തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ തൊഴിലാളി സംഘടനകളുടെ അംഗീകാരത്തിനായുള്ള ഹിതപരിശോധയിൽ കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു)ന് നേട്ടം. 53 ശതമാനത്തിലധികം വോട്ടു നേടിയാണ് സിഐടിയു മുന്നേറ്റം. മത്സരിച്ച മറ്റ് ആറ് യൂണിയനുകൾക്കും അംഗീകാരം കിട്ടാനാവശ്യമായ 15 ശതമാനം വോട്ട് നേടാനായില്ല.

2015ലെ ഹിതപരിശോധനയിൽ അംഗീകാരം നേടിയ കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു), കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി), യുഡിഎഫ് സംഘടനകളുടെ മുന്നണിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ എന്നിവയാണു മത്സരരംഗത്തുണ്ടായിരുന്ന പ്രധാന സംഘടനകൾ.

ഇവയ്ക്കു പുറമേ കേരള വൈദ്യുതി മസ്ദൂർ സംഘ്, കെഎസ്ഇബി വർക്കേഴ്‌സ് യൂണിയൻ, ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി), കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് എംപ്ലോയീസ് സ്റ്റാഫ് ഓർഗനൈസേഷൻ (കീസോ) എന്നിവയാണു മത്സരിച്ച മറ്റു സംഘടനകൾ.

53 ശതമാനത്തിൽ അധികം വോട്ട് സിഐടിയു നേടി. ഇതോടെ കെഎസ്ഇബിയിൽ ഇനി അംഗീകാരമുള്ള യൂണിയൻ സിഐടിയു മാത്രമായിരിക്കും. ഐഎൻടിയുസി അടക്കം ഏഴ് യൂണിയനുകൾ മത്സരിച്ചതിൽ സിഐടിയുവിന് മാത്രമാണ് അംഗീകാരം. എഐടിയുസിയുടെ അംഗീകാരം നഷ്ടമായി. ഇതിന് മുമ്പ് 2015 ലാണ് ഹിത പരിശോധന നടന്നത്. സിഐടിയു, യുഡിഎഫ് സംഘടനകളുടെ മുന്നണി, ഏഐടിയുസി യൂണിയനുകളാണ് അന്ന് അംഗീകാരം നേടിയത്.