയുമില്ല. വിരളേണ്ടവരെ വിരളു. ബോർഡ് ചെയർമാനുമായി ബോർഡിലെ സാധാരണ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഈഗോ ക്ലാഷും ഉണ്ടാകേണ്ട കാര്യമില്ല.ചെയർമാന്റെ മുറിയിൽ അനുവാദം ചോദിച്ച് കൂടിക്കാഴ്ചയ്ക്ക് സമയം ലഭിക്കുന്ന ഉദ്യോഗസ്ഥരാണ് ഒരു എക്‌സിക്യൂട്ടീവ് എൻജിനീയർ. സാധാരണ എക്‌സിക്യൂട്ടീവ് എൻജിനീയർമാർ ചീഫ് എൻജിനീയർക്ക് അപ്പുറം കെഎസ്ഇബിയിൽ നേരിട്ട് ബന്ധപ്പെടേണ്ട കാര്യവുമില്ല' ബി അശോക് പറഞ്ഞു. ഇടത് സംഘടനാ നേതാവ് എം.ജി.സുരേഷ് കുമാറിനെതിരെയാണ് കെഎസ്ഇബി ചെയർമാന്റെ പരോക്ഷവിമർശനം.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന സമരക്കാരുടെ ആരോപണം സമ്മർദ്ദതന്ത്രമാണെന്നും, അതിന് വഴങ്ങാൻ സാധ്യമല്ലെന്നും കെഎസ്ഇബി ചെയർമാൻ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുംമുമ്പ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. അന്നും സംസ്ഥാന നേതാക്കൾക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ചുക്കും സംഭവിച്ചിട്ടില്ല. സമരത്തിന്, തൊഴിലാളി സംഘടനകൾ ഉണ്ടാക്കുന്ന ഒച്ചപ്പാടിന് അപ്പുറം യാതൊരു പ്രാധാന്യവും ഇല്ലെന്നും അശോക് സൂചിപ്പിക്കുന്നു.
അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബോർഡ് മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്കില്ലെന്നാണു സൂചന. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇനി ഊർജ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണു പ്രശ്‌ന പരിഹാരത്തിനുള്ള ഔദ്യോഗിക ചർച്ച നടക്കേണ്ടത്.
യൂണിയൻ നേതാക്കൾ മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തിയിരുന്നു. അനുരഞ്ജന നിർദ്ദേശങ്ങളിൽ ചിലതിനോടുള്ള വിയോജിപ്പ് അസോസിയേഷൻ നേതാക്കൾ മന്ത്രിയെ അറിയിച്ചിരുന്നു. തുടർന്ന് സിപിഎം നേതാക്കളെയും അവർ ഇക്കാര്യം അറിയിച്ചു. ബോർഡ് മാനേജ്‌മെന്റ് മുന്നോട്ടുവച്ച ഫോർമുല തൽക്കാലം അംഗീകരിക്കേണ്ട എന്നാണു സിപിഎം നേതൃത്വം അവരോടു നിർദ്ദേശിച്ചിരിക്കുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ താൻ ചർച്ച നടത്തുന്നില്ലെന്നും പ്രശ്‌നപരിഹാരം ഉടനെ ഉണ്ടാകുമെന്നും മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു.
ന്യൂസ് ഡെസ്ക്