തിരുവനന്തപുരം: 'കെ എസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ചാലേ മുന്നോട്ടു പോകൂ. കെഎസ്ഇബി എന്ന സ്ട്രക്ചറിന്റെ മൗലിക സ്വഭാവം ബലികഴിക്കില്ല.' അടുത്തിടെ കെഎസ്ഇബി ചെയർമാൻ ബി.അശോക് ഒരു അഭിമുഖത്തിൽ പറഞ്ഞതാണ്. മാറിയ കാലത്തിനൊത്ത് കെഎസ്ഇബിയെ മാറ്റുമ്പോൾ, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതണ്ട്. കരാറുകളിലും മറ്റും ഒളിച്ചുകടത്തുന്ന നൂലാമാലകൾ. അതുവഴി ബോർഡിന് ഉണ്ടാകാവുന്ന നഷ്ടങ്ങൾ ഒഴിവാക്കാനുള്ള പരിശ്രമം. സമരക്കാർ എന്തൊക്കെ കുറ്റം പറഞ്ഞാലും, 1400 കോടിയുടെ പ്രവർത്തനലാഭം 2021-2022 സാമ്പത്തിക വർഷം കെഎസ്ഇബി കൈവരിച്ചുകഴിഞ്ഞു.

ഈ നേട്ടത്തിൽ ചെയർമാന്റെ പങ്കിനെ കുറച്ചുകാട്ടാനാണ് പലപ്പോഴും സഖാക്കൾ ശ്രമിക്കാറുള്ളത്. 2018 മുതൽ പ്രവർത്തന ലാഭത്തിലാണ് വൈദ്യുതി ബോർഡ് എന്നൊക്കെ അവർ പറയും. എന്തായാലും, ഒരാൾ ശുഷ്‌ക്കാന്തിയോടെ കാര്യങ്ങൾ ചെയ്യുമ്പോൾ തടസ്സപ്പെടുത്തുക മര്യാദയല്ല. എന്താണീ ശുഷ്‌കാന്തി എന്നുചോദിച്ചാൽ, കഴിഞ്ഞ ഭരണകാലത്ത് ടാറ്റാ പവറുമായി ഉണ്ടാക്കിയ സോളാർ കരാറിലെ ക്രമക്കേട് ബി.അശോക് കണ്ടുപിടിച്ച് ഡബിൾ ലോക്കിട്ട സംഭവമാണ് അതിൽ ഒന്ന്. കെഎസ്ഇബിയുടെ പോക്കറ്റിൽ നിന്ന് ചോർന്ന് പോകേണ്ടിയിരുന്ന 500 കോടിയാണ് ചെയർമാന്റെ ഇടപെടലിലൂടെ തിരിച്ചുപിടിച്ചത്.

2020 സെപ്റ്റംബറിൽ കെ.എസ്.ഇ.ബി വിളിച്ച സോളാർ പവർ പർച്ചേസ് ടെൻഡറിലാണ് ക്രമക്കേട് നടന്നത്. കേന്ദ്രസർക്കാരിന്റെ റിന്യൂവബിൾ പർച്ചേസ് ഇംപ്‌ളിമെന്റേഷൻ വ്യവസ്ഥയനുസരിച്ച് സംസ്ഥാനത്തെ വൈദ്യുതിവിതരണസ്ഥാപനങ്ങൾ ഒരു നിശ്ചിത ശതമാനം ഹരിത വൈദ്യുതി ഉപയോഗിക്കണം. കേരളത്തിന് അഞ്ച് ശതമാനമാണ്. ഇതില്ലെങ്കിൽ യൂണിറ്റിന് ഒരു രൂപ വീതം പിഴയായി അടയ്‌ക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് സെപ്റ്റംബറിൽ 200 മെഗാവാട്ട് സോളാർ വൈദ്യുതിക്ക് ടെൻഡർ ക്ഷണിച്ചത്.

റിവേഴ്‌സ് ലേലത്തിന്റെ മാതൃകയിൽ യൂണിറ്റിന് മൂന്നു രൂപ നിരക്കിൽ വിളിച്ച ടെൻഡറിൽ എൻ.ടി.പി.സിയും ടാറ്റാപവറിന്റെ അനുബന്ധ സ്ഥാപനമായ ടി.പി സൗരയുമാണ് വന്നത്. ഇവർ നൽകിയത് യൂണിറ്റിന് 2.97 രൂപ നിരക്കാണ്. ഇത് അപ്പാടെ കെ.എസ്.ഇ.ബി അംഗീകരിച്ച് കരാറിൽ ഒപ്പുവച്ചു. എൻ.ടി.പി.സിയിൽ നിന്ന് 90 മെഗാവാട്ടും, ടാറ്റായിൽ നിന്ന് 110 മെഗാവാട്ടും വാങ്ങാനായിരുന്നു കരാർ. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും ഒരു തർക്കവുമുന്നയിക്കാതെ 2021 ജൂണിൽ ഈ കൊള്ളയ്ക്ക് അംഗീകാരം നൽകി. അതിനിടയിലാണ് വൈദ്യുതി മന്ത്രിയായി കെ. കൃഷ്ണൻകുട്ടിയും കെ.എസ്.ഇ.ബി ചെയർമാനായി ബി. അശോകും എത്തിയത്. റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച കരാറും നിരക്കും വീണ്ടും പരിശോധിക്കുന്ന പതിവില്ലെങ്കിലും ഇടപാടിൽ സംശയം തോന്നിയ പുതിയ മാനേജ്‌മെന്റ് കരാർ വിശദമായി പരിശോധിച്ചു. കെ.എസ്.ഇ.ബിക്ക് വൻനഷ്ടമുണ്ടാക്കുന്ന ഇടപാടാണെന്ന് കണ്ടെത്തി.

2020 ൽ രാജ്യത്തെ സോളാർ എനർജി നിരക്ക് 2.36 രൂപയായിരുന്നു. 2021ൽ പോലും നിരക്ക് 2.43 നും 2.59 രൂപയ്ക്കും ഇടയിലാണ്. എന്നിട്ടും കേരളത്തിലെ വിദഗ്ദ്ധർ 2.97 രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്. കരാർ നടപ്പാക്കിയാൽ പ്രതിമാസം 1.67കോടിരൂപ കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടാകും. 25 വർഷമാണ് കരാർ കാലാവധി. ആ നിലയിൽ കണക്കാക്കുമ്പോൾ 492 കോടിരൂപയുടെ അധികബാദ്ധ്യതയാണ് വൈദ്യുതി ബോർഡിനുണ്ടാവുക. ഇതും നിരക്ക് വർദ്ധനയായി ഉപഭോക്താക്കളുടെ തലയിൽ വച്ചുകെട്ടേണ്ടിവരും.

സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയ ചെയർമാൻ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും അനുമതിയോടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചു. പർച്ചേസ് വിഭാഗത്തിൽ നിന്ന് എതിർപ്പുണ്ടായെങ്കിലും വഴങ്ങിയില്ല. കരാർ റദ്ദാക്കുമെന്ന് ഉറപ്പായതോടെ ടാറ്റായും എൻ.ടി.പി.സിയും ഒത്തുതീർപ്പിനെത്തി. ഒടുവിൽ 2.44 രൂപ നിരക്ക് നിശ്ചയിച്ച് ഡിസംബറിൽ കരാർ ഒപ്പുവച്ചു. പുതിയ നിരക്കിന് റെഗുലേറ്ററി കമ്മിഷന്റെ അനുമതിക്കായി ഈ വർഷം ജനുവരിയിൽ അപേക്ഷ നൽകി. രണ്ടുമാസം മുമ്പ് അതു കിട്ടിയതോടെ വൈദ്യുതി വാങ്ങുന്നതിന് അനുമതിയുമായി. ഇതൊക്കെ ചെയ്താലും ചെയർമാനെ എങ്ങനെ എങ്കിലും മാറ്റണമെന്ന വാശിയിലാണ് യൂണിയനുകൾ.