തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ചെയർമാൻ ബി.അശോകും സിപിഎം, സിപിഐ അനുകൂല തൊഴിലാളി സംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടൽ മുറുകിയിരിക്കയാണ്. ഇതോടെ വിഷയത്തിൽ പ്രശ്‌ന പരിഹാഹത്തിലായി മന്ത്രി തന്നെ നേരിട്ടു രംഗത്തുവന്നെങ്കിലും ചെയർമാൻ ഉന്നയിച്ച ക്രമക്കേടുകളിൽ ചിലത് മന്ത്രി തന്നെ ശരിവെച്ചത് സിപിഎം നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഏറ്റവും മികച്ച വൈദ്യുതി മന്ത്രി താനാണെന്ന അവകാശവാദവുമായി നടക്കുന്ന എം എം മണിക്കാണ് ചെയർമാന്റെ കടന്നാക്രമണത്തിൽ ശരിക്കും ഷോക്കടിച്ചത്. ഇതോടെ മണി രൂക്ഷ പ്രതികരണവുമായി രംഗത്തുവരികയും ചെയ്തു.

അതിനിടെയാണ് സംഘടനാ നേതാക്കളെ മന്ത്രി നാളെ ചർച്ചക്കു വിളിച്ചത്. അതേസമയം അശോകിന്റെ ഫേസ്‌ബുക് പോസ്റ്റിൽ സംഘടനകൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണു ചെയർമാൻ ഇതു പറഞ്ഞതെന്നും മന്ത്രി പറയേണ്ടത് ചെയർമാനെക്കൊണ്ടു പറയിപ്പിച്ചതാണോ എന്നും അറിയേണ്ടതുണ്ടെന്നു മുന്മന്ത്രി എം.എം.മണി പറഞ്ഞു. ''മന്ത്രി കൃഷ്ണൻകുട്ടി എൽഡിഎഫിന്റെ നേതാവല്ലേ, പറയുമ്പോൾ വേണ്ടത്ര ആലോചിക്കണ്ടേ'' മണി ചോദിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കു മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതിക്കു ഭൂമി നൽകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അശോകിന്റെ ഫേസ്‌ബുക് പോസ്റ്റിനെത്തുടർന്നു ചർച്ചയായി. ഭൂമി നൽകിയത് ബോർഡ് അറിയാതെയാണെന്നു ചെയർമാൻ അറിയിച്ചിരുന്നതായും രേഖകൾ വീണ്ടും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ബോർഡ് ജീവനക്കാരുടെ ശമ്പളം കൂട്ടിയത് ധന വകുപ്പിന്റെ അനുമതിയില്ലാതെയാണെന്ന വാദവും മന്ത്രി സമ്മതിച്ചു. ഇതോടെ വൈദ്യുതി വകുപ്പിലെ അന്യായമായ ശമ്പള വർധനവും വീണ്ടും സജീവമായി ചർച്ചകളിൽ നിറയുകയാണ്. ആരോപണങ്ങളിൽ ഊർജ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് തേടിയെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ടൂറിസം വികസനത്തിനു പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടുനൽകിയതു സംബന്ധിച്ചായിരുന്നു അശോകിന്റെ പോസ്റ്റിലെ മറ്റൊരു ഗുരുതര ആരോപണം. ചട്ടവിരുദ്ധ നിലപാട് ഫയലിൽ എഴുതിച്ചേർത്ത ശേഷം ''ഒപ്പിടെടാ'' എന്ന് ആക്രോശിച്ചപ്പോൾ വാവിട്ടു കരഞ്ഞ് സാധുവായ ചീഫ് എൻജിനീയർ സ്ഥലംമാറ്റം വാങ്ങി രക്ഷപ്പെട്ടത് ഓർക്കണമെന്നും ചൂണ്ടിക്കാട്ടി.

എം.എം.മണി മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പഴ്‌സനൽ സ്റ്റാഫിൽ ഉൾപ്പെട്ടിരുന്ന കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ്‌കുമാറിന്റെ ഫേസ്‌ബുക് പോസ്റ്റിനായിരുന്നു ഗുരുതര ആരോപണങ്ങൾ നിരത്തിയുള്ള ചെയർമാന്റെ മറുപടി പോസ്റ്റ്. മൂന്നാറിലെ ഭൂമി പതിച്ചുനൽകിയതായോ മുൻ സർക്കാരിന്റെ കാലത്തു അഴിമതി നടന്നതായോ തന്റെ പോസ്റ്റിൽ പരാമർശമില്ലെന്ന് ഇന്നലെ അദ്ദേഹം വിശദീകരണം നൽകി.

അതേസമയം വൈദ്യുതി ബോർഡ് വിളിക്കാൻ പോകുന്ന ടെൻഡറിന്റെ വിശദാംശം ബന്ധപ്പെട്ട എൻജിനീയർ തന്നെ അറിയിച്ചെന്നു കരാറുകാരൻ എഴുതിയ രസകരമായ കത്ത് തന്റെ കൈവശം ഉണ്ടെന്നു വൈദ്യുതി ബോർഡ് ചെയർമാൻ ബി.അശോക് ഫേസ്‌ബുക് കുറിപ്പിൽ പറയുന്നുണ്ട്. കരാറുകാർക്ക് മുഴുവൻ മുൻകൂട്ടി കാണാൻ കഴിയുന്ന ടെൻഡർ രേഖകൾക്കു വാണിജ്യ സുരക്ഷയുണ്ട് എന്നു പറയാൻ എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു.

ബോർഡ് ആസ്ഥാനത്തു വിലപിടിപ്പുള്ള വലിയ യന്ത്രങ്ങൾ ഇല്ല. എന്നാൽ ബോർഡിന്റെ ശൃംഖലയുടെ മുഴുവൻ റിയൽ ടൈം ഡേറ്റയും അവിടത്തെ ഡേറ്റ സെന്റർ കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് ഉപഭോക്തൃ വിവരം ചോർത്തി ബാങ്ക് അക്കൗണ്ടിൽ നിന്നു പണം തട്ടുന്ന സംഘത്തെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. സംഘത്തിനു സോഫ്റ്റ്‌വെയറിൽ നിന്നു തന്നെ ഉപഭോക്തൃ വിവരം ലഭ്യമായി എന്നു പൊലീസിന്റെ സൂചനയുണ്ട്. രാഷ്ട്രപതിയുടെ വ്യാജ ഉത്തരവുമായി ചെയർമാനെ പറ്റിക്കാൻ ഒരാൾ പട്ടാപ്പകൽ കടന്നുവന്ന ഓഫിസാണ് പട്ടത്തുള്ളതെന്നുമാണ് ചെയർമാൻ ചൂണ്ടിക്കാട്ടുന്നത്.

ബോർഡിന്റെ ആഭ്യന്തര ഉൽപന്നങ്ങളായ സോഫ്റ്റ്‌വെയറുകളിൽ 20നും വേണ്ടത്ര സുരക്ഷാ മാനദണ്ഡം ഇല്ല. കോഡ് പൊളിച്ച് ദുരുപയോഗം ചെയ്യാം എന്ന സംശയം ഉണ്ട്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ നിർദ്ദേശ പ്രകാരമാണ് ബോർഡിലെ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കു വ്യവസായ സുരക്ഷാ സേനയെ നിയോഗിച്ചത്. തൊഴിലാളി സംഘടനകളെയും ഓഫിസർ സംഘടനകളെയും ഇക്കാര്യം വിഡിയോ കോൺഫറൻസ് വഴി അറിയിച്ചു. ആസ്ഥാന ഓഫിസിന്റെ കാര്യത്തിൽ രണ്ടു കൂട്ടർ പ്രകടമായ വിയോജിപ്പ് പ്രകടിപ്പിച്ചാണ് പിരിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

100 കോടിക്ക് ബോർഡ് സ്വകാര്യ സ്ഥാപനത്തിൽ പുരപ്പുറ സോളർ സ്ഥാപിച്ചിരുന്നു. 25 വർഷത്തേക്ക് 10% സ്വകാര്യ സ്ഥാപനത്തിന് വൈദ്യുതി
ചാർജിൽ ഇളവും നൽകി. സർക്കാർ സ്ഥാപനത്തിനാണെങ്കിൽ ഇതു മനസ്സിലാക്കാം ഹൈടെൻഷൻകാർ ഇതുവഴി 10% വൈദ്യുതി ചാർജ് കൂടി കുറച്ചപ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ മുതലും പലിശയും നഷ്ടം. 33,000 ജീവനക്കാരിൽ 6000 പേർ റഗുലേറ്ററി കമ്മിഷന്റെ അംഗീകാരം നേടിയിട്ടില്ല. ഫുൾ ബോർഡോ മാനേജിങ് ഡയറക്ടറോ അറിയാതെ പ്രതിവർഷം 12 കോടി രൂപ ആവർത്തനച്ചെലവിൽ 90 ഉദ്യോഗസ്ഥരെ വാട്‌സാപ് സന്ദേശം നൽകി നിയമിച്ചെന്നും ബി അശോക് ആരോപിക്കുന്നു.

വേതന പരിഷ്‌കാരം സർക്കാരിന്റെ മുൻകൂർ അനുമതിയോടെ വേണം എന്ന നിബന്ധന മറികടന്ന് കമ്പനി ഫുൾ ബോർഡ് അംഗീകാരം പോലും ഇല്ലാതെ 1200 കോടി ബാധ്യത ഏറ്റെടുത്തുവെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബോർഡിന്റെ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ അർഹതയില്ലാത്ത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വർഷങ്ങളോളം ലോഗ്ബുക്കിൽ രേഖപ്പെടുത്തി ആയിരക്കണക്കിനു കിലോമീറ്റർ യാത്ര ചെയ്തു വീട്ടിൽ പോയിരുന്നുവെന്ും അദ്ദേഹം ചൂണ്ടിക്കാട്ടി.

അനിശ്ചിത കാല സമരം തുടരുന്ന വൈദ്യുതി ബോർഡിലെ സംഘടനകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ചർച്ച നടത്താൻ തീരുമാനിച്ചത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരിം എംപിയുടെ അഭ്യർത്ഥനയെ തുടർന്ന്. നാളെ 2 ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണു ചർച്ച. ബോർഡ് ചെയർമാന്റെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് ഇടത് യൂണിയൻ നേതാക്കൾ ആരോപിച്ചു. രാഷ്ട്രീയ താൽപര്യമുണ്ടെങ്കിൽ അദ്ദേഹം രാജിവയ്ക്കണമെന്നാണ് അവരുടെ ആവശ്യം. വൈദ്യുതി ഭവനു മുന്നിൽ നടക്കുന്ന രണ്ടാം ദിവസത്തെ സത്യഗ്രഹത്തിൽ എളമരം കരീമിനു പുറമെ മുൻ മന്ത്രി കെ.പി. രാജേന്ദ്രനും പങ്കെടുത്തു.