തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രി എംഎം മണിയുടെ കടന്നാക്രമണത്തിന് പിന്നാലെ മയപ്പെട്ട് കെഎസ്ഇബി ചെയർമാൻ ഡോ. ബി അശോക്. മുന്മന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും അസോഖ് പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്തെ അഴിമതിയെ കുറിച്ച് പരാമർശം നടത്തിയിട്ടില്ലെന്നാണ് ബി അശോകിന്റെ ന്യായീകരണം.

മുൻ മന്ത്രി എംഎം മണിക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ല. ഭൂമി പാട്ടത്തിന് നൽകുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ചാണ് കുറിപ്പിൽ പറഞ്ഞത് എന്നും ബി അശോക് പ്രതികരിച്ചു. ക്രമവിരുദ്ധമായി പാട്ടം നൽകിയ സംഭവങ്ങളുണ്ടെന്ന വിമർശനം ബി അശോക് ആവർത്തിച്ചു. സർക്കാർ അറിയേണ്ടത് അറിഞ്ഞുതന്നെ ചെയ്യണം. ബോർഡിലെ സുരക്ഷ സർക്കാർ അറിഞ്ഞുതന്നെയെന്നും ബി അശോക് പറഞ്ഞു. പറഞ്ഞ കാര്യങ്ങളിൽ ഒരു ബോധ്യക്കുറവുമില്ല. താൻ എറ്റവും അധികം ബഹുമാനിക്കുന്ന നേതാവാണ് എം എം മണിയെന്ന് കൂടി അശോക് കൂട്ടിച്ചേർത്തു.

നേരത്തെ അശോകിന്റെ പരാമർശത്തിനെതിരെ തുറന്നടിച്ചു എം എം മണി രംഗത്തുവന്നിരുന്നു. വൈദ്യുതി ബോർഡ് ചെയർമാൻ അശോകൻ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്? അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ എംഎം മണി ചോദിച്ചു.

മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോൾ മറുപടി പറയാനില്ല. താൻ മന്ത്രിയായിരിക്കെ വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തി. വൈദ്യുതി ഉൽപ്പാദനം ഉയർത്തി. ഇടത് മന്ത്രിമാരിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചു. നാലര വർഷമാണ് താൻ മന്ത്രിയായിരുന്നത്. അത് കെഎസ്ഇബിയുടെ സുവർണകാലമായിരുന്നുവെന്നും മണി പറഞ്ഞു.

തന്റെ ഭരണകാലത്ത് വൈദ്യുതി ബോർഡ് മികച്ച നേട്ടമുണ്ടാക്കി. ഇപ്പോൾ പൊലീസ് സംരക്ഷണം വേണ്ട സ്ഥിതിയിലാണ്. അവിടെ കൊണ്ടുവന്ന് എത്തിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെയും ചെയർമാനെയും ലക്ഷ്യമിട്ട് എം എം മണി പരിഹസിച്ചു. നാലര വർഷം ഞാൻ മന്ത്രിയായിരുന്നു. വൈദ്യുതി ബോർഡിന്റെ സുവർണകാലമായിരുന്നുവെന്ന് നാട്ടിൽ റഫറണ്ടം നടത്തിയാൽ ആളുകൾ പറയും. ഇപ്പോൾ അശോകൻ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രതികരിക്കും.'- എം എം മണി പറഞ്ഞു.

കെ എസ് ഇ ബി ചെയർമാനും സിഐടിയു ആഭിമുഖ്യത്തിലുള്ള സമരസമിതിയും തമ്മിലുള്ള പോരാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ചെയർമാൻ ഡോ.ബി.അശോക് അധികാര ദുർവിനിയോഗം നടത്തി കെഎസ്ഇബിക്ക് സാമ്പത്തിക ദുർവ്യയമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇടതു യൂണിയനുകൾ അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്നത്. അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും ആക്ഷേപമുണ്ട്. ചെയർമാൻ അധികാര ദുർവിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകൾ പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടതു യൂണിയനുകളാണ് അധികാര ദുർവിനിയോഗവും സാമ്പത്തിക ദുർവ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫേസ്‌ബുക്ക് പേജിലൂടെ ചെയർമാൻ തിരിച്ചടിച്ചതോടെയാണ് വിവാദത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്.

എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകൾ ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയർമാന്റെ പ്രധാന ആക്ഷേപം. സർക്കാരിന്റ മുൻകൂർ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കി. ഇതിപ്പോൾ ഏജിയുടെ വിശദീകരണം തേടലിൽ എത്തിയിരിക്കുന്നു.