തിരുവനന്തപുരം: രാജ്യത്ത് കൽക്കരി പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ നേരിടാൻ നടപടിയുമായി കെഎസ്ഇബി. തദ്ദേശീയമായി വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കാനുള്ള നടപടികളുമായാണ് വൈദ്യുതി ബോർഡ് മുന്നോട്ടു പോകുന്നത്. ക്രീറ്റ് എനർജി സൊല്യൂഷൻസ് എന്ന വിപണന സ്ഥാപനത്തിൽ നിന്നു ബാങ്കിങ് സ്വാപ് ടെൻഡർ വഴി 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കും. കോഴിക്കോട് ഡീസൽ നിലയം പ്രവർത്തിപ്പിച്ച് 90 മെഗാവാട്ട് വരെ ഉൽപാദിപ്പിക്കുന്നുണ്ട്.

കായംകുളം നിലയത്തിലേക്ക് മധ്യപ്രദേശിലെ ബിനായിൽ നിന്നു നാഫ്ത എത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനും പദ്ധതിയുണ്ട്. വൈദ്യുതിക്ഷാമം രൂക്ഷമാകുന്നതിനു മുൻപ് 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കാൻ ബോർഡ് ശ്രമം നടത്തിയിരുന്നു. 25 വർഷത്തേക്കു യൂണിറ്റിനു 4.15 രൂപയ്ക്കു 115 മെഗാവാട്ടും 4.29 രൂപയ്ക്കു 350 മെഗാവാട്ടും വാങ്ങാനുള്ള കരാറാണ് അമിത വിലയും ക്രമക്കേടും ആരോപിച്ചു റദ്ദാക്കാൻ ശ്രമിച്ചത്.

കൽക്കരിക്ഷാമം മൂലം കേരളത്തിൽ ഇപ്പോൾ 78 മെഗാവാട്ടിന്റെ കുറവേയുള്ളൂവെങ്കിലും ഉപയോഗം വർധിക്കുന്നതാണ് കമ്മി കൂടാൻ കാരണം. ഇതു നേരിടാൻ മുൻകരുതൽ വേണമെന്ന് കഴിഞ്ഞ നവംബറിൽ സിസ്റ്റം ഓപ്പറേഷൻ ചീഫ് എൻജിനീയർ മുന്നറിയിപ്പു നൽകിയിരുന്നു. പീക്ക് സമയത്തെ പ്രതിസന്ധി നേരിടാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വഴി 100 മെഗാവാട്ട് വരെ ശേഖരിച്ചു വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ നടപടി ഉടൻ പൂർത്തിയാക്കുമെന്നു വൈദ്യുതി ബോർഡ് അറിയിച്ചു.

ശബരിഗിരി നിലയത്തിലെ തകരാർ പരിഹരിക്കാത്തതു മൂലം 120 മെഗാവാട്ടിന്റെ കുറവുണ്ട്. ജലവൈദ്യുതി പരമാവധി ഉൽപാദിപ്പിച്ചാലും ആകെ ആവശ്യത്തിന്റെ 30% മാത്രമേ ആകൂ. ഡാമുകളിലാണെങ്കിൽ 36% വെള്ളമേയുള്ളൂ. വൈദ്യുതി ഉപയോഗം വ്യാഴാഴ്ച 9.29 കോടി യൂണിറ്റിലെത്തി റെക്കോർഡ് ഇട്ടിരുന്നു. വെള്ളിയാഴ്ച ഉപയോഗം 9.09 കോടിയായി കുറഞ്ഞു. ജല വൈദ്യുതിയുടെ ഉൽപാദനം 3.05 കോടി യൂണിറ്റായിരുന്നു.

രണ്ടു വർഷം മുൻപു തുടങ്ങിയ പുരപ്പുറ സോളർ പദ്ധതിക്കുള്ള പാനലും മീറ്ററും ഉൾപ്പെട്ട സോളർ മോഡ്യൂളിനു രണ്ടാഴ്ച മുൻപുവരെ കടുത്ത ക്ഷാമം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ 2,000 മീറ്ററുകൾ കെഎസ്ഇബിയുടെ പക്കലുണ്ടെന്നാണു വിശദീകരണം. ബുധനാഴ്ചയോടെ 10,000 മീറ്ററുകൾ കൂടി എത്തും. പ്ലാന്റ് സ്ഥാപിക്കാൻ കെഎസ്ഇബിയുടെ ഇകിരൺ പോർട്ടൽ വഴി 70,000 പേർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേരളം ആശ്രയിക്കുന്ന 27 കൽക്കരി നിലയങ്ങളിൽ മൂന്നെണ്ണം (എൻടിപിഎൽ, ജബുവ പവർ ലിമിറ്റഡ്, മെജിയ) ഇറക്കുമതി ചെയ്ത കൽക്കരിയാണ് ഉപയോഗിക്കുന്നത്. ഇവിടത്തെ കൽക്കരി ക്ഷാമം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ശരാശരി പീക് ആവശ്യകതയിൽ 78 മെഗാവാട്ട് മാത്രമാണ് ഈ നിലയങ്ങൾ നൽകുന്നത് എന്നതിനാൽ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കെഎസ്ഇബിക്കുള്ള ലഭ്യതക്കുറവ് പരിമിതമായിരിക്കും. ഈ വർഷം ഒക്ടോബർ വരെ കൽക്കരി ക്ഷാമം തുടരാൻ സാധ്യതയുണ്ടെന്നാണ് എൻടിപിസി അധികൃതർ നൽകുന്ന സൂചന.

മെയ്‌ മൂന്നിന്, 400 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്നാണു വിലയിരുത്തൽ. ഊർജപ്രതിസന്ധി മറികടക്കാൻ മെയ്‌ 31 വരെ യൂണിറ്റിന് പരമാവധി 20 രൂപ വരെ നിരക്കിൽ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാനും കെഎസ്ഇബി ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വൈദ്യുതി നിയന്ത്രണങ്ങളിൽ കുറവുവരുത്തും. കെഡിഡിപി നല്ലളം നിലയത്തിൽ ഒരാഴ്ചത്തേക്ക് ആവശ്യമായ ഇന്ധനം എത്തിച്ച് ഇന്നുതന്നെ പ്രവർത്തനം ആരംഭിക്കും. 90 മെഗാവാട്ട് വൈദ്യുതി ഇവിടെനിന്നു ലഭിക്കും.

കായംകുളം താപവൈദ്യുതി നിലയത്തിന്റെ ഫ്യുവർ ഫീഡർ ലോഡ് എൻടിപിസിയുടെ കരാറിനു വിധേയമായി ഒഴിവാക്കിയെടുക്കും. പീക് സമയങ്ങളിൽ എച്ച്ടി/ഇഎച്ച്ടി ഉപഭോക്താക്കൾ 20-30 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതായാണു കണക്കുകൾ. അതിനാൽ എച്ച്ടി/ഇഎച്ച്ടി വൈദ്യുതി ലഭ്യത വർധിപ്പിക്കാൻ കെഎസ്ഇബിയുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകും.

തോട്ടിയാർ ജലവൈദ്യുത പദ്ധതിയുടെ (70 മെഗാവാട്ട്) നാല് വർഷമായി പ്രതീക്ഷിച്ചിരുന്ന പാരിസ്ഥിതിക അനുമതി (സ്റ്റേജ് 1) ലഭ്യമായി. മൂന്ന് മാസത്തിനുള്ളിൽതന്നെ ആദ്യ ജനറേറ്റർ (40 മെഗാവാട്ട്) പ്രവർത്തനസജ്ജമാകും.